ലഖ്‌നൗ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ എട്ട് വിക്കറ്റിന്‍റെ അനായസ ജയം സ്വന്തമാക്കി ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ്. ലഖ്‌നൗവിന്‍റെ ഹോം ഗ്രൗണ്ടായ ഏകന സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 176 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ നായകൻ കെ എൽ രാഹുലിന്‍റെയും ഓപ്പണർ ക്വിന്‍റൺ ഡി കോക്കിന്‍റെയും അർധസെഞ്ച്വറിയുടെ കരുത്തിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ ഒരു ഓവര്‍ ശേഷിക്കെ സൂപ്പർ ജയന്‍റ്‌സ് ജയത്തിലേക്ക് എത്തുകയായിരുന്നു.
177 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്‌നൗവിന് രാഹുലും ഡി കോക്കും ചേർന്ന് മികച്ച തുടക്കം സമ്മാനിച്ചു. 134 റൺസ് ആയിരുന്നു ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് അടിച്ചെടുത്തത്. പതിവ് ശൈലിയിൽ നിന്നും മാറി ഡി കോക്ക് നിലയുറപ്പിച്ച് കളിച്ചപ്പോൾ മറുവശത്ത് തകർത്തടിച്ചത് രാഹുലായിരുന്നു.
പവർ പ്ലേയിൽ 54 റൺസാണ് സഖ്യം കൂട്ടിച്ചേർത്തത്. മത്സരത്തിന്‍റെ 11-ാം ഓവറിൽ തന്നെ ഇരുവർക്കും ടീം സ്കോർ 100 കടത്താനായി. നേരിട്ട 31-ാം പന്തിലായിരുന്നു രാഹുൽ അർധ സെഞ്ച്വറിയിലേക്ക് എത്തിയത്. 50ലേക്ക് എത്താൻ ഡി കോക്കിന് 41 പന്തുകൾ വേണ്ടി വന്നു.
15-ാം ഓവറിലാണ് ഡി കോക്ക് പുറത്താകുന്നത്. 43 പന്തിൽ 54 റൺസ് നേടിയ താരത്തിന്‍റെ വിക്കറ്റ് മുസ്‌തഫിസുർ റഹ്മാൻ ആണ് സ്വന്തമാക്കിയത്. മൂന്നാം നമ്പറിൽ എത്തിയ നിക്കളാസ് പുരാൻ അതിവേഗം റൺസ് ഉയർത്തി.
18-ാം ഓവറിലെ ആദ്യ പന്തിൽ മതീഷ പതിരണയുടെ പന്തിൽ ജഡേജയുടെ തകർപ്പൻ ക്യാച്ചിലൂടെ രാഹുൽ മടങ്ങിയെങ്കിലും ലഖ്‌നൗ അപ്പോഴേക്കും ജയം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. 53 പന്തിൽ 82 റൺസാണ് രാഹുൽ അടിച്ചെടുത്തത്. പിന്നാലെ ക്രീസിൽ ഒന്നിച്ച പുരാൻ സ്റ്റോയിനിസ് സഖ്യം ലഖ്‌നൗവിനെ സീസണിലെ നാലാമത്തെ ജയത്തിലേക്ക് എത്തിച്ചു.
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ സൂപ്പര്‍ കിങ്‌സ് രവീന്ദ്ര ജഡേജയുടെ അര്‍ധസെഞ്ച്വറിയുടെയും എംഎസ് ധോണിയുടെ ഫിനിഷിങ്ങിന്‍റെയും കരുത്തിലാണ് 176 റണ്‍സ് നേടിയത്. 40 പന്തില്‍ 57 റണ്‍സ് നേടിയ ജഡേജ പുറത്താകാതെ നിന്നു. 9 പന്തില്‍ 28 റണ്‍സാണ് ധോണി അടിച്ചത്. ലഖ്‌നൗവിനായി കൃണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റ് സ്വന്തമാക്കിയിരുന്നു.