മുംബൈ: സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയില്ലാതെയാണ് ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിനായി ടീം ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. പരമ്പര കൈവിട്ടതുകൊണ്ട് തന്നെ ഓസ്‌ട്രേലിയക്കെതിരായ മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി താരത്തിന് വിശ്രമം അനുവദിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, മുംബൈയില്‍ നടക്കുന്ന മത്സരത്തില്‍ നിന്നും ബുംറയെ ഒഴിവാക്കിയത് ആ കാരണം കൊണ്ടല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ.
പരമ്പരയിലെ രണ്ടാം മത്സരം കളിച്ച ടീമില്‍ ഒരു മാറ്റം മാത്രം വരുത്തിയാണ് ടീം ഇന്ത്യ മുംബൈയില്‍ കിവീസിനെ നേരിടാൻ ഇറങ്ങിയിരിക്കുന്നത്. പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് പകരം മുഹമ്മദ് സിറാജാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്കെത്തിയത്. സുഖമില്ലാത്താതിനിലാണ് ബുംറയെ മത്സരത്തിലേക്ക് പരിഗണിക്കാതിരുന്നതെന്ന് രോഹിത് ശര്‍മ അറിയിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇതിലാണ് ബിസിസിഐയും കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുന്നത്. തന്നെ ബാധിച്ച വൈറല്‍ അസുഖത്തില്‍ നിന്നും പൂര്‍ണമായി മുക്തി നേടാൻ ബുംറയ്‌ക്ക് സാധിച്ചിട്ടില്ലെന്നാണ് ബിസിസിഐയുടെ വിശദീകരണം.
അതേസമയ, മുംബൈ ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങ് തെരഞ്ഞെടുത്ത ന്യൂസിലൻഡിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചിരിക്കുന്നത്. മത്സരത്തിന്‍റെ ഒന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 92-3 എന്ന നിലയിലാണ് സന്ദര്‍ശകര്‍. 38 റണ്‍സ് നേടിയ വില്‍ യങ്ങും 11 റണ്‍സുമായി ഡാരില്‍ മിച്ചലുമാണ് ക്രീസില്‍. ഡെവോണ്‍ കോണ്‍വേ (4), ടോം ലാഥം (28), രചിൻ രവീന്ദ്ര (5) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ സെഷനില്‍ ന്യൂസിലൻഡിന് നഷ്‌ടമായത്. ഇന്ത്യയ്‌ക്ക് വേണ്ടി വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും രവിചന്ദ്രൻ അശ്വിൻ ഒരു വിക്കറ്റും നേടിയിട്ടുണ്ട്.