റാഞ്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (IPL 2024) പുതിയ സീസണിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans) സ്വന്തമാക്കിയ താരമാണ് റോബിൻ മിൻസ് (Robin Minz). കഴിഞ്ഞ ലേലത്തില്‍ 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ജാർഖണ്ഡുകാരനായി 3.60 കോടി രൂപയായിരുന്നു ഗുജറാത്ത് ടൈറ്റൻസ് വീശിയത്.
പുതിയ സീസണിന് ഏതാനും ആഴ്‌ചകള്‍ മാത്രം നില്‍ക്കെ റോബിൻ മിൻസ് അപകടത്തില്‍ പെട്ടുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. റോബിന്‍ മിന്‍സ് ഓടിച്ചിരുന്ന സൂപ്പര്‍ ബൈക് നിയന്ത്രണം വിട്ട് മറ്റൊരു ബൈക്കില്‍ ഇടിക്കുകയായിരുന്നു. 21-കാരന്‍റെ വലത് കാൽമുട്ടിന് പരിക്കേറ്റതായാണ് വിവരം.
എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നും താരം നിരീക്ഷണിത്തിലാണുള്ളതെന്നും പിതാവ് ഫ്രാന്‍സിസ് മാധ്യമങ്ങളോട് പ്രതികരിച്ചു. അപകടത്തിൽ ബൈക്കിന്‍റെ മുൻഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ വെടിക്കെട്ട് ഇടങ്കയ്യന്‍ ബാറ്ററും വിക്കറ്റ് കീപ്പറുമാണ് റോബിൻ മിൻസ്.
ജാർഖണ്ഡിനായി അണ്ടർ 19, അണ്ടർ 25 ടീമുകൾക്കായി താരം കളിച്ചിട്ടുണ്ട്. 2023 സീസണിന് മുന്നോടിയായുള്ള ലേലത്തില്‍ റോബിൻ മിൻസ് അൺ സോൾഡായിരുന്നു. എന്നാല്‍ ഈ വര്‍ഷം ആഭ്യന്തര ലീഗുകളില്‍ നടത്തിയ മിന്നും പ്രകടനമാണ് ഐപിഎല്ലിലേക്ക് വഴി തുറന്നത്. പരിക്ക് മാറി തിരിച്ചെത്താന്‍ കഴിഞ്ഞാല്‍ സീസണില്‍ ഗുജറാത്തിനായി മിന്‍സ് അരങ്ങേറ്റം നടത്തിയേക്കും. പ്ലേയിങ് ഇലവനില്‍ സ്ഥാനത്തിനായി ഇന്ത്യൻ വെറ്ററന്‍ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുമായാണ് റോബിന്‍ മിന്‍സ് മത്സരിക്കുന്നത്.
അതേസമയം മാര്‍ച്ച് 22-നാണ് ഐപിഎല്‍ 17-ാം പതിപ്പിന് തുടക്കമാവുന്നത്. രാജ്യത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് (Lok Sabha Election 2024) നടക്കാനിരിക്കെ രണ്ട് ഘട്ടങ്ങളിലായാണ് ഇക്കുറി ഐപിഎല്‍ നടക്കുന്നത്. ആദ്യ 15 ദിസങ്ങളില്‍ നടക്കുന്ന 21 മത്സരങ്ങളുടെ ക്രമമാണ് ഇപ്പോള്‍ അധികൃതര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഏപ്രില്‍ 7 വരെയാണ് ആദ്യ ഘട്ടം നടക്കുക.
ALSO READ: മാര്‍ക്രത്തെ തെറിപ്പിച്ചു?; ഹൈദരാബാദിനെ കമ്മിന്‍സ് നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതികള്‍ പുറത്ത് വന്നതിന് ശേഷമായിരിക്കും രണ്ടാം ഘട്ട മത്സരങ്ങള്‍ തീരുമാനിക്കുക. അതേസമയം പുതിയ നായകന്‍ ശുഭ്‌മാന്‍ ഗില്ലിന് (Shubman Gill) കീഴിലാണ് ഗുജറാത്ത് സീസണില്‍ കളിക്കുക. നായകനായിരുന്ന ഹാര്‍ദിക് പാണ്ഡ്യ പഴയ ടീമായ മുംബൈ ഇന്ത്യന്‍സിലേക്ക് തിരികെ പോയതോടെയാണ് ഗുജറാത്ത് ടൈറ്റന്‍സ് ഗില്ലിനെ നായകന്‍റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.
ALSO READ: ജുറെലിന് എന്നല്ല, ആര്‍ക്കും ധോണിയാകാന്‍ കഴിയില്ല; വിശദീകരണവുമായി ഗവാസ്‌കര്‍
ഹാര്‍ദിക്കിന് കീഴില്‍ പ്രഥമ സീസണില്‍ തന്നെ കിരീടം നേടിയ ഗുജറാത്ത് കഴിഞ്ഞ തവണ രണ്ടാം സ്ഥാനക്കാരായിരുന്നു. മാര്‍ച്ച് 24-ന് മുംബൈ ഇന്ത്യന്‍സിന് എതിരെയാണ് ഗുജറാത്ത് സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുക.
ALSO READ: മലയാളി പേസറുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്; രഞ്‌ജിയിലും രക്ഷയില്ലാതെ ശ്രേയസ് അയ്യര്‍