ന്യൂഡല്‍ഹി : ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ (India vs England) ഇന്ത്യയ്‌ക്കായി സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ (Jasprit Bumrah) കളിച്ചേക്കില്ല. ജോലിഭാരം ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി 30-കാരനായ ജസ്‌പ്രീത് ബുംറയ്‌ക്ക് വിശ്രമം അനുവദിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്‌കോട്ടില്‍ നിന്നും ടീമിനൊപ്പം അടുത്ത ടെസ്റ്റിനായി റാഞ്ചിയിലേക്ക് താരം യാത്രചെയ്യില്ലെന്നാണ് വിവരം.
ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ജസ്‌പ്രീത് ബുംറ ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങിയിരുന്നു. മൂന്ന് ടെസ്റ്റുകളില്‍ നിന്നും 17 വിക്കറ്റ് വീഴ്ത്തിയ താരം നിലവില്‍ പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരനാണ്. പേസര്‍മാരെ പിന്തുണയ്‌ക്കാതിരുന്ന വിശാഖപട്ടണത്ത് രണ്ട് ഇന്നിങ്‌സുകളിലുമായി ഒമ്പത് വിക്കറ്റുകള്‍ വീഴ്‌ത്തിയ ജസ്‌പ്രീത് ബുംറ മത്സരത്തിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
രാജ്‌കോട്ടില്‍ ബാറ്റുകൊണ്ട് തിളങ്ങാനും താരത്തിന് കഴിഞ്ഞു. ആദ്യ ഇന്നിങ്സില്‍ 28 പന്തുകളില്‍ 26 റണ്‍സായിരുന്നു ബുംറ നേടിയത്. റാഞ്ചിയില്‍ (Ranchi Test) ഫെബ്രുവരി 23-നാണ് നാലാം ടെസ്റ്റ് ആരംഭിക്കുക. മത്സരത്തില്‍ ബുംറ കളിക്കാതിരുന്നാല്‍ യുവപേസര്‍ മുകേഷ് കുമാറിന് പ്ലെയിങ് ഇലവനിലേക്ക് തിരികെ എത്താന്‍ കഴിയും.
റാഞ്ചിയിലെ സാഹചര്യങ്ങൾ സ്പിൻ ബോളിങ്ങിന് അനുകൂലമാണെങ്കിൽ നാല് സ്പിന്നർമാര്‍ കളിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. അതേസമയം മധ്യനിര ബാറ്റര്‍ കെഎല്‍ രാഹുല്‍ റാഞ്ചിയില്‍ ഇന്ത്യയ്‌ക്കായി കളിക്കാന്‍ ഇറങ്ങും. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് രാഹുലിന് രണ്ടും മൂന്നും ടെസ്റ്റുകളില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഹൈദരാബാദിൽ തിളങ്ങാന്‍ രാഹുലിന് കഴിഞ്ഞിരുന്നു. അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയെങ്കിലും രാജ്‌കോട്ടില്‍ ഫിറ്റ്‌നസിന് വിധേയമായി ആയിരിക്കും രാഹുല്‍ കളിക്കുകയെന്ന് സെലക്‌ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് തെളിയിക്കാന്‍ കഴിയാതിരുന്നതോടെയാണ് മൂന്നാം ടെസ്റ്റില്‍ രാഹുലിന് പുറത്തിരിക്കേണ്ടി വന്നത്.
അതേസമയം ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സര പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആതിഥേയരായ ഇന്ത്യ നിലവില്‍ 2-1ന് മുന്നിലാണ്. ഹൈദരാബാദില്‍ 28 റണ്‍സുകള്‍ക്ക് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ രോഹിത്തും സംഘവും തുടര്‍ന്നായിരുന്നു കനത്ത തിരിച്ചടി നല്‍കിയത്. വിശാഖപട്ടണത്ത് 106 റണ്‍സിന് വിജയിച്ച ഇന്ത്യ, രാജ്‌കോട്ടിലേക്ക് എത്തിയപ്പോള്‍ 434 റണ്‍സിന്‍റെ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. റണ്‍സ് അടിസ്ഥാനത്തില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.
ALSO READ: ഇതവള്‍ക്ക് മാത്രം; രാജ്‌കോട്ടിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് റിവാബയ്‌ക്ക് സമര്‍പ്പിച്ച് ജഡേജ
ഇന്ത്യ ടെസ്റ്റ് സ്ക്വാഡ് : രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍) യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, ദേവ്‌ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), രജത് പടിദാര്‍, സര്‍ഫറാസ് ഖാന്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്. (India Squad For Last 3 Test Against England).