കൊല്‍ക്കത്ത : ഐപിഎല്ലിന്‍റെ (IPL 2024) 17-ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ (Kolkata Knight Riders) ആദ്യ മത്സരത്തിനിടെ വിവാദത്തില്‍ അകപ്പെട്ട് ടീം ഉടമയും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാൻ (Shah Rukh Khan). സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ (Sunrisers Hyderabad) മത്സരത്തിനിടെ വിഐപി ബോക്‌സില്‍ പരസ്യമായി പുകവലിച്ച ഷാരൂഖ് ഖാന്‍റെ പ്രവര്‍ത്തിയാണ് വിവാദമായിരിക്കുന്നത്.
ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സൂപ്പര്‍ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഗ്യാലറിയില്‍ നിന്നും ഫ്ലൈയിങ് കിസ് നൽകി ആരാധകരെ കയ്യിലെടുത്ത താരം പിന്നീടാണ് പരസ്യ പുകവലി നടത്തിയത്. ഐപിഎല്ലിനിടെ നേരത്തെയും സമാന പ്രവര്‍ത്തി ഷാരൂഖ് ചെയ്‌തിരുന്നു. അന്ന് കര്‍ശനമായി താക്കീത് ലഭിക്കുകയും ചെയ്‌തിരുന്നു.
അതേസമയം അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ നാല് റണ്‍സിന്‍റെ വിജയം പിടിക്കാന്‍ കൊല്‍ക്കത്തയ്‌ക്ക് കഴിഞ്ഞിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത ആന്ദ്രെ റസല്‍ (25 പന്തില്‍ 64*), ഫില്‍ സാള്‍ട്ട് (40 പന്തില്‍ 54), രമണ്‍ദീപ് സിങ് (17 പന്തില്‍ 35) എന്നിവരുടെ മികവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 208 റണ്‍സായിരുന്നു നേടിയത്. മറുപടിക്കിറങ്ങിയ ഹൈദാബാദിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 204 റണ്‍സെടുക്കാനാണ് സാധിച്ചത്.
ഹെന്‍റിച്ച് ക്ലാസന്‍ (29 പന്തില്‍ 63), അഭിഷേക് ശര്‍മ (19 പന്തില്‍ 32), മായങ്ക് അഗര്‍വാള്‍ (21 പന്തില്‍ 32) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ലക്ഷ്യം അകന്ന് നില്‍ക്കുകായിരുന്നു. കീഴടങ്ങും മുമ്പ് കൊല്‍ക്കത്തയെ തെല്ലൊന്ന് വിറപ്പിക്കാന്‍ ഹൈദരാബാദിനായി. ഇന്നിങ്‌സിന്‍റെ അവസാന മൂന്ന് ഓവറുകളില്‍ ലക്ഷ്യത്തിലേക്ക് 56 റണ്‍സ് അകലെയായിരുന്നു ഹൈദരാബാദ്.
കൊല്‍ക്കത്തയുടെ മിസ്റ്ററി സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ 18-ാം ഓവറില്‍ ക്രീസിലുണ്ടായിരുന്ന ക്ലാസനും ഷഹ്‌ബാസ് അഹമ്മദും ചേര്‍ന്ന് 21 റണ്‍സ് അടിച്ചു. ഇതോടെ അവസാന രണ്ട് ഓവറില്‍ 39 റണ്‍സായിരുന്നു ഹൈദരാബാദിന് ആവശ്യം. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായ മിച്ചല്‍ സ്റ്റാര്‍ക്കിനെയായിരുന്നു കൊല്‍ക്കത്ത ക്യാപ്റ്റന്‍ 19-ാം ഓവര്‍ ഏല്‍പ്പിച്ചത്.
ക്ലാസനും ഷഹ്‌ബാസും ചേര്‍ന്ന് സ്റ്റാര്‍ക്കിനെയും പഞ്ഞിക്കിട്ടു. 26 റണ്‍സായിരുന്നു താരം വഴങ്ങിയത്. അവസാന ഓവറില്‍ ഹൈദരാബാദിന് വേണ്ടിയിരുന്ന 13 റണ്‍സിന് പ്രതിരോധിച്ച് ഹര്‍ഷിത് റാണയാണ് കൊല്‍ക്കത്തയുടെ ഹീറോ ആയത്. ആദ്യ പന്തില്‍ ക്ലാസന്‍ സിക്സറടിച്ചു. എന്നാല്‍ പിന്നീട് വമ്പന്‍ തിരിച്ചുവരവാണ് ഹര്‍ഷിത് നടത്തിയത്.
ALSO READ: സിക്‌സര്‍ 'റസല്‍', ക്രിസ് ഗെയിലിന്‍റെ റെക്കോഡ് പഴങ്കഥയാക്കി കൊല്‍ക്കത്തൻ ഓള്‍റൗണ്ടര്‍ - IPL 2024
പിന്നീട് രണ്ട് സിംഗിളുകള്‍ വന്നെങ്കിലും ഇതിനിടെ ആദ്യം ഷഹ്‌ബാസിനേയും പിന്നീട് ക്ലാസനേയും താരം തിരിച്ചയച്ചു. അവസാന പന്തില്‍ നാല് റണ്‍സായിരുന്നു ഹൈദരാബാദിന്‍റെ ലക്ഷ്യം. എന്നാല്‍ സ്‌ട്രൈക്ക് ചെയ്‌ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് റണ്ണെടുക്കാന്‍ കഴിഞ്ഞില്ല.