ഫ്ലോറിഡ : ഇന്‍റര്‍ മയാമിയുടെ (Inter Miami) വേള്‍ഡ് ടൂറിന്‍റെ ഭാഗമായുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഹോങ്കോങ്ങ് ഇലവനെതിരെ (Hong Kong XI) കളിക്കാതിരുന്ന ലയണല്‍ മെസി (Lionel Messi) ടോക്കിയോയില്‍ വിസ്സെല്‍ കോബെയ്‌ക്കെതിരെ (Vissel Kobe) ഇറങ്ങിയത് വലിയ കോലാഹലങ്ങളാണ് ഫുട്‌ബോള്‍ ലോകത്ത് സൃഷ്‌ടിച്ചത്. ഇക്കാര്യത്തില്‍ ആരാധക പ്രതിഷേധം ശക്തമായതോടെ മാര്‍ച്ചില്‍ നൈജീരിയക്കെതിരെ ചൈനയില്‍ വച്ച് നടത്താനിരുന്ന അര്‍ജന്‍റീനയുടെ സൗഹൃദ മത്സരം ഉപേക്ഷിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെ ഇപ്പോള്‍ ഈ വിഷയത്തില്‍ ആദ്യമായി പ്രതികരണം നടത്തിയിരിക്കുകയാണ് അര്‍ജന്‍റൈൻ നായകൻ ലയണല്‍ മെസി.
റിയാദ് സീസണ്‍ കപ്പില്‍ അല്‍ ഹിലാല്‍, അല്‍ നസ്‌ര്‍ ടീമുകള്‍ക്കെതിരായ മത്സരങ്ങള്‍ക്ക് ശേഷമായിരുന്നു ലയണല്‍ മെസിയും സംഘവും ഹോങ്കോങ്ങ് ഇലവനെതിരായ മത്സരത്തിനായി ചൈനയിലേക്ക് എത്തിയത്. കഴിഞ്ഞ ഫെബ്രുവരി നാലിനായിരുന്നു ഹോങ്കോങ്ങ് ഇലവൻ ഇന്‍റര്‍ മയാമി മത്സരം. ഈ മത്സരത്തില്‍ നിന്നും മെസി വിട്ടുനിന്നതോടെ ടിക്കറ്റിനായി നല്‍കിയ തുക തിരികെ നല്‍കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, പ്രശ്‌നം പരിഹരിക്കുന്നതിനായി ടിക്കറ്റ് തുകയുടെ പകുതി തിരികെ നല്‍കാമെന്ന വാഗ്‌ദാനമായിരുന്നു അധികൃതര്‍ നല്‍കിയത്. ഇതിന് പിന്നാലെ ടോക്യോയിലേക്ക് എത്തിയ ഇന്‍റര്‍ മയാമിക്കായി വിസ്സെല്‍ കോബെയ്‌ക്കെതിരായ മത്സരത്തില്‍ മെസി 30 മിനിറ്റ് കളിച്ചു. ഇതിന് പിന്നാലെയായിരുന്നു ചൈനയില്‍ നടത്താൻ നിശ്ചയിച്ച അര്‍ജന്‍റീന നൈജീരിയ സൗഹൃദ മത്സരം റദ്ദാക്കുന്നതായി ഹാങ്‌സൗ സ്പോര്‍ട്‌സ് ബ്യൂറോ അറിയിച്ചത്.
'ഹോങ്കോങ്ങ് ഇലവനെതിരായ ഇന്‍റര്‍ മയാമിയുടെ മത്സരത്തിന് ശേഷം ഒരുപാട് കാര്യങ്ങളാണ് ഞാൻ വായിക്കുകയും കേള്‍ക്കുകയും ചെയ്‌തത്. അതുകൊണ്ടാണ് എനിക്ക് ഇപ്പോള്‍ ഇങ്ങനെയൊരു പ്രതികരണം നടത്തേണ്ടിവരുന്നത്. രാഷ്‌ട്രീയമായ കാരണങ്ങള്‍ കൊണ്ടാണ് ഞാൻ അവിടെ കളിക്കാതിരുന്നതെന്ന് പലരും പറയുന്നത് ശ്രദ്ധയില്‍പ്പെട്ടു.
അങ്ങനെയാണെങ്കില്‍, ഞാൻ ചൈനയോ ജപ്പാനോ സന്ദര്‍ശിക്കില്ലായിരുന്നു. കരിയറിന്‍റെ ആദ്യഘട്ടം മുതല്‍ ചൈനയുമായി എനിക്ക് അടുത്ത ബന്ധമാണ് ഉള്ളത്. നേരത്തെ, വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് പോലെ എനിക്ക് ചെറുതായി ഒരു പേശിവലിവ് അനുഭവപ്പെട്ടിരുന്നു. ആ കാരണം കൊണ്ട് സൗദി അറേബ്യയിലെ ആദ്യ മത്സരത്തില്‍ പങ്കാളിയാകാനും എനിക്ക് കഴിഞ്ഞിരുന്നില്ല.
രണ്ടാമത്തെ മത്സരത്തില്‍ കുറച്ച് നേരം കളിച്ചപ്പോള്‍ തന്നെ പരിക്ക് മോശമാകുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഹോങ്കോങ്ങില്‍ മത്സരത്തിന്‍റെ തലേദിവസം ഞാൻ പരിശീലനത്തിനും ഇറങ്ങിയിരുന്നു. അന്ന് പരിശീലന സെഷൻ കാണാൻ എത്തിയവരെല്ലാം എന്‍റെ അവസ്ഥ കണ്ടിരിക്കാം. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ആ പ്രശ്‌നം കുറച്ചെങ്കിലും മെച്ചപ്പെട്ടുവെന്ന് എനിക്ക് തോന്നി.
അതുകൊണ്ടാണ് ഞാൻ ജപ്പാനില്‍ കളിക്കാനിറങ്ങിയത്. അവിടെയും അധികനേരമൊന്നും എനിക്ക് കളിക്കാൻ സാധിച്ചിരുന്നില്ല'- ചൈനീസ് മൈക്രോ ബ്ലോഗിങ് സൈറ്റായ വെയ്ബോയില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയില്‍ മെസി പറഞ്ഞു.