ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ (ഐസിസി) അടുത്ത ചെയർമാനായി ബിസിസിഐ സെക്രട്ടറി ജയ് ഷാ തെരഞ്ഞെടുക്കപ്പെട്ടു. 2019 ഒക്‌ടോബർ മുതൽ ബിസിസിഐ സെക്രട്ടറിയായും 2021 ജനുവരി മുതൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ (എസിസി) ചെയർമാനായും സേവനമനുഷ്‌ഠിച്ച ഷാ, 2024 ഡിസംബർ ഒന്നിന് ചുമതല ഏറ്റെടുക്കും.
നിലവിലെ ചെയർമാനായ ഗ്രെഗ് ബാർക്ലേ മൂന്നാം തവണയും ജനവിധി തേടേണ്ടതില്ലെന്ന് തീരുമാനിച്ചതിന് പിന്നാലെ അടുത്തതായി ചെയർമാൻ സ്ഥാനത്തേക്കുളള ഏക നാമനിർദ്ദേശം ഷാ ആയിരുന്നു. "അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ അധ്യക്ഷനായി നാമനിർദ്ദേശം ചെയ്യപ്പെട്ടതിൽ ഞാൻ സന്തോഷവാനാണ്". ഷാ ഐസിസി യുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്‌ത മാധ്യമ പ്രസ്‌താവനയിലൂടെ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകന്‍ കൂടിയായ ജയ് ഷാ 2019-ൽ ആണ് ബിസിസിഐ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ജഗ്‌മോഹൻ ഡാൽമിയ (1997-2000), ശരദ് പവാർ (2010-2012), നാരായണസ്വാമി ശ്രീനിവാസൻ (2014-2015), ശശാങ്ക് മനോഹർ (2015-2020) എന്നിവരാണ് ഐസിസിയുടെ തലപ്പത്തെത്തിയ മറ്റ് ഇന്ത്യക്കാർ. ഡാൽമിയയും പവാറും ഐസിസിയുടെ പ്രസിഡൻ്റുമാരായി പ്രവർത്തിച്ചപ്പോൾ ശ്രീനിവാസനും മനോഹറും സംഘടനയിലെ ചെയർപേഴ്‌സൺ ആയിരുന്നു.
Also Read: പുതിയ ബിസിസിഐ സെക്രട്ടറി അന്തരിച്ച മുൻ ബിജെപി നേതാവിന്‍റെ മകനോ..!