മുംബൈ: ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യയ്ക്ക് എതിരായ വിമര്‍ശനം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി ഷെയര്‍ ചെയ്‌ത് മുംബൈ ഇന്ത്യൻസിന്‍റെ അഫ്‌ഗാനിസ്ഥാൻ താരം മുഹമ്മദ് നബി. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ മുഹമ്മദ് നബിയ്‌ക്ക് പന്തെറിയാന്‍ ഹാര്‍ദിക് അവസരം നല്‍കിയിരുന്നില്ല. നബിയ്‌ക്ക് പന്ത് നല്‍കാതിരുന്ന ഹാര്‍ദിക്കിന്‍റെ തീരുമാനം വിചിത്രമായി തോന്നിയെന്നായിരുന്നു ഒരു ആരാധകന്‍റെ വിമര്‍ശനം.
പ്രസ്‌തുത പോസ്റ്റായിരുന്നു അഫ്‌ഗാന്‍ താരം തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഇട്ടത്. പിന്നീട് അബദ്ധം മനസിലാക്കിയതോടെ ഇതു ഡിലീറ്റ് ചെയ്യുകയും ചെയ്‌തു. എന്നാല്‍ ഇതിന്‍റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു കഴിഞ്ഞിരുന്നു.
പഞ്ചാബിന് എതിരെ ബാറ്റ് ചെയ്യാനിറങ്ങാനായെങ്കിലും തിളങ്ങാൻ നബിയ്‌ക്ക് കഴിഞ്ഞിട്ടില്ല. ഒരു പന്ത് മാത്രം നേരിട്ട താരം അക്കൗണ്ട് തുറക്കാന്‍ കഴിയാതെ റണ്ണൗട്ടാവുകയായിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ പഞ്ചാബിന്‍റെ പ്രതീക്ഷകള്‍ അത്രയും അവസാനിപ്പിച്ച് കഗിസോ റബാഡയെ റണ്ണൗട്ടാക്കിയത് നബി ആയിരുന്നു.
റബാഡ പുറത്തായതോടെയാണ് ഒമ്പത് റണ്‍സിന്‍റെ വിജയം ഉറപ്പിക്കാന്‍ മുംബൈ ഇന്ത്യന്‍സിന് കഴിഞ്ഞത്. പഞ്ചാബ് താരങ്ങളായ അശുതോഷ് ശർമ, ഹർപ്രീത് ബ്രാർ എന്നിവരെ ക്യാച്ചെടുത്ത് പുറത്താക്കിയതും നബി ആയിരുന്നു.
അതേസമയം മത്സരത്തില്‍ ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 192 റണ്‍സായിരുന്നു നേടിയിരുന്നത്. 53 പന്തില്‍ ഏഴ് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം 78 റണ്‍സടിച്ച സൂര്യകുമാര്‍ യാദവ് ടോപ് സ്‌കോററായി. രോഹിത് ശര്‍മ (25 പന്തില്‍ 36), തിലക് വര്‍മ (18 പന്തില്‍ പുറത്താവാതെ 34) എന്നിവരാണ് തിളങ്ങിയ മറ്റ് താരങ്ങള്‍.
ലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 14 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്‌ടമായ പഞ്ചാബിന്‍റെ തോല്‍വി ഭാരം കുറച്ചത് ശശാങ്ക് സിങ്ങും അശുതോഷ് ശര്‍മയും നടത്തിയ പോരാട്ടമാണ്. എട്ടാം നമ്പറില്‍ ക്രീസിലെത്തി 28 പന്തില്‍ രണ്ട് ബൗണ്ടറികളും ഏഴ് സിക്‌സറുകളും സഹിതം 61 റണ്‍സ് നേടിയ അശുതോഷ് ശര്‍മ ടീമിന്‍റെ ടോപ് സ്‌കോററായി. 25 പന്തില്‍ രണ്ട് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം 41 റണ്‍സായിരുന്നു ശശാങ്ക് നേടിയത്.