അഹമ്മദാബാദ് : ഐപിഎല്‍ പതിനേഴാം പതിപ്പിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്ന് അറിയാം. ആദ്യ ക്വാളിഫയറില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാമൻമാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം.
ലീഗ് സ്റ്റേജില്‍ 14 കളിയില്‍ 9ലും ജയിച്ചാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായത്. മൂന്ന് മത്സരങ്ങളില്‍ ടീം തോറ്റപ്പോള്‍ രണ്ടെണ്ണം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായിട്ടാണ് കൊല്‍ക്കത്ത ലീഗ് ടോപ്പര്‍മാരായി പ്ലേഓഫില്‍ എത്തുന്നത്.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന സംഘമാണ് കൊല്‍ക്കത്തയുടേത്. ടീമിന് വേണ്ടി ഓള്‍റൗണ്ട് പ്രകടനം കൊണ്ട് കളം നിറയുന്ന സുനില്‍ നരെയ്‌നാണ് പ്രധാന വജ്രായുധം. ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്‍റെ അഭാവം ടീം എങ്ങനെ മറികടക്കണമെന്ന് കണ്ടറിയണം.
അഫ്‌ഗാൻ താരം റഹ്മാനുള്ള ഗുര്‍ബാസ് ആയിരിക്കും സാള്‍ട്ടിന് പകരം സുനില്‍ നരെയ്‌ന്‍റെ ഓപ്പണിങ്ങ് പങ്കാളിയായി ഇന്ന് പ്ലെയിങ് ഇലവനിലേക്ക് എത്തുക. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഉള്‍പ്പടെ താരം നടത്തിയ പ്രകടനം ഐപിഎല്ലിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കെകെആര്‍. ആന്ദ്രേ റസല്‍, വെങ്കടേഷ് അയ്യര്‍, റിങ്കു സിങ്, നായകൻ ശ്രേയസ് അയ്യര്‍ എന്നിവരും മികവിലേക്ക് ഉയര്‍ന്നാല്‍ കൊല്‍ക്കത്തയ്‌ക്ക് പേടിക്കേണ്ടി വരില്ല.
കൊല്‍ക്കത്തയുടെ ബൗളര്‍മാരും ഒന്നിനൊന്ന് മെച്ചം. മിച്ചല്‍ സ്റ്റാര്‍ക്ക് നയിക്കുന്ന പേസ് നിരയില്‍ ഹര്‍ഷിത് റാണയുടെ പ്രകടനം ടീമിന് കരുത്താകും. വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരെയ്‌നും ബാറ്റര്‍മാരെ കറക്കി വീഴ്‌ത്താനും മിടുക്കര്‍.
ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായി മാറിയ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ കുതിപ്പ് ബാറ്റര്‍മാരുടെ കരുത്തിലായിരുന്നു. 14 കളിയില്‍ എട്ട് ജയം സ്വന്തമാക്കിയാണ് ടീം പ്ലേഓഫിന് യോഗ്യത നേടിയത്. അഞ്ച് മത്സരം പരാജയപ്പെട്ടപ്പോള്‍ ലീഗ് സ്റ്റേജിലെ ഒരു മത്സരം മഴയെടുക്കുകയായിരുന്നു.
തുടക്കം മുതല്‍ അടിച്ച് തകര്‍ക്കുന്ന അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ് എന്നിവരിലാണ് ഹൈദരാബാദിന്‍റെ പ്രതീക്ഷകള്‍. ഇരുവരുടെയും ഫോം ടീമിന് കരുത്താണ്. മധ്യനിരയില്‍ തകര്‍ത്തടിക്കാൻ പേരുകേട്ടവരാണ് ഹെൻറിച്ച് ക്ലാസനും അബ്‌ദുല്‍ സമദും നിതീഷ് കുമാര്‍ റെഡ്ഡിയുമെല്ലാം.
ബാറ്റിങ്ങ് നിരയിലേക്ക് രാഹുല്‍ ത്രിപാഠിയുടെ വരവും ഹൈദരാബാദിനെ കൂടുതല്‍ കരുത്തരാക്കുന്നു. ടോപ് ഓര്‍ഡര്‍ വീണാല്‍ വാലറ്റത്ത് ബാറ്റുകൊണ്ട് മിന്നലാട്ടങ്ങള്‍ നടത്താൻ കെല്‍പ്പുള്ള നായകൻ ഉണ്ടെന്നുള്ളതും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആശ്വാസം പകരുന്ന കാര്യമാണ്. ബൗളര്‍മാരില്‍ ടി നടരാജന്‍റെയും ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസിന്‍റെയും പ്രകടനങ്ങളിലാണ് ടീം പ്രതീക്ഷയര്‍പ്പിക്കുന്നത്.
ഈ സീസണില്‍ ഒരു മത്സരത്തിലാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നത്. ആ മത്സരത്തില്‍ കൊല്‍ക്കത്ത നാല് റണ്‍സിന് ജയിച്ചിരുന്നു. കണക്കിലെ കളിയിലും മുൻതൂക്കം കൊല്‍ക്കത്തയ്‌ക്കാണ്. ഇരു ടീമുകളും മുഖാമുഖം വന്ന 26 കളിയില്‍ 17 എണ്ണത്തിലാണ് കൊല്‍ക്കത്ത ജയിച്ചത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സാധ്യത ടീം : സുനില്‍ നരെയ്‌ൻ, റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്‌റ്റൻ), നിതീഷ് റാണ, റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്ക്, അനുകുല്‍ റോയ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സാധ്യത ടീം : അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, രാഹുല്‍ ത്രിപാഠി, നിതീഷ് കുമാര്‍ റെഡ്ഡി, ഹെൻറിച്ച് ക്ലാസൻ, അബ്‌ദുള്‍ സമദ്, പാറ്റ് കമ്മിൻസ്, സൻവീര്‍ സിങ്/ഷഹബാസ് അഹമ്മദ്, ഭുവനേശ്വര്‍കുമാര്‍, വിജയകാന്ത് വിയാസ്കാന്ത്/ജയദേവ് ഉനദ്‌ഘട്ട്, ടി നടരാജൻ.