മുംബൈ: 2025ലെ ഐപിഎല്ലിന് മുന്‍പായി മെഗ താരലേലം നടക്കുന്നുണ്ട്. താരലേലത്തിന് മുൻപായി ഏതൊക്കെ താരങ്ങളെയാകും ടീമുകള്‍ റിലീസ് ചെയ്യുക എന്നതിലും നിലനിര്‍ത്തുക എന്ന കാര്യത്തിലും അന്തിമ തീരുമാനങ്ങളൊന്നുമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഫ്രാഞ്ചൈസികള്‍ക്കുള്ളില്‍ തകൃതിയായി തന്നെ പുരോഗമിക്കുന്നുണ്ട്.
അതിനിടെ പുതിയ സീസണിന് മുൻപായി രോഹിത് ശര്‍മ മുംബൈ ഇന്ത്യൻസ് വിടുമെന്നും താരത്തിനായി പണം വാരിയെറിയാൻ ടീമുകള്‍ തയ്യാറാണെന്നുമുള്ള റിപ്പോര്‍ട്ടുകളും വ്യാപകമായി തന്നെ പ്രചരിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടുകളില്‍ ഒന്നായിരുന്നു രോഹിത്തിനായി സ്വപ്‌ന തുല്യമായ ഒരു തുക മുടക്കാൻ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഒരുക്കമാണെന്നുള്ളത്. രോഹിത് ശര്‍മയെ കൂടാരത്തിലെത്തിക്കാൻ ലഖ്‌നൗ 50 കോടിവരെ മുടക്കാൻ തയ്യാറാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, ഇക്കാര്യത്തില്‍ ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ടീം ഉടമ സഞ്ജീവ് ഗോയങ്ക. ഇത്തരം റിപ്പോര്‍ട്ടുകളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗോയങ്കയുടെ പ്രതികരണം. അഭിമുഖത്തില്‍ അഭ്യൂഹങ്ങളെ കുറിച്ച് ലഖ്‌നൗ ടീം ഉടമ പ്രതികരിച്ചതിങ്ങനെ.
'രോഹിത് ശര്‍മ ലേലത്തിനുണ്ടാകുമോ ഇല്ലയോ എന്ന കാര്യം ആര്‍ക്കെങ്കിലും അറിയാമോ? യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ഇത്തരം ഊഹാപോഹങ്ങളെല്ലാം പ്രചരിക്കുന്നത്. ഇനി രോഹിത്തിനെ മുംബൈ റിലീസ് ചെയ്‌തു എന്നുതന്നെ വരട്ടെ, അങ്ങനെ ലേലത്തില്‍ വരുന്ന ഒരു താരത്തിനായി ആകെ തുകയുടെ 50 ശതമാനവും ചെലവഴിക്കാൻ ഏതെങ്കിലും ടീം തയ്യാറാകുമോ? അങ്ങനെ ചെയ്യുകയാണെങ്കില്‍ തന്നെ ബാക്കിയുള്ള 22 താരങ്ങളെ എങ്ങനെയാകും സ്വന്തമാക്കുക'- ഗോയങ്ക പറഞ്ഞു.
ഇന്ത്യയുടെ ടി20 ടീമിന്‍റെയും മുംബൈ ഇന്ത്യൻസിന്‍റെയും മുൻ നായകനായ രോഹിത് ശര്‍മ തങ്ങളുടെ വിഷ് ലിസ്റ്റില്‍ ഉണ്ടോയെന്നുള്ള അവതാരകന്‍റെ ചോദ്യത്തിനും ഗോയങ്ക മറുപടി പറഞ്ഞു. 'എല്ലാ ടീമുകള്‍ക്കും അവരുടേതായ ഒരു വിഷ് ലിസ്റ്റ് ഉണ്ടായിരിക്കുമല്ലോ. ഏറ്റവും മികച്ച കളിക്കാരനെയും ക്യാപ്‌റ്റനെയും സ്വന്തമാക്കാനാകും എല്ലാവരുടെയും ശ്രമം. നമ്മള്‍ക്ക് ആഗ്രഹമുണ്ടോ എന്നതില്ല കാര്യം, ആ താരത്തെ സ്വന്തമാക്കാൻ കഴിയുമോ എന്നതിലാണ്. ആരെ വേണമെങ്കിലും എനിക്ക് ആഗ്രഹിക്കാം. അതുപോലെയാകുമല്ലോ മറ്റ് ടീമുകളും'- സഞ്ജീവ് ഗോയങ്ക അഭിപ്രായപ്പെട്ടു.
Also Read : ഐപിഎൽ 2025: പുതിയ റോളില്‍ സഹീര്‍ ഖാന്‍ ലഖ്‌നൗ സൂപ്പർ ജയന്‍റ്സില്‍