മുംബൈ: ആരാധക രേക്ഷത്തില്‍ ഹാര്‍ദിക് പാണ്ഡ്യ ശരിക്കും അസ്വസ്ഥനാണെന്ന് മുൻ ഇംഗ്ലണ്ട് താരവും കമന്‍റേറ്ററുമായ കെവിൻ പീറ്റേഴ്‌സണ്‍. മുംബൈ ഇന്ത്യൻസിനായി ഓരോ മത്സരങ്ങള്‍ക്കായി ഇറങ്ങുമ്പോഴും ഹാര്‍ദിക് പാണ്ഡ്യ ഗ്രൗണ്ടില്‍ അഭിനയിക്കുകയാണെന്നും പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യൻസ് തോല്‍വി വഴങ്ങിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
'കളിക്കളത്തിന് പുറത്തെ സംഭവവികാസങ്ങളെല്ലാം ഹാര്‍ദിക് പാണ്ഡ്യയെ വളരെ മോശമായ രീതിയില്‍ തന്നെ ബാധിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഗ്രൗണ്ടില്‍ എത്തുമ്പോഴെല്ലാം അവൻ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ടോസ് സമയത്ത് ചിരിച്ചുകൊണ്ടാണ് അവനെ കാണാൻ കഴിയുന്നത്.
പുറമെ താൻ സന്തോഷവാനാണ് എന്ന് കാണിക്കാനുള്ള ശ്രമങ്ങളാണ് ഹാര്‍ദിക് നടത്തുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അവൻ ഒട്ടും സന്തോഷവാനാല്ലെന്ന കാര്യം കണ്ടാല്‍ തന്നെ മനസിലാകും. ഹാര്‍ദിക്കിന് എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല.
കൂവലോടെയാണ് അയാളെ ആരാധകര്‍ വരവേല്‍ക്കുന്നത്. ഹാര്‍ദിക്കിനെ ധോണി തുടര്‍ച്ചയായി സിക്‌സറുകള്‍ പായിച്ചപ്പോള്‍ ആരാധകര്‍ സന്തോഷിച്ചു. ഈ പ്രവര്‍ത്തിയെല്ലാം അയാളെ വേദനിപ്പിക്കുന്നതായിരിക്കും. കാരണം, അയാള്‍ക്കും വികാരങ്ങളുണ്ട്. അവനും ഒരു ഇന്ത്യൻ താരമാണ്.
ആരാധകരില്‍ നിന്നും ഇത്തരത്തില്‍ ഉള്ള പ്രതികരണങ്ങള്‍ ആയിരിക്കില്ല അവൻ ആഗ്രഹിക്കുന്നത്. കാണികളുടെ ഭാഗത്ത് നിന്നും ഇങ്ങനെയുള്ള പ്രതികരണം തുടരുന്നിടത്തോളം കാലം അത് അവന്‍റെ പ്രകടനത്തേയും മോശമായിട്ടാകും ബാധിക്കുക. ഇത് കഴിയുന്നതിലും വേഗത്തില്‍ തന്നെ തടയേണ്ട കാര്യമാണ്'- കെവിൻ പീറ്റേഴ്‌സണ്‍ പറഞ്ഞു.
അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ തന്ത്രങ്ങള്‍ മെനയുന്നതില്‍ ഹാര്‍ദിക് പാണ്ഡ്യ അമ്പേ പരാജയപ്പെട്ടെന്നും കെവിൻ പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടു. മത്സരത്തില്‍ പ്ലാൻ എ മാത്രമായിരുന്നു ഹാര്‍ദിക്കിന്‍റെ കൈവശമുണ്ടായിരുന്നത്. പേസര്‍മാര്‍ റണ്‍സ് വഴങ്ങിയപ്പോള്‍ സ്‌പിന്നര്‍മാര്‍ക്ക് പന്തേല്‍പ്പിക്കാൻ പോലും ഹാര്‍ദിക് തയ്യാറായില്ലെന്നും പീറ്റേഴ്‌സണ്‍ വ്യക്തമാക്കി.
വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് 20 റണ്‍സിനായിരുന്നു മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നേടിയ മുംബൈ ചെന്നൈയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ സൂപ്പര്‍ കിങ്‌സ് ക്യാപ്‌റ്റൻ റിതുരാജ് ഗെയ്‌ക്‌വാദ് (69), ശിവം ദുബെ (66*) എന്നിവരുടെ അര്‍ധസെഞ്ച്വറികളുടെയും ധോണിയുടെ (4 പന്തില്‍ 20) വെടിക്കെട്ട് ഫിനിഷിങ്ങിന്‍റെയും മികവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 206 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങില്‍ രോഹിത് ശര്‍മ (105*) മുംബൈ ഇന്ത്യൻസിനായി സെഞ്ച്വറി നേടി. എന്നാല്‍, നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 186 റണ്‍സാണ് അവര്‍ക്ക് നേടാനായത്. നാല് വിക്കറ്റ് വീഴ്‌ത്തിയ മതീഷ പതിരണയായിരുന്നു ജയത്തിലേക്ക് കുതിച്ച മുംബൈയെ തടഞ്ഞത്.