ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ അനായാസ വിജയത്തിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ സഞ്‌ജു സാംസണിന്‍റെ അപരാജിത അര്‍ധ സെഞ്ചുറി പ്രകടനമാണ്. പൊടുന്നനെ രണ്ട് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടതോടെ പ്രതിരോധത്തിലാവുമായിരുന്ന രാജസ്ഥാനെ ക്യാപ്റ്റന്‍റെ ഇന്നിങ്‌സുമായാണ് സഞ്‌ജു മുന്നില്‍ നിന്നും നയിച്ചത്. ആദ്യം പതിഞ്ഞും പിന്നീട് ആക്രമിച്ചും കളിച്ച താരം 33 പന്തില്‍ പുറത്താവാതെ ഏഴ് ബൗണ്ടറികളും നാല് സിക്‌സറുകളും സഹിതം 71 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്. 215.15 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്.
അര്‍ധ സെഞ്ചുറിയുമായി ധ്രുവ് ജുറെലും ക്യാപ്റ്റന് കൂട്ടുനിന്നതോടെ രാജസ്ഥാന് കാര്യങ്ങള്‍ ഏറെ എളുപ്പമായി. ഒടുവില്‍ 19-ാം ഓവറിന്‍റെ അവസാന പന്തില്‍ യാഷ് താക്കൂറിനെ സിക്‌സറിന് പറത്തിക്കൊണ്ടായിരുന്നു സഞ്‌ജു ടീമിന്‍റെ വിജയം ഉറപ്പിച്ചത്. ഇതിന് ശേഷമുള്ള മലയാളി താരത്തിന്‍റെ ആഘോഷം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മുമ്പ് ഒരിക്കല്‍ പോലും കാണാത്ത അഗ്രഷനോടെയായിരുന്നു സഞ്‌ജു ടീമിന്‍റെ വിജയം ആഘോഷിച്ചത്. ഗ്രൗണ്ടില്‍ പൊതുവെ ശാന്തനായി കാണപ്പെടാറുള്ള സഞ്‌ജുവില്‍ നിന്നും ഇത്തരമൊരു ആഘോഷമുണ്ടായത് ആരാധകരെ തെല്ലൊന്ന് അമ്പരപ്പിക്കുകയും ചെയ്‌തു. ടി20 ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുന്നെ സെലക്‌ടര്‍മാക്കുള്ള സഞ്‌ജുവിന്‍റെ സന്ദേശമാണിതെന്നാണ് ആരാധകര്‍ പറയുന്നത്.
മത്സരത്തില്‍ കമന്‍ററി പറയവെ ഹര്‍ഷ ഭോഗ്‌ലെ ഇതേകാര്യം തന്നെയായിരുന്നു സൂചിപ്പിച്ചത്. വരും ദിനങ്ങളില്‍ ഒരു സുപ്രധാന പ്രഖ്യാപനം ഉണ്ടാവുമെന്ന തോന്നല്‍ സഞ്ജുവിന് ഉണ്ടായിരിക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതേസമയം ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ റിഷഭ് പന്ത് സ്ഥാനമുറപ്പിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ട്. ബാക്കപ്പ് വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുലിന്‍റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.
എന്നാല്‍ ഐപിഎല്ലിലെ നിലവിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനാണ് സഞ്‌ജു. ഒമ്പത് മത്സരങ്ങളില്‍ നിന്നും 161 സ്‌ട്രൈക്ക് റേറ്റില്‍ 385 റണ്‍സാണ് സഞ്‌ജു അടിച്ച് കൂട്ടിയിട്ടുള്ളത്. അതേസമയം ലഖ്‌നൗവിനെതിരെ ഏഴ് വിക്കറ്റുകള്‍ക്കായിരുന്നു രാജസ്ഥാന്‍ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 196 റണ്‍സായിരുന്നു നേടിയത്.
കെഎല്‍ രാഹുല്‍ (48 പന്തില്‍ 76), ദീപക് ഹൂഡ (31 പന്തില്‍ 50) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. മറുപടിക്ക് ഇറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 199 റണ്‍സടിച്ചാണ് വിജയം ഉറപ്പിച്ചത്. നാലാം വിക്കറ്റില്‍ സഞ്‌ജും ജുറെലും ചേര്‍ന്ന് 121 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി.