തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിലുള്ള കേരള ക്രിക്കറ്റ് ലീഗ് സെപ്റ്റംബർ 2 മുതൽ 19 വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. ടൂര്‍ണമെന്‍റിന്‍റെ ആദ്യ പതിപ്പില്‍ ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് എന്നീ ടീമുകളാകും മാറ്റുരയ്ക്കുക. ടൂര്‍ണമെന്‍റിന് മുന്നോടിയായുള്ള താരലേലം തിരുവനന്തപുരം ഹയാറ്റ് റീജൻസിയിൽ നാളെ നടക്കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
ജില്ല ക്രിക്കറ്റ് അസോസിയേഷനുകള്‍ സമർപ്പിച്ച ലിസ്റ്റിൽ നിന്നും ക്രിക്കറ്റ് അസോസിയേഷൻ കണ്ടെത്തിയ 168 താരങ്ങളാണ് ലേലത്തിനെത്തുന്നത്. ഇതില്‍ നിന്നും ഓരോ ടീമിനും 20 കളിക്കാരെ തെരഞ്ഞെടുക്കാം. മൂന്ന് വിഭാഗങ്ങളായി തിരിച്ചാകും ലേലം നടക്കുക.
2 ലക്ഷം രൂപ അടിസ്ഥാന പ്രതിഫലമായ 'എ' വിഭാഗത്തിൽ ഐ പി എൽ, രഞ്ജി ട്രോഫി താരങ്ങൾ ഉൾപ്പെടും, ഒരു ലക്ഷം രൂപ അടിസ്ഥാന പ്രതിഫലമായ 'ബി' വിഭാഗത്തിൽ സി കെ നായിഡു, അണ്ടർ 23, അണ്ടർ 19 സ്റ്റേറ്റ്, അണ്ടർ 19 ചലഞ്ചേഴ്‌സ് ടൂർണമെന്‍റുകളിൽ കളിച്ചവർ ഉൾപ്പെടും, അമ്പതിനായിരം രൂപ അടിസ്ഥാന പ്രതിഫലമായ 'സി' വിഭാഗത്തിൽ അണ്ടർ 16 സ്റ്റേറ്റ്, യൂണിവേഴ്‌സിറ്റി, ക്ലബ് ക്രിക്കറ്റർമാരെയാകും പരിഗണിക്കുക.
അടിസ്ഥാന പ്രതിഫലത്തിൽ നിന്നും ഏറ്റവും ഉയർന്ന തുക വാഗ്‌ദാനം ചെയ്‌ത് ടീമുകൾക്ക് ലേലത്തിൽ കളിക്കാരെ സ്വന്തമാക്കാം. സ്റ്റാർ സ്പോർട്‌സ് 3, ഫാൻകോഡ് ഒ ടി ടി പ്ലാറ്റ്‌ഫോമിലും ലേലം തത്സമയം കാണാനാകും. സെപ്റ്റംബറിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളും സ്റ്റാർ സ്‌പോർട്‌സിലാകും തത്സമയം പ്രദർശിപ്പിക്കുക.
ഇന്ന് ടീമുടമകൾക്കായി മോക്ക് ലേലവും നടത്തി. ഓഗസ്റ്റ് 31ന് മോഹൻലാലാകും ഹയാറ്റ് റീജൻസിയിൽ ഔദ്യോഗികമായി കേരള ക്രിക്കറ്റ് ലീഗ് ലോഞ്ച് ചെയ്യുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കേരള ക്രിക്കറ്റ് അസോസിയേഷൻ സംഭാവന ചെയ്‌തുവെന്നും സഞ്ജു സാംസണും കെ സി എ പ്രതിനിധികളും പങ്കെടുത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Also Read : ജർമനിയിൽ നടക്കുന്ന ലോക വടംവലി ചാമ്പ്യൻഷിപ്പ്; ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ