റാഞ്ചി : ഇന്ത്യയ്‌ക്ക് എതിരെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ (India vs England 4th Test) ബാറ്റിങ് തകര്‍ച്ചയില്‍ നിന്നും കരയകയറ്റിയത് ജോ റൂട്ടിന്‍റെ (Joe Root ) പ്രകടനമാണ്. റാഞ്ചിയില്‍ നടക്കുന്ന മത്സരത്തിന്‍റെ ആദ്യ ദിനത്തില്‍ അപരാജിത സെഞ്ചുറി നേടിയാണ് ജോ റൂട്ട് തിളങ്ങിയത്. കഴിഞ്ഞ മൂന്ന് ടെസ്റ്റുകളിലും ബാസ്‌ബോള്‍ (Bazball) കളിച്ച് വിക്കറ്റ് തുലച്ച താരം നിരാശപ്പെടുത്തിയിരുന്നു. ഇതോടെ ഇംഗ്ലീഷ് ടീം ബാസ്‌ബോളിന്‍റെ ആക്രമണ ശൈലിയെ മുറുകെ പിടിക്കുമ്പോള്‍, തന്‍റെ സ്വതസിദ്ധമായ രീതിയിലേക്ക് റൂട്ട് മാറണമെന്ന് വിവിധ കോണുകളില്‍ നിന്നും നിര്‍ദേശങ്ങളുയര്‍ന്നിരുന്നു.
റാഞ്ചിയില്‍ ബാസ്‌ബോളിനെ കയ്യൊഴിഞ്ഞ കളിച്ചായിരുന്നു ജോ റൂട്ട് തന്‍റെ ഇന്നിങ്‌സ് മുന്നോട്ട് നയിച്ചത്. നിലയുറപ്പിച്ച് കളിച്ച താരം മോശം പന്തുകളെ മാത്രം ആക്രമിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. സെഞ്ചുറിയിലേക്ക് എത്തുമ്പോള്‍ 219 പന്തുകളായിരുന്നു 33-കാരന്‍ നേരിട്ടത്.
താരത്തിന്‍റെ കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ മൂന്നാമത്തെ സെഞ്ചുറിയായും ഇതു മാറി (Slowest 100s for Joe Root by balls faced). 2019-ല്‍ ന്യൂസിലന്‍ഡിനെതിരെ ഹാമില്‍ട്ടണില്‍ 259 പന്തുകളില്‍ മൂന്നക്കത്തിലേക്ക് എത്തിയതാണ് റൂട്ടിന്‍റെ ഏറ്റവും വേഗം കുഞ്ഞ ടെസ്റ്റ് സെഞ്ചുറി. 2013-ല്‍ ലോര്‍ഡ്‌സില്‍ ഓസീസിനെതിരെ 247 പന്തുകളില്‍ സെഞ്ചുറിടയിച്ചതാണ് രണ്ടാം സ്ഥാനത്ത്. ഇതിന് പിന്നിലായാണ് റാഞ്ചിയിലെ പ്രകടനം ഇടം പിടിച്ചിരിക്കുന്നത്.
2021-ല്‍ ലോര്‍ഡ്‌സില്‍ 200 പന്തുകളിലും 2022-ല്‍ ബ്രിഡ്‌ജ്‌ടൗണില്‍ 199 പന്തുകളിലും സെഞ്ചുറി നേടിയതാണ് മറ്റ് വേഗം കുറഞ്ഞ സെഞ്ചുറികള്‍. അതേസമയം ഇന്ത്യയ്‌ക്ക് എതിരെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളുള്ള താരമാവാനും റാഞ്ചിയിലെ പ്രകടനത്തോടെ റൂട്ടിന് കഴിഞ്ഞു. 52 ഇന്നിങ്‌സുകളില്‍ നിന്നാണ് താരം ഇത്രയും സെഞ്ചുറികള്‍ അടിച്ചത്.
ഓസീസിന്‍റെ സ്റ്റീവ് സ്‌മിത്തിനെയാണ് ഇംഗ്ലീഷ് താരം പിന്നിലാക്കിയത്. 37 ഇന്നിങ്‌സുകളില്‍ നിന്നും ഒമ്പത് സെഞ്ചുറികളാണ് സ്‌മിത്ത് (Steve Smith) നേടിയിട്ടുള്ളത്. എട്ട് സെഞ്ചുറികള്‍ വീതമുള്ള ഗാരി സോബേഴ്‌സ് (30 ഇന്നിങ്‌സ്), വിവിയന്‍ റിച്ചാര്‍ഡ്‌സ് (41 ഇന്നിങ്‌സ്), റിക്കി പോണ്ടിങ് (51 ഇന്നിങ്‌സ്) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
അതേസമയം മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ സ്റ്റംപെടുക്കുമ്പോള്‍ 226 പന്തില്‍ പുറത്താവാതെ 106 റണ്‍സാണ് റൂട്ട് നേടിയിട്ടുള്ളത്. ഒമ്പത് ബൗണ്ടറികളാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. താരത്തിന്‍റെ സെഞ്ചുറി മികവില്‍ ആദ്യ ദിനം ഏഴ് വിക്കറ്റിന് 302 റണ്‍സ് എന്ന നിലയിലേക്ക് എത്താന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞു. 5-ന് 112 എന്ന നിലയില്‍ തകര്‍ന്നിടത്ത് നിന്നാണ് ഇംഗ്ലണ്ട് ശക്തമായി തിരികെ എത്തിയത്.