മുല്ലൻപൂര്‍ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ വിജയം നേടാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കഴിഞ്ഞിരുന്നു. മുല്ലൻപൂര്‍ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു ഹൈദരാബാദ് വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 182 റണ്‍സായിരുന്നു നേടിയിരുന്നത്. നിതീഷ് റെഡ്ഡിയുടെ അര്‍ധ സെഞ്ചുറി പ്രകടനമായിരുന്നു ടീമിനെ മാന്യമായ നിലയിലേക്ക് എത്തിച്ചത്.
37 പന്തില്‍ 4 ബൗണ്ടറികളും അഞ്ച് സിക്‌സറുകളും സഹിതം 64 റണ്‍സായിരുന്നു താരം കണ്ടെത്തിയത്. ട്രാവിസ് ഹെഡ് (15 പന്തില്‍ 21), അഭിഷേക് ശര്‍മ (11 പന്തില്‍ 16), എയ്‌ഡന്‍ മാര്‍ക്രം (2 പന്തില്‍ 0), രാഹുല്‍ ത്രിപാഠി (14 പന്തില്‍ 11), ഹെൻറിച്ച് ക്ലാസന്‍ (9 പന്തില്‍ 9), അബ്‌ദുള്‍ സമദ് (12 പന്തില്‍ 15), ഷഹ്‌ബാസ് അഹമ്മദ് (7 പന്തില്‍ 14*), പാറ്റ് കമ്മിന്‍സ് (4 പന്തില്‍ 3), ഭുവനേശ്വര്‍ കുമാര്‍ (8 പന്തില്‍ 6), ജയ്‌ദേവ് ഉനദ്‌ഘട്ട് (1 പന്തില്‍ 6*) എന്നിങ്ങനെ ആയിരുന്നു മറ്റ് താരങ്ങളുടെ സംഭവാന. പഞ്ചാബിനായി അര്‍ഷ്‌ദീപ് സിങ് നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. സാം കറന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുണ്ട്.
മറുപടിക്ക് ഇറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 180 റണ്‍സിലേക്കാണ് എത്താന്‍ കഴിഞ്ഞത്. അവസാന ഓവറുകളില്‍ ശശാങ്ക് സിങ്ങും അശുതോഷ് ശര്‍മയും പൊരുതി നോക്കിയെങ്കിലും ലക്ഷ്യം അകന്ന് നിന്നു. ശശാങ്കും അശുതോഷും ക്രീസില്‍ നില്‍ക്കെ അവസാന ഓവറില്‍ 29 റണ്‍സായിരുന്നു പഞ്ചാബിന് വിജയത്തിനായി വേണ്ടിയിരുന്നത്.
26 റണ്‍സ് പിറന്ന ഈ ഓവര്‍ അതിനാടകീയമായാണ് അവസാനിച്ചത്. ജയ്‌ദേവ് ഉനദ്‌ഘട്ടിനെയായിരുന്നു ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പന്തേല്‍പ്പിച്ചത്. സ്‌ട്രൈക്ക് ചെയ്‌ത അശുതോഷ് ആദ്യ പന്തില്‍ തന്നെ സിക്‌സ് അടിച്ചു. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന നിതീഷ് റെഡ്ഡിയുടെ കൈകള്‍ക്കിടയിലൂടെ പന്ത് സിക്‌സായത്.
തുടര്‍ന്നുള്ള രണ്ട് പന്തുകളും വൈഡ്. നിയമപരപമായ രണ്ടാമത്തെ പന്തിലും അശുതോഷ് സിക്‌സറടിച്ചു. ഇത്തവണ അബ്‌ദുള്‍ സമദിന്‍റെ കൈകളാണ് ചോര്‍ന്നത്. തുടര്‍ന്നുള്ള രണ്ട് പന്തുകളിലും അശുതോഷ് രണ്ട് റണ്‍സ് വീതം ഓടിയെടുത്തു.
തൊട്ടടുത്ത പന്തും വൈഡ്. ഇതോടെ അവസാന രണ്ട് പന്തില്‍ വിജയത്തിനായി 10 റണ്‍സായിരുന്നു പഞ്ചാബിന് ആവശ്യമായി വന്നത്. അഞ്ചാം പന്തില്‍ അശുതോഷിന്‍റെ അനായാസ ക്യാച്ച് രാഹുല്‍ ത്രിപാഠി നിലത്തിട്ടു. ഇതില്‍ ഒരു റണ്‍സ് പഞ്ചാബ് താരങ്ങള്‍ ഓടിയെടുത്തു. ഇതോടെ ലക്ഷ്യം അവസാന പന്തില്‍ ഒമ്പത് റണ്‍സായി. ഉനദ്‌ഘട്ടിനെ ശശാങ്ക് സിക്‌സറിന് പറത്തിയെങ്കിലും ഹൈദരാബാദ് രണ്ട് റണ്‍സിന്‍റെ വിജയം ഉറപ്പിച്ചു.