ന്യൂഡല്‍ഹി: ഐപിഎല്ലിന്‍റെ (IPL 2024 ) പുതിയ സീസണിന് പുത്തന്‍ പ്രതീക്ഷകളുമായി ഒരുങ്ങുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് (Delhi Capitals). റിഷഭ് പന്തിന്‍റെ (Rishabh Pant) തിരിച്ചുവരവിന്‍റെ ഊര്‍ജ്ജത്തില്‍ കഴിഞ്ഞ സീസണിലെ മോശം പ്രകടനം മറികടന്ന് കന്നി കിരീടം തൂക്കാനുറച്ചാവും ഡല്‍ഹി ലക്ഷ്യം വയ്‌ക്കുന്നത്. 2022- ഡിസംബര്‍ അവസാനത്തിലുണ്ടായ കാര്‍ അപകടത്തെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ പന്തിന് കളത്തിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല.
പന്തിന്‍റെ അഭാവത്തില്‍ കഴിഞ്ഞ സീസണില്‍ ഡേവിഡ് വാര്‍ണര്‍ക്ക് കീഴിലിറങ്ങിയ ഡല്‍ഹിക്ക് ഒമ്പതാമതായി ആയിരുന്നു ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. കളിച്ച 14 മത്സരങ്ങളില്‍ ഒമ്പതിലും ടീം തോല്‍വി വഴങ്ങി. ഇക്കുറി ടീമിന്‍റെ കരുത്തും ദൗര്‍ബല്യവും പരിശോധിക്കാം.
അനുഭവസമ്പത്തിന്‍റേയും യുവത്വത്തിന്‍റേയും മിശ്രണമാണ് ഡല്‍ഹിയുടെ ബാറ്റിങ് നിര. ഡേവിഡ് വാര്‍ണര്‍- പൃഥ്വി ഷാ ഓപ്പണിങ് കോമ്പോ ഏതൊരു എതിരാളിയേയും വെല്ലുവിളിക്കാന്‍ പോന്നതാണ്. കഴിഞ്ഞ സീസണില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും നിലവില്‍ മിന്നും ഫോമിലാണ് പൃഥ്വി ഷായുള്ളത്. രഞ്‌ജി ട്രോഫിയില്‍ മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്. ഇതു ഡല്‍ഹിക്ക് ആശ്വാസം നല്‍കുന്ന കാര്യമാണ്.
ഇന്ത്യന്‍ യുവ രക്തം യാഷ് ധുള്‍, മിച്ചല്‍ മാര്‍ഷിന്‍റെ വെടിക്കെട്ട്, ഷായ് ഹോപ്, ട്രിസ്റ്റിയൻ സ്റ്റബ്‌സ് എന്നിവര്‍ക്ക് പുറമെ സൂപ്പര്‍ ഫിനിഷറായി പന്തും. ഡല്‍ഹിയുടെ ബാറ്റിങ് നിര സെറ്റ്. കാര്യങ്ങള്‍ ഇങ്ങിനെയാണെങ്കിലും ഡല്‍ഹി ബാറ്റിങ് നിരയിലെ പ്രധാന പോരായ്‌മ അനുഭവ സമ്പത്തുള്ള ഇന്ത്യന്‍ ബാറ്റര്‍മാരുടെ കുറവാണ്.
റിഷഭ് പന്ത്, പൃഥ്വി ഷാ എന്നിവരെ കൂടാതെ യാഷ് ധുള്‍, കുമാർ കുശാഗ്ര, ലളിത് യാദവ്, റിക്കി ഭുയി, സുമിത് കുമാർ, സ്വസ്‌തിക് ചിക്കാര എന്നിങ്ങനെയാണ് ഡല്‍ഹി നിരയിലെ ഇന്ത്യന്‍ ബാറ്റര്‍മാര്‍. എന്നാല്‍ ഇവരെല്ലാം തന്നെ തങ്ങളുടെ ആദ്യത്തെ അല്ലെങ്കിൽ രണ്ടാമത്തെ മാത്രം സീസണിനാണ് ഇറങ്ങുന്നത്. ഇക്കാരണത്താല്‍ പന്ത്- ഷാ എന്നിവരെ ഡല്‍ഹിക്ക് കൂടുതല്‍ ആശ്രയിക്കേണ്ടി വരും.
ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആൻറിച്ച് നോര്‍ട്‌ജെ, ഓസീസിന്‍റെ ജൈ റിച്ചാർഡ്‌സണ്‍, മിച്ചല്‍ മാര്‍ഷ് എന്നീ വിദേശ താരങ്ങള്‍ക്കൊപ്പം മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, ഇഷാന്ത് ശര്‍മ എന്നിവരാണ് പേസ് യൂണിറ്റില്‍ അണിനിരക്കുക. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ങ്കിഡി പരിക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയാണ്.
കഴിഞ്ഞ വർഷം സെപ്തംബർ മുതൽ ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന ആൻറിച്ച് നോര്‍ട്‌ജെയുടെ തിരിച്ചുവരവാണിത്. താരത്തിന്‍റെ പ്രകടനം ടീമിന് നിര്‍ണായകമാവും. സ്‌പിന്‍ യൂണിറ്റിലേക്ക് എത്തുമ്പോള്‍ കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ തിളങ്ങിയാല്‍ ഡല്‍ഹിക്ക് പേടിക്കാനില്ല. മധ്യ ഓവറുകളില്‍ റണ്ണൊഴുക്ക് നിയന്ത്രിക്കുന്നതില്‍ ഇരുവരുടേയും പ്രകടനം ഡല്‍ഹിക്ക് ഏറെ നിര്‍ണായകമാവും.
ALSO READ: 'ലക്ഷ്യം കിരീടം മാത്രം...'; ഐപിഎല്ലിന് മുൻപ് നയം വ്യക്തമാക്കി ഗൗതം ഗംഭീര്‍
ഡല്‍ഹി സ്‌ക്വാഡ്: റിഷഭ് പന്ത്, അഭിഷേക് പോറെൽ, റിക്കി ഭുയി, യാഷ് ദുൽ, ഷായ് ഹോപ്, കുമാർ കുശാഗ്ര, പൃഥ്വി ഷാ, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഡേവിഡ് വാർണർ, ലളിത് യാദവ്, മിച്ചൽ മാർഷ്, അക്സർ പട്ടേൽ, സുമിത് കുമാർ, ഖലീൽ അഹമ്മദ്, പ്രവീൺ ദുബെ, കുൽദീപ് യാദവ്, മുകേഷ് കുമാർ യാദവ്, ജേക് ഫ്രേസര്‍ മക്‌ഗുര്‍ക്, ആൻറിച്ച് നോർട്ട്ജെ, വിക്കി ഒസ്‌തവാള്‍, റാസിഖ് സലാം, ജൈ റിച്ചാർഡ്‌സൺ, ഇഷാന്ത് ശർമ്മ, സ്വസ്‌തിക് ചിക്കാര.