കൊല്‍ക്കത്ത : ഗൗരവക്കാരനാണെന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്‍റര്‍ ഗൗതം ഗംഭീറിനെ ആളുകള്‍ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. കളിക്കളത്തിന് അകത്തായാലും പുറത്തായാലും ചിരിക്കുന്ന മുഖവുമായി നില്‍ക്കുന്ന ഗംഭീറിന്‍റെ കാഴ്‌ച വളരെ വിരളമാണ്. ഇതിന്‍റെ പേരില്‍ പലപ്പോഴും താരത്തിന് വിമര്‍ശനങ്ങള്‍ എല്‍ക്കേണ്ടിയും വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇതിന്‍റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
യൂട്യൂബില്‍ രവിചന്ദ്രൻ അശ്വിനുമായുള്ള സംഭാഷണത്തിലാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഈ വിഷയത്തില്‍ സംസാരിച്ചത്. താൻ ഒരു ബോളിവുഡ് നടനല്ലെന്നും അതിനാൽ തന്‍റെ ജോലി മത്സരം വിജയിക്കുകയും ഡ്രസ്സിംഗ് റൂമിൽ വിജയകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണെന്നുമാണ് ഗംഭീര്‍ പറയുന്നത്. സ്റ്റേഡിയത്തിലേക്ക് ആരാധകർ വരുന്നത് താൻ പുഞ്ചിരിക്കുന്നത് കാണാനല്ലെന്നും അവരുടെ ടീം വിജയിക്കുന്നത് കാണാനാണെന്നും ഗംഭീർ പറഞ്ഞു.
"ഇതെന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാവുന്നേയില്ല. ചിലപ്പോഴൊക്കെ, ആളുകള്‍ സംസാരിക്കുമ്പോള്‍ ഞാന്‍ ചിരിക്കില്ല, കര്‍ക്കശക്കാരനാണ്, മുഖത്ത് എപ്പോഴും ദേഷ്യമാണ്, കണ്ടാല്‍ മുള്‍മുനയില്‍ നില്‍ക്കുകയാണെന്ന് തോന്നും എന്നിങ്ങനെയൊക്കെ പറയാറുണ്ട്. നോക്കൂ. ആളുകള്‍ ഞാന്‍ പുഞ്ചിരിക്കുന്നത് കാണാനല്ല സ്റ്റേഡിയത്തിലേക്ക് വരുന്നത്. അവര്‍ക്ക് വേണ്ടത് ഇഷ്‌ടപ്പെട്ട ടീം വിജയിക്കുന്നതാണ്. അത്തരത്തിലൊരു പ്രൊഫഷനാണിത്"- ഗംഭീര്‍ പറഞ്ഞു.
"ഞാനൊരു ബോളിവുഡ് നടനല്ല, ഒരു കോർപറേറ്റിന്‍റെയും ഭാഗമല്ല ഞാന്‍. ഞാനൊരു ക്രിക്കറ്ററാണ്. കളിക്കളത്തില്‍ നിന്നും വിജയിക്കുന്ന ഒരു ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ചുവരണം എന്നതാണ് എന്‍റെ ജോലി.
ഭാഗ്യവശാലോ അല്ലെങ്കില്‍ നിർഭാഗ്യവശാലോ വിജയിക്കുന്ന ഡ്രസ്സിംഗ് റൂം സന്തോഷകരമായ ഒന്നാണ്. എനിക്കായും എന്‍റെ സഹതാരങ്ങൾക്ക് വേണ്ടിയും പോരാടാനും എതിരാളികളെ തോല്‍പ്പിക്കാനും ക്രിക്കറ്റിന്‍റെ സ്‌പിരിറ്റിനുള്ളില്‍ നിന്നും സാധ്യമായതെല്ലാം ചെയ്യാന്‍ എനിക്ക് എല്ലാ അവകാശവുമുണ്ട്" - ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.