മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (Indian Premier League) ആരവങ്ങള്‍ക്കൊപ്പമാണ് ഇക്കുറി രാജ്യം പൊതുതെരഞ്ഞെടുപ്പിനെ (Lok Sabha Election 2024) അഭിമുഖീകരിക്കുന്നത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ രണ്ട് ഘട്ടമായി നടത്തുന്ന ഐപിഎല്ലിന്‍റെ ആദ്യത്തെ 21 മത്സരങ്ങളുടെ ക്രമം മാത്രമാണ് അധികൃതര്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിച്ചതിന് ശേഷമായിരിക്കും ശേഷിക്കുന്ന മത്സരങ്ങളുടെ ഷെഡ്യൂള്‍ തീരുമാനിക്കുകയെന്നാണ് ഐപിഎല്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ഇതിനിടെ ടൂര്‍ണമെന്‍റിന്‍റെ ഫൈനലിന്‍റെ തീയതി സംബന്ധിച്ച് സൂചന പുറത്തുവന്നിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) മെന്‍റര്‍ ഗൗതം ഗംഭീറാണ് ഐപിഎല്‍ ഫൈനലിന്‍റെ തീയതി പുറത്തുവിട്ടിരിക്കുന്നത്. കൊല്‍ത്തയുടെ ആദ്യ പരിശീലന സെഷനില്‍ താരങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ഗംഭീര്‍ ഐപിഎല്‍ ഫൈനലിന്‍റെ തീയതിയിലേക്ക് വിരല്‍ ചൂണ്ടിയത്. മെയ് 26-നാവും ഐപിഎല്‍ പൂരത്തിന് കൊട്ടിക്കലാശമാവുകയെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇതുസംബന്ധിച്ച് 42-കാരന്‍റെ വാക്കുകള്‍ ഇങ്ങനെ.
"നമ്മള്‍, ഈ സീസണ്‍ ഇവിടെ തുടങ്ങുകയാണ്. പല നേട്ടങ്ങളും സ്വന്തമാക്കാന്‍ കഴിഞ്ഞ ഒരു ഫ്രാഞ്ചൈസിയാണിത്. ഐപിഎല്ലില്‍ തന്നെ മികച്ച ഒരു ടീമിനെയാണ് നിങ്ങള്‍ ഓരോരുത്തരും പ്രതിനിധീകരിക്കുന്നത്. മാനസികമായും ശാരീരികമായും ടീമിനായി സാധ്യമായ എല്ലാം നല്‍കാന്‍ ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്.
ആ രീതിയിലാണ് നമ്മള്‍ പരിശീലിക്കുന്നതും കളിക്കുന്നതും എന്ന് ഉറപ്പുവരുത്തേണ്ട ചുമതല നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കുമാണ്. ഇക്കാര്യം ഏറെ പ്രധാനപ്പെട്ടതാണ്. നേരത്തെ എന്‍റെ കൂടെ ഉണ്ടായിരുന്നവര്‍ക്ക് അറിയാവുന്ന കാര്യമെന്തെന്നാല്‍ ഈ ഗ്രൂപ്പിലെ എല്ലാവരേയും ഒരുപോലെയാണ് ഞാന്‍ പരിഗണിക്കുക എന്നാണ്.
എല്ലാ കളിക്കാര്‍ക്കും എല്ലാ സ്വാതന്ത്ര്യവും ഉണ്ടാകും. സീനിയറും ജൂനിയറുമില്ല. വിദേശ താരമെന്നോ ആഭ്യന്തര താരമെന്നോയില്ല. എല്ലാ കളിക്കാരും തുല്യരായിരിക്കും. അതിനാല്‍ തന്നെ കിരീടം നേടുക എന്നത് മാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം.
മെയ് 26-ന് കഴിയുന്നതെല്ലാം നല്‍കാനായി നമ്മള്‍ അവിടെ ഉണ്ടായിരിക്കണം. അവിടേക്കുള്ള യാത്ര നമ്മള്‍ ഇന്ന് മുതല്‍ ആരംഭിക്കുകയാണ്. അല്ലാതെ മാര്‍ച്ച് 23-ന് (കൊല്‍ക്കത്തയുടെ ആദ്യ മത്സരം) അല്ല ആ യാത്ര തുടങ്ങുന്നത്" - ഗൗതം ഗംഭീര്‍ (Gautam Gambhir) പറഞ്ഞു.
കഴിഞ്ഞ രണ്ട് സീസണുകളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ മെന്‍ററായിരുന്ന ഗംഭീര്‍ പുതിയ സീസണിന് മുന്നോടിയായി ആണ് തന്‍റെ പഴയ തട്ടകമായ കൊല്‍ക്കത്തയിലേക്ക് തിരികെ എത്തിയിരിക്കുന്നത്. നേരത്തെ 2011 മുതല്‍ 2017 വരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ നായക സ്ഥാനം കയ്യാളിയിരുന്നത് ഗംഭീറായിരുന്നു. ഇക്കാലയളവില്‍ ടീമിനെ രണ്ട് തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിക്കാനും ഗംഭീറിന് കഴിഞ്ഞിട്ടുണ്ട്.
ഗംഭീര്‍ യുഗത്തിന് ശേഷം ഒരിക്കല്‍ മാത്രമാണ് കൊല്‍ക്കത്ത ഐപിഎല്‍ ഫൈനല്‍ കളിച്ചിട്ടുള്ളത്. ഇപ്പോള്‍ ഏഴ് വര്‍ഷത്തിന് ശേഷമാണ് പുതിയ റോളില്‍ താരം തന്‍റെ പഴയ തട്ടകത്തിലേക്ക് തിരികെ എത്തിയിരിക്കുന്നത്.