ഫ്ലോറിഡ: മേജർ ലീഗ് സോക്കറില്‍ ഗോളടിച്ചും ഗോളടിപ്പിച്ചും ലയണല്‍ മെസി റെക്കോഡ് തീര്‍ത്ത മത്സരത്തില്‍ ന്യൂയോർക്ക് റെഡ് ബുള്‍സിനെ മുക്കി ഇന്‍റര്‍ മയാമി. സ്വന്തം തട്ടകത്തില്‍ വച്ച് നടന്ന മത്സരത്തില്‍ ആറിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മയാമി ജയം പിടിച്ചത്. മയാമിയുടെ ആറ് ഗോളുകളിലും ലയണല്‍ മെസി ടെച്ചുണ്ടായിരുന്നു.
അഞ്ച് അസിസ്റ്റുകളും ഒരു ഗോളുമായാണ് മെസി കളം നിറഞ്ഞത്. മേജര്‍ ലീഗ് സോക്കറിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മത്സരത്തില്‍ ഒരു താരം ഇത്രയേറെ അസിസ്റ്റുകള്‍ നല്‍കുന്നത്. കൂടാതെ ഒരു ഗെയിമില്‍ ആറ് ഗോള്‍ കോണ്‍ട്രിബ്യൂഷനും ഇതാദ്യം. മയാമിക്കായി ലൂയിസ് സുവാരസ് ഹാട്രിക് നേടിയപ്പോള്‍ മാറ്റിയാസ് റോഹാസ് ഇരട്ട ഗോളുകളും നേടി.
മത്സരത്തിന്‍റെ രണ്ടാം പകുതിയിലായിരുന്നു മയാമിയുടെ മുഴുവന്‍ ഗോളുകളും പിറന്നത്. ആദ്യ പകുതിയില്‍ 1-0ന് പിന്നിട്ട് നിന്ന ശേഷമായിരുന്നു മയാമിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. മത്സരത്തിന്‍റെ 30-ാം മിനിട്ടില്‍ ഡാന്‍റെ വാൻസിറിലൂടെ ന്യൂയോർക്ക് ലീഡ് എടുത്തു. തിരിച്ചടിക്കാന്‍ മയാമി ശ്രമം നടത്തിയെങ്കിലും ആദ്യ പകുതിയില്‍ ന്യൂയോര്‍ക്ക് ലീഡ് നിലനിര്‍ത്തി.
മെസി വഴിയൊരുക്കിയപ്പോള്‍ രണ്ടാം പകുതിയുടെ 48-ാം മിനിട്ടില്‍ തന്നെ മാറ്റിയാസ് മയാമിക്ക് സമനില സമ്മാനിച്ചു. രണ്ട് മിനിട്ടുകള്‍ക്കകം മെസിയിലൂടെ സംഘം ലീഡെടുത്തു. പിന്നീട് നിരന്തരം ന്യൂയോര്‍ക്കിന്‍റെ ഗോള്‍മുഖത്തേക്ക് മയാമി ഇരമ്പിയെത്തി. 62-ാം മിനിട്ടില്‍ മെസിയുടെ പാസില്‍ മാറ്റിയാസ് രണ്ടാം ഗോള്‍ നേടിയതോടെ മയാമി 1-3ന് മുന്നിലെത്തി.
തുടര്‍ന്നായിരുന്നു മെസിയുമായുള്ള കൂട്ടുകെട്ടില്‍ സുവാരസിന്‍റെ ഹാട്രിക് വന്നത്. 68, 75, 81 മിനിട്ടുകളായിരുന്നു സുവാരസ് ഗോളടിച്ചത്. മത്സരം അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ശേഷിക്കെ ലഭിച്ച പെനാല്‍റ്റിയില്‍ നിന്നാണ് ന്യൂയോര്‍ക്കിന്‍റെ രണ്ടാം ഗോള്‍. കഴിഞ്ഞ മാര്‍ച്ചില്‍ മെസി ഇല്ലാതെ ഇറങ്ങിയ മയാമിയെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് ന്യൂയോര്‍ക്ക് റെഡ് ബുള്‍സ് തോല്‍പ്പിച്ചിരുന്നു.
ALSO READ: ബാഴ്‌സലോണയെ ജിറോണ തോല്‍പ്പിച്ചു; ലാ ലിഗ കിരീടം റയല്‍ മാഡ്രിഡിന് - La Liga Champions Real Madrid
ഈ തോല്‍വിക്ക് കലക്കന്‍ തിരിച്ചടിയാണ് ഇന്ന് മയാമി നല്‍കിയിരിക്കുന്നത്. വിജയത്തോടെ ഇസ്റ്റേണ്‍ കോണ്‍ഫറന്‍സ് പോയിന്‍റ് ടേബിളില്‍ മയാമി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 12 മത്സരങ്ങളില്‍ ഏഴ് വിജയമടക്കം 24 പോയിന്‍റാണ് ടീമിനുള്ളത്. 11 മത്സരങ്ങളില്‍ നിന്നും 17 പോയിന്‍റുമായി നാലാം സ്ഥാനത്താണ് ന്യൂയോര്‍ക്ക്.