മലപ്പുറം: സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ഇന്ന് മലപ്പുറം എഫ്.സി കണ്ണൂര്‍ വാരിയേഴ്‌സുമായി ഏറ്റുമുട്ടും. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 7.30 ആണ് മത്സരം. മൂന്നു കളിയില്‍ ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി നാല് പോയിന്‍റാണ് മലപ്പുറത്തിനുള്ളത്. ഹോം ഗ്രൗണ്ടില്‍ ആദ്യ വിജയം മോഹിച്ചാണ് മലപ്പുറം ഇന്നിറങ്ങുക. പോയിന്‍റ് പട്ടികയിൽ മൂന്നാംസ്ഥാനത്ത് കണ്ണൂർ വാരിയേഴ്‌സും നാലാംസ്ഥാനത്ത് മലപ്പുറവുമാണ്. റൗണ്ട് മൂന്ന് പൂർത്തിയായപ്പോൾ ഒരു ജയവും രണ്ടു സമനിലയുമാണ് കണ്ണൂരിനുള്ളത്.
രണ്ടാം റൗണ്ട് മത്സരത്തില്‍ കാലിക്കറ്റ് എഫ്.സിയുമായി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മലപ്പുറം പരാജയം ഏറ്റുവാങ്ങിയത്. റൗണ്ട് മൂന്നില്‍ തൃശൂരുമായി സമനില പിടിക്കുകയായിരുന്നു. നായകന്‍ അനസ് എടത്തൊടികയുടെ ടീമില്‍ സ്‌പാനിഷ് താരങ്ങളായ റൂബൻ, ജോസബ എന്നിവർക്കൊപ്പം കഴിഞ്ഞ കളിയിലുണ്ടായിരുന്ന ബുജൈറും ഫസലുവും ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കും.
കണ്ണൂര്‍ ടീം വലിയ മാറ്റങ്ങളില്ലാതെയാകും ഇറങ്ങുക. പയ്യനാട് വച്ച് നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ തൃശൂരിനെ തോല്‍പ്പിച്ചാണ് കണ്ണൂര്‍ മൂന്ന് പോയിന്‍റ് സ്വന്തമാക്കിയത്. മലപ്പുറത്തിന്‍റേയും തൃശൂരിന്‍റെ ഹോം ഗ്രൗണ്ടാണ് മഞ്ചേരി പയ്യനാട്.