ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17-ാം പതിപ്പില്‍ ഇന്ന് കലാശപ്പോര്. 10 ടീമുകള്‍ ഏറ്റുമുട്ടിയ ലീഗ് ഘട്ടത്തിലെ ആവേശകരമായ നിരവധി പോരാട്ടങ്ങള്‍ക്ക് ശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് കിരീടപ്പോരിന് ഇറങ്ങുന്നത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം.
ലീഗ് ഘട്ടത്തില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തായിരുന്നു കൊല്‍ക്കത്തയും ഹൈദരാബാദും ഫിനിഷ് ചെയ്‌തത്. ഒന്നാം ക്വാളിഫയറില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. തോല്‍വി വഴങ്ങിയതോടെ രണ്ടാം ക്വാളിഫയറിന് ഇറങ്ങേണ്ടി വന്ന ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കിയാണ് മുന്നേറ്റം ഉറപ്പിച്ചത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത തങ്ങളുടെ മൂന്നാമത്തേയും ഹൈദരാബാദ് രണ്ടാമത്തെയും കിരീടമാണ് ലക്ഷ്യം വയ്‌ക്കുന്നത്.
ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ കളിച്ച കൊല്‍ക്കത്ത മിന്നും കുതിപ്പാണ് സീസണില്‍ നടത്തിയത്. ലീഗ് ഘട്ടത്തില്‍ 14 മത്സരങ്ങളിലും ഒമ്പതിലും ടീം വിജയിച്ചിരുന്നു. കൊല്‍ക്കത്തയുടെ പ്രകടനത്തിന് പിന്നില്‍ മെന്‍റര്‍ ഗൗതം ഗംഭീറിന്‍റെ തന്ത്രങ്ങള്‍ നിര്‍ണായകമാണ്. മികച്ച ടീം ഗെയിമാണ് കൊല്‍ക്കത്ത കളിക്കുന്നത്.
സുനില്‍ നരെയ്‌ന്‍, ശ്രേയസ് അയ്യര്‍, വെങ്കിടേഷ് അയ്യര്‍, റിങ്കു സിങ്, ആന്ദ്രെ റസല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, വരുണ്‍ ചക്രവര്‍ത്തി എന്നിവരിലാണ് പ്രധാന പ്രതീക്ഷ. സ്‌പിന്നിന് പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചെന്നൈയില്‍ വരുണ്‍ ചക്രവര്‍ത്തിയുടേയും സുനില്‍ നരെയ്‌ന്‍റേയും കുത്തിത്തിരിയുന്ന പന്തുകള്‍ ഹൈദരാബാദിന് വെല്ലുവിളി തീര്‍ക്കും. നേരത്തെ, ഗൗതം ഗംഭീറിന് കീഴില്‍ 2012, 2014 സീസണുകളിലാണ് കൊല്‍ക്കത്ത ചാമ്പ്യന്മാരായത്.
ടൂര്‍ണമെന്‍റിന്‍റെ കഴിഞ്ഞ മൂന്ന് സീസണുകളിലും പോയിന്‍റ് ടേബിളില്‍ താഴെയായിരുന്നു ഹൈദരാബാദിന്‍റെ സ്ഥാനം. എന്നാല്‍ പുതിയ സീസണില്‍ പാറ്റ് കമ്മിന്‍സിന്‍റെ കീഴില്‍ അവര്‍ അടിമുടി മാറി. സീസണില്‍ ലീഗ് ഘട്ടത്തില്‍ കളിച്ച 14 മത്സരങ്ങളില്‍ എട്ടിലും അവര്‍ വിജയം പിടിച്ചു.
ബാറ്റിങ് യൂണിറ്റാണ് ഹൈദരാബാദിന്‍റെ കരുത്ത്. മികച്ച തുടക്കത്തിന് ട്രാവിസ് ഹെഡും രാഹുല്‍ ത്രിപാഠിയും, ഏറ്റുപിടിക്കാന്‍ എയ്‌ഡന്‍ മാര്‍ക്രവും നിതീഷ് റെഡ്ഡിയും ഹെൻറിച്ച് ക്ലാസും ഹൈദരാബാദ് ബാറ്റിങ് നിര സെറ്റാണ്. ബോളിങ് യൂണിറ്റില്‍ ഭുവനേശ്വര്‍ കുമാര്‍, പാറ്റ് കമ്മിന്‍സ്, ടി നടരാജന്‍, ഷഹ്‌ബാസ് അഹമ്മദ് എന്നിവരുടെ പ്രകടനത്തിലും ടീമിന് പ്രതീക്ഷ ഏറെ. നേരത്തെ, 2016 സീസണിലായിരുന്നു ഹൈദരാബാദ് കിരീടം നേടിത്.
ഇന്ന് നേരിയ തോതിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ടെങ്കിലും മത്സരം തടസപ്പെടാൻ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കുകളിലും ഓണ്‍ലൈനായി ജിയോ സിനിമ ആപ്പിലുമാണ് മത്സരം തത്സമയം കാണാന്‍ സാധിക്കുക.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (സാധ്യത ഇലവന്‍): സുനിൽ നരെയ്ൻ, റഹ്മാനുള്ള ഗുർബാസ് (ഡബ്ല്യുകെ), വെങ്കിടേഷ് അയ്യർ, ശ്രേയസ് അയ്യർ (സി), റിങ്കു സിംഗ്, ആന്ദ്രെ റസൽ, രമൺദീപ് സിംഗ്, മിച്ചൽ സ്റ്റാർക്ക്, വൈഭവ് അറോറ, ഹർഷിത് റാണ, വരുൺ ചക്രവർത്തി.
സൺറൈസേഴ്‌സ് ഹൈദരാബാദ് (സാധ്യത ഇലവന്‍): ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, രാഹുൽ ത്രിപാഠി, എയ്‌ഡൻ മർക്രം, നിതീഷ് റെഡി, ഹെൻറിച്ച് ക്ലാസൻ (ഡബ്ല്യുകെ), അബ്‌ദുൾ സമദ്, പാറ്റ് കമ്മിൻസ് (സി), ഭുവനേശ്വർ കുമാർ, ജയ്ദേവ് ഉനദ്ഘട്ട്, ടി നടരാജൻ.