രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ (India vs England) നിന്നും മധ്യനിര ബാറ്റര്‍ കെഎല്‍ രാഹുല്‍ (KL Rahul) പുറത്തായിരുന്നു. പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനാവാന്‍ കഴിയാതെ വന്നതോടെയാണ് രാജ്‌കോട്ടില്‍ നടക്കുന്ന മത്സരത്തില്‍ താരത്തിന് അനുവദിക്കാന്‍ സെലക്‌ടര്‍മാര്‍ തീരുമാനിച്ചത്. രാഹുലിനെപ്പോലെ ഹൈദരാബാദ് ടെസ്റ്റിനിടെ പരിക്കേറ്റ താരമാണ് ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ (Ravindra Jadeja).
ഇംഗ്ലണ്ടിനെതിരെ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീം പ്രഖ്യാപന വേളയില്‍ ഫിറ്റ്‌നസിന് വിധേയമായി ആയിരിക്കും രാഹുലും ജഡേജയും കളിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയെന്ന് സെലക്‌ടര്‍മാര്‍ അറിയിച്ചിരുന്നു. രാജ്‌കോട്ട് ടെസ്റ്റില്‍ നിന്നും രാഹുല്‍ പുറത്തായത് വാര്‍ത്ത കുറിപ്പില്‍ അറിയിച്ച ബിസിസിഐ എന്നാല്‍ ജഡേജയുടെ കാര്യത്തില്‍ മിണ്ടിയിട്ടില്ല.
ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായി രാഹുല്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തുടരുമ്പോള്‍ ജഡേജ രാജ്കോട്ടില്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്നാണ് നിലവിലെ വിവരം. എന്നാല്‍ താരം കളിക്കുമോയെന്നത് സംബന്ധിച്ച് ഇതേവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇപ്പോഴിതാ ആരാധകര്‍ക്കായി ഒരു സന്തോഷ വര്‍ത്തമാനം പങ്കുവച്ചിരിക്കുകയാണ് ചൈനമെന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവ് (Kuldeep Yadav).
രാജ്‌കോട്ടില്‍ കളിക്കാന്‍ രവീന്ദ്ര ജഡേജ തയ്യാറാണെന്നാണ് കുല്‍ദീപ് പ്രതികരിച്ചിരിക്കുന്നത്. ജഡേജ പരിശീലനം ആരംഭിച്ചതായും കുല്‍ദീപ് പറഞ്ഞു. രാജ്കോട്ട് ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഇതു സംബന്ധിച്ച കുല്‍ദീപിന്‍റെ വാക്കുകള്‍ ഇങ്ങിനെ....
"അവന്‍ കളിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. തന്‍റെ പതിവ് പ്രവര്‍ത്തനങ്ങളിലേക്ക് തിരികെ എത്തിയ രവീന്ദ്ര ജഡേജ ഇന്നലെ പരിശീലനത്തിനും ഇറങ്ങിയിരുന്നു. അവന്‍ തയ്യാറാണ്"- കുല്‍ദീപ് പറഞ്ഞു.
അതേസമയം രാഹുലിന്‍റെ പകരക്കാരനായി കര്‍ണാടക ബാറ്റര്‍ ദേവ്‌ദത്ത് പടിക്കലിനെയാണ് സെലക്‌ടര്‍മാര്‍ ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് ചേര്‍ത്തിരിക്കുന്നത്. നിലവില്‍ മികച്ച ഫോമിലുള്ള മലയാളി താരം രഞ്‌ജയില്‍ കര്‍ണാടകയ്‌ക്കായും ഇന്ത്യ എയ്‌ക്ക് ആയും തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. രഞ്‌ജി ട്രോഫിയില്‍ കളിച്ച അവസാന മത്സരത്തില്‍ തമിഴ്‌നാടിനെതിരെ 151 റൺസ് നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു.
സീസണിലെ ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ 193 റണ്‍സായിരുന്നു ദേവ്‌ദത്ത് അടിച്ചത്. ഗോവയ്‌ക്ക് എതിരെയും 103 റണ്‍സ് നേടിക്കൊണ്ട് താരം തിളങ്ങി. ഇന്ത്യ എയ്‌ക്കായി ഇംഗ്ലണ്ട് ലയണ്‍സിനെതിരെ കളിച്ച മൂന്ന് ഇന്നിങ്‌സുകളില്‍ 105, 65, 21 എന്നിങ്ങനെയായിരുന്നു ദേവ്‌ദത്ത് അടിച്ച് കൂട്ടിയത്. ഫെബ്രുവരി 15-ാണ് ഇന്ത്യ-ഇംഗ്ലണ്ട് രാജ്‌കോട്ട് ടെസ്റ്റ് നടക്കുക.
ഇന്ത്യ ടെസ്റ്റ് സ്ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍) യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, ദേവ്‌ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), രജത് പടിദാര്‍, സര്‍ഫറാസ് ഖാന്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്. (India Squad For Last 3 Test Against England).