ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ചിരവൈരികളായ പാകിസ്ഥാനെതിരെ ഇറങ്ങുകയാണ്. ഇന്ത്യന്‍ സമയം രാത്രി എട്ടുമണിക്ക് ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് കളി നടക്കുക. അയല്‍ക്കാര്‍ തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ വിജയം ആര്‍ക്കൊപ്പമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇപ്പോഴിതാ മത്സരത്തില്‍ ടോസ് ഏറെ നിര്‍ണാകയകമാവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. "ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ നാസോയിലെ പിച്ച് നിർണായക സ്വാധീനം ചെലുത്തുമെന്ന വസ്‌തുത ഞാൻ പ്രത്യേകം ഊന്നിപ്പറയാൻ ആഗ്രഹിക്കുന്നു. ടോസ് നേടുകയോ തോൽക്കുകയോ ചെയ്യുന്നതും നിര്‍ണായകമാണ്. പിച്ചില്‍ അപ്രതീക്ഷിത ബൗൺസ് ഉണ്ടായേക്കാം.
ടീമുകൾക്ക് അത് നേരിടേണ്ടതുണ്ട്. ആ അപ്രതീക്ഷിത പന്ത് വിക്കറ്റും വീഴ്‌ത്തിയേക്കാം. ഇത് ആർക്കും സംഭവിക്കാം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം നടക്കേണ്ടത് നല്ല പിച്ചിലാണ്. ശക്തമായ ടീം വിജയിക്കുകയും ചെയ്യും. ഇന്ത്യ കരുത്തുറ്റ ടീമാണ്" -ഇർഫാൻ പഠാന്‍ പറഞ്ഞു.
നാസോയിലെ പിച്ച് ഇതിനകം തന്നെ സംസാരവിഷയമാണ്. ബോളര്‍മാര്‍ക്ക് പിന്തുണ നല്‍കുന്ന പിച്ചില്‍ ബാറ്റര്‍മാര്‍ റണ്‍സ് നേടാന്‍ പ്രയാസപ്പെടുന്നതാണ് കാണാന്‍ കഴിയുന്നത്. ഇതുവരെ നാസോയില്‍ നടന്ന നാല് മത്സരങ്ങളിലും 140ന് മുകളില്‍ സ്കോര്‍ പിറന്നിട്ടില്ല. ആദ്യ രണ്ട് മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്‌ത ടീം മൂന്നക്കം കടക്കാതെയാണ് പുറത്തായത്.
അതേസമയം ഗ്രൂപ്പ് എയില്‍ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിനാണ് ഇന്ത്യയും പാകിസ്ഥാനും ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ ഇന്ത്യ എട്ട് വിക്കറ്റിന് തകര്‍ത്തിരുന്നു. പാകിസ്ഥാനാവട്ടെ തോല്‍വി വഴങ്ങി. ആതിഥേയരായ അമേരിക്കയായിരുന്നു പാക് പടയെ അട്ടിമറിച്ചത്. ഇതോടെ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യം വയ്‌ക്കുമ്പോള്‍ ആദ്യ വിജയം തേടിയാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്.
ഇന്ത്യ (സാധ്യത പ്ലേയിങ് ഇലവൻ): വിരാട് കോലി, രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ജസ്‌പ്രീത് ബുംറ, അര്‍ഷ്‌ദീപ് സിങ്, മുഹമ്മദ് സിറാജ്.
പാകിസ്ഥാൻ (സാധ്യത പ്ലേയിങ് ഇലവൻ): ബാബര്‍ അസം (ക്യാപ്‌റ്റൻ), മുഹമ്മദ് റിസ്‌വാൻ (വിക്കറ്റ് കീപ്പര്‍), ഷദാബ് ഖാൻ, ഇഫ്‌തിഖര്‍ അഹമ്മദ്, ഉ ഫഖര്‍ സമാൻ,സ്‌മാൻ ഖാൻ, ഇമാദ് വസീം, ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് ആമിര്‍.