മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മുന്നില്‍ കൂറ്റന്‍ വിജയ ലക്ഷ്യം ഉയര്‍ത്തി മുംബൈ ഇന്ത്യന്‍സ്. വാങ്കഡെയില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റുകള്‍ക്ക് 234 റണ്‍സാണ് അടിച്ച് കൂട്ടിയത്. രോഹിത് ശര്‍മ തുടങ്ങി വച്ച അടി ഇഷാന്‍ കിഷന്‍, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ് എന്നിവര്‍ ഏറ്റുപിടിച്ചതോടെയാണ് മുംബൈ മികച്ച സ്‌കോറിലേക്ക് എത്തിയത്. 27 പന്തില്‍ 49 റണ്‍സെടുത്ത രോഹിത് ടീമിന്‍റെ ടോപ് സ്‌കോററായി.
മിന്നും തുടക്കമായിരുന്നു ടീമിന് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് നല്‍കിയത്. രോഹിത് ആക്രമിച്ചതോടെ പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ 75 റണ്‍സിലേക്ക് എത്താന്‍ മുംബൈക്ക് കഴിഞ്ഞു. തൊട്ടടുത്ത ഓവറില്‍ ഹിറ്റ്‌മാനെ വീഴ്‌ത്തിയ അക്‌സര്‍ ഡല്‍ഹിക്ക് ബ്രേക്ക് ത്രൂ നല്‍കി.
തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവിന് രണ്ട് പന്തുകള്‍ മാത്രമായിരുന്നു ആയുസ്. പരിക്കിനെ തുടര്‍ന്നുള്ള ഇടവേള അവസാനിപ്പിച്ച് ക്രീസിലെത്തിയ സൂര്യയ്‌ക്ക് അക്കൗണ്ട് തുറക്കും മുമ്പ് ആൻറിച്ച് നോർട്ട്ജെയാണ് മടക്ക ടിക്കറ്റ് നല്‍കിയത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ശ്രദ്ധയോടെ കളിച്ചപ്പോള്‍ അതുവരെ പതിഞ്ഞു കളിച്ച ഇഷാന്‍ ആക്രമണം ഏറ്റെടുത്തു. എന്നാല്‍ ഇഷാന്‍ കിഷനെ (23 പന്തില്‍ 42) സ്വന്തം പന്തില്‍ പിടികൂടി അക്‌സര്‍ വീണ്ടും ഡല്‍ഹിയുടെ രക്ഷയ്‌ക്ക് എത്തി.
തിലക് വര്‍മയ്‌ക്ക് (6) കാര്യമായി ഒന്നും ചെയ്യാനായില്ല. ഇതോടെ മുംബൈ 120/4 എന്ന നിലയിലേക്ക് പ്രതിരോധത്തിലായി. എന്നാല്‍ തുടര്‍ന്നെത്തിയ ടിം ഡേവിഡ് മികച്ച രീതിയില്‍ കളിച്ചതോടെ മുംബൈ സ്‌കോര്‍ ബോര്‍ഡിന് വേഗം വച്ചു. 18-ാം ഓവറില്‍ ഹാര്‍ദിക്കിനെ (33 പന്തില്‍ 39) വീഴ്‌ത്തിയ ഡല്‍ഹി സന്തോഷിച്ചുവെങ്കിലും തുടര്‍ന്നെത്തിയ റൊമാരിയോ ഷെപ്പേര്‍ഡ് ആളിക്കത്തി.
ALSO READ: എന്തുകൊണ്ട് ആര്‍സിബി തോല്‍ക്കുന്നു; കാരണം ഇതെന്ന് ഇര്‍ഫാന്‍ പഠാന്‍ - Irfan Pathan On RCB
അവസാന രണ്ട് ഓവറില്‍ ഇരുവരും ചേര്‍ന്ന് 51 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഇഷാന്ത് ശര്‍മ എറിഞ്ഞ 19-ാം ഓവറില്‍ 19 റണ്‍സും ആൻറിച്ച് നോർട്ട്ജെ എറിഞ്ഞ അവസാന ഓവറില്‍ 32 റണ്‍സുമാണ് മുംബൈ നേടിയത്. 20-ാം ഓവറിലെ ആറ് പന്തുകളും നേരിട്ടത് റൊമാരിയോ ഷെപ്പേര്‍ഡായിരുന്നു. 21 പന്തില്‍ 45 റണ്‍സുമായി ടിം ഡേവിഡും 10 പന്തില്‍ 39 റണ്‍സുമായി ഷെപ്പേര്‍ഡും പുറത്താകാതെ നിന്നു.