ന്യൂഡല്‍ഹി: കഴിഞ്ഞ ഏറെക്കാലമായി ഇന്ത്യൻ ഷൂട്ടിങ് സംഘത്തിലെ പ്രധാനിയാണ് മനു ഭാക്കര്‍. പാരിസ് ഒളിമ്പിക്‌സിലേക്ക് എത്തുന്നത് വരെ ചുരുക്കം ചിലര്‍ക്ക് മാത്രമായിരുന്നു 22കാരിയായ താരത്തെ കുറിച്ച് അറിവുണ്ടായിരുന്നത്. എന്നാല്‍, പാരിസിലെ പ്രകടനങ്ങള്‍ കൊണ്ട് തന്‍റെ ജനപ്രീതി പതിന്മടങ്ങ് ഉയര്‍ത്താൻ ഈ ഹരിയാനക്കാരിയ്‌ക്ക് സാധിച്ചു.
പാരിസ് ഒളിമ്പിക്‌സില്‍ രണ്ട് മെഡലുകളാണ് മനു ഭാക്കര്‍ ഇന്ത്യയ്‌ക്കായി നേടിയത്. 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത, മിക്‌സഡ് ടീം ഇനങ്ങളിലായാണ് മനു ഭാക്കര്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം വെടിവച്ചിട്ടത്. ഒളിമ്പിക്‌സിലെ ചരിത്രനേട്ടത്തിന് പിന്നാലെ താരത്തിന്‍റെ ആരാധകരുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് ഉണ്ടായത്.
ഈ സാഹചര്യത്തില്‍ താരത്തെ സമീപിക്കുന്ന വൻകിട ബ്രാൻഡുകളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെറുതും വലുതുമായ 40ഓളം ബ്രാൻഡുകള്‍ ഇതുവരെ താരത്തെ സമീപിച്ചതായാണ് വിവരം. താരത്തിന്‍റെ ഏജൻസി ഇതിനോടകം തന്നെ കോടികള്‍ വിലമതിക്കുന്ന രണ്ട് ഡീലുകള്‍ ഒപ്പിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
പാരിസിലെ മെഡല്‍ നേട്ടത്തിന് മുന്‍പ് ഓരോ കരാറും 20-25 ലക്ഷം രൂപ നിരക്കിലാണ് താരം ഒപ്പിട്ടിരുന്നത്. എന്നാല്‍, നിലവില്‍ ഇതില്‍ 6-7 മടങ്ങിന്‍റെ വര്‍ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
Also Read : സ്വാതന്ത്ര്യത്തിന് ശേഷം ആദ്യം; ഒളിമ്പിക്‌സില്‍ ചരിത്ര നേട്ടത്തിന്‍റെ നെറുകയില്‍ മനു ഭാക്കര്‍