മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തിലെ പല റെക്കോഡുകളും മാറ്റിയെഴുതപ്പെട്ട പോരാട്ടമായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടന്നത്. സ്വന്തം തട്ടകമായ ഉപ്പലിലെ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 31 റണ്‍സിനായിരുന്നു ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ആതിഥേയര്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ടോട്ടലായ 277 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്.
34 പന്തില്‍ പുറത്താവാതെ 80 റണ്‍സടിച്ച ഹെൻറിച്ച് ക്ലാസന്‍ ടോപ് സ്‌കോററായപ്പോള്‍ ട്രാവിസ് ഹെഡ് (24 പന്തില്‍ 62), അഭിഷേക് ശര്‍മ (23 പന്തില്‍ 63), എയ്‌ഡന്‍ മാര്‍ക്രം (28 പന്തില്‍ 48) എന്നിവരും മിന്നി. മറുപടിക്ക് ഇറങ്ങിയ മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 246 റണ്‍സിലേക്കാണ് എത്താന്‍ കഴിഞ്ഞത്. 34 പന്തില്‍ 64 റണ്‍സ് നേടിയ തിലക് വര്‍മയായിരുന്നു ടോപ് സ്‌കോറര്‍.
കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ മുംബൈക്കായി ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ആക്രമിച്ച് കളിച്ചതോടെ മുംബൈ ടോട്ടലിലേക്ക് തുടക്കം മുതല്‍ക്ക് റണ്‍സ് ഒഴുകി. തുടര്‍ന്ന് എത്തിയ നമാന്‍ ധിറും ടോപ് ഓര്‍ഡറില്‍ മോശമാക്കിയില്ല. സൂര്യയ്‌ക്ക് പകരം പ്ലേയിങ് ഇലവനിലെത്തിയ നമാനും അധിവേഗം സ്‌കോര്‍ ചെയ്യുന്നതിനായിരുന്നു ശ്രദ്ധ ചെലുത്തിയത്.
ഡൗണ്‍ ഓര്‍ഡറില്‍ തിലക് വര്‍മയെക്കൂടാതെ ടിം ഡേവിഡും പൊരുതി നോക്കിയെങ്കിലും ലക്ഷ്യം ഏറെ അകലെ ആയിരുന്നു. മറ്റ് താരങ്ങള്‍ വമ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ ശ്രമിച്ചുവെങ്കിലും മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ്ങിന് വേണ്ടത്ര വേഗമുണ്ടായിരുന്നില്ല.
ഏറെ നിര്‍ണായകമായ ഘട്ടത്തില്‍ ക്രീസിലേക്ക് എത്തിയ ഹാര്‍ദിക് 20 പന്തുകളില്‍ നിന്നും 24 റണ്‍സ് മാത്രമാണ് നേടിയത്. സ്‌ട്രൈക്ക് റേറ്റവാവട്ടെ വെറും 120.00 മാത്രം. ഇതിന് പിന്നാലെ ഹാര്‍ദിക്കിന് എതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ടീമിലെ മറ്റ് താരങ്ങള്‍ 200 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റുവീശുമ്പോള്‍ ക്യാപ്റ്റന് മാത്രം 120 സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ കഴിയില്ലെന്നാണ് ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.