ഹൈദരാബാദ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (Indian Premier League) തങ്ങളുടെ ആദ്യ സീസണില്‍ ചാമ്പ്യന്മാര്‍, പിന്നെ രണ്ടാം സ്ഥാനക്കാര്‍. കഴിഞ്ഞ കാലങ്ങളില്‍ മികവിന്‍റെ കഥമാത്രമാണ് ഗുജറാത്ത് ടൈറ്റന്‍സിന് (Gujarat Titans) പറയാനുള്ളത്. ഐപിഎല്‍ 2024-ലും തങ്ങളുടെ മികവ് ആവര്‍ത്തിക്കാനുറച്ചാവും ഗുജറാത്ത് ഇറങ്ങുക.
പുതിയ നായകന്‍ ശുഭ്‌മാന്‍ ഗില്ലാണ് (Shubman Gill) പുതിയ സീസണില്‍ (IPL 2024) ഗുജറാത്ത് ടീമിനെ നയിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) തന്‍റെ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് (Mumbai Indians) ചേക്കേറിയതോടെയാണ് 24-കാരനായ ഗില്ലിനെ ഫ്രാഞ്ചൈസി ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ബാറ്ററെന്ന നിലയില്‍ ഇതിനകം തന്നെ തെളിയിച്ച ഗില്ലിന്‍റെ ക്യാപ്റ്റന്‍സി മികവാണ് വരുന്ന സീസണില്‍ മാറ്റുരയ്‌ക്കപ്പെടുക.
തിളങ്ങിയാല്‍ ഇന്ത്യയുടെ ഭാവി നായകനെന്ന അവകാശവാദം ഇപ്പോള്‍ തന്നെ ശക്തമാക്കാന്‍ ഗില്ലിന് കഴിയും. ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ടിങ് മികവിന്, പകരം കണ്ടെത്തുകയെന്നത് പ്രയാസമാണെങ്കിലും ഗുജറാത്തിന്‍റെ ആത്മവിശ്വാസത്തിന് കുറവുണ്ടാവില്ലെന്ന് ഉറപ്പിക്കാം. ബാറ്റിങ് നിരയില്‍ ഗുജറാത്തിന് കാര്യമായി ആവലാതികളില്ല.
കഴിഞ്ഞ സീസണിലെ റണ്‍വേട്ടക്കാരനായ ശുഭ്‌മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, സായ് സുദര്‍ശന്‍ ടോപ് ഓര്‍ഡര്‍ സെറ്റ്. മധ്യനിരയിലിറങ്ങാന്‍ വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, കെയ്ൻ വില്യംസൺ, മാത്യു വെയ്‌ഡ്, ഷാരൂഖ് ഖാന്‍ എന്നിങ്ങനെ കരുത്തര്‍. ഗുജറാത്ത് സ്‌കോര്‍ ബോര്‍ഡിലേക്ക് റണ്ണൊഴുകും. റാഷിദ് ഖാന്‍, അസ്മത്തുള്ള ഒമർസായി എന്നിവരുടെ ഓള്‍റൗണ്ടിങ് മികവും ടീമിന് ഏറെ ഗുണം ചെയ്യുന്നതാണ്.
ബോളിങ് യൂണിറ്റില്‍ മുഹമ്മദ് ഷമിയുടെ അഭാവം ടീമിന് കനത്ത തിരിച്ചടിയാണ്. ഏകദിന ലോകകപ്പിനിടെയേറ്റ പരിക്കില്‍ നിന്നും തിരിച്ചുവരവിന്‍റെ പാതിയിലുള്ള ഷമിയ്‌ക്ക് ഐപിഎല്‍ പൂര്‍ണമായും നഷ്‌ടമാവുമെന്ന് ബിസിസിഐ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ഷമിയുടെ അനുഭവ സമ്പത്തിന് മറ്റൊരാളെ പകരം വയ്‌ക്കുക ഗുജറാത്തിനെ സംബന്ധിച്ച് പ്രയാസം തന്നെയാവും.
ഇന്ത്യന്‍ വെറ്ററന്‍ ഉമേഷ് യാദവാകും ടീമിന്‍റെ പേസ് യൂണിറ്റിനെ നയിക്കുക. സ്പെൻസർ ജോൺസൺ, ജോഷ്വി ലിറ്റില്‍, മോഹിത് ശര്‍മ, കാര്‍ത്തിക് ത്യാഗി എന്നിവരാണ് ടീമിലെ മറ്റ് പ്രധാന പേസര്‍മാര്‍. സ്‌പിന്‍ യൂണിറ്റിലേക്ക് എത്തുമ്പോള്‍ റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവരുടെ പന്തുകള്‍ എതിരാളികളെ പ്രതിരോധത്തിലാക്കുമെന്നുറപ്പ്. ആവശ്യമെങ്കില്‍ ഇരുവരേയും ഒന്നിച്ച് കളിപ്പിക്കാനും ഗുജറാത്ത് മടിച്ചേക്കില്ല. കളത്തിന് പുറത്ത് ആശിഷ് നെഹ്‌റ എന്ന ചാണക്യന്‍റെ തന്ത്രങ്ങളും ടീമിന് കുതിപ്പ് നല്‍കും.
ഗുജറാത്ത് ടൈറ്റന്‍സ് സ്‌ക്വാഡ് : അഭിനവ് സദരംഗനി, ബി. സായ് സുദർശൻ, ദർശൻ നൽകണ്ടെ, ഡേവിഡ് മില്ലർ, ജയന്ത് യാദവ്, ജോഷ്വ ലിറ്റിൽ, കെയ്ൻ വില്യംസൺ, മാത്യു വെയ്‌ഡ്, മുഹമ്മദ് ഷമി, മോഹിത് ശർമ, നൂർ അഹമ്മദ്, ആർ സായ് കിഷോർ, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാൻ, ശുഭ്‌മാൻ ഗിൽ, വിജയ് ശങ്കർ, വൃദ്ധിമാൻ സാഹ, അസ്മത്തുള്ള ഒമർസായി, ഉമേഷ് യാദവ്, മാനവ് സുധാർ, ഷാരൂഖ് ഖാൻ, സുശാന്ത് മിശ്ര, കാർത്തിക് ത്യാഗി, സ്പെൻസർ ജോൺസൺ, റോബിൻ മിൻസ് (IPL 2024 Gujarat Titans Squad).