ലണ്ടൻ: നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി (Manchester City) എഫ് എ കപ്പ് (FA Cup) സെമിയില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ (Newcastle United) തോല്‍പ്പിച്ചാണ് സിറ്റിയുടെ മുന്നേറ്റം. എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു സിറ്റിയുടെ ജയം (Manchester City vs Newcastle United FA Cup Quarter Final Result). സിറ്റിക്കായി മത്സരത്തില്‍ രണ്ട് ഗോളും നേടിയത് ബെര്‍ണാഡോ സില്‍വയാണ് (Bernardo Silva).
എത്തിഹാദ് സ്റ്റേഡിയത്തില്‍ ആതിഥേയരായ സിറ്റിയുടെ മുന്നേറ്റങ്ങളോടെയാണ് എഫ്‌എ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടം തുടങ്ങിയത്. മത്സരത്തിന്‍റെ 8-ാം മിനിറ്റില്‍ ഫോഡന് ലഭിച്ച അവസരം ന്യൂകാസില്‍ പ്രതിരോധം കൃത്യമായി തടഞ്ഞു. എന്നാല്‍, 13-ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി ലീഡ് നേടി.
റോഡ്രിയുടെ (Rodri) അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. 31-ാം മിനിറ്റില്‍ സിറ്റി ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇത്തവണ റൂബൻ ഡയസിന്‍റെ (Ruben Diaz) പാസ് സ്വീകരിച്ചായിരുന്നു സില്‍വ ന്യൂകാസില്‍ വലയില്‍ പന്തെത്തിച്ചത്.
പിന്നീട്, മത്സരത്തില്‍ ഗോളുകള്‍ നേടാൻ ഇരു ടീമിനും സാധിച്ചില്ല. ന്യൂകാസിലിനെതിരായ ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി തുടര്‍ച്ചയായ ആറാമത്തെ പ്രാവശ്യം എഫ്‌എ കപ്പ് സെമിയില്‍ ഇടം പിടിക്കുകയും ചെയ്‌തു.