വിശാഖപട്ടണം: നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് ഐപിഎല്‍ 17-ാം സീസണിലെ ആദ്യ വിജയം സ്വന്തമാക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് കഴിഞ്ഞിരുന്നു. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ 20 റണ്‍സിനായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് തറപറ്റിച്ചത്. ഒന്നര വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരികെ എത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്ത് സ്വയം അടയാളപ്പെടുത്തിയ മത്സരം കൂടിയായിരുന്നുവിത്.
ഇതിന് മുന്നെ രണ്ട് തവണ കളത്തിലിറങ്ങിയപ്പോളും തിളങ്ങാന്‍ പന്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ വിശാഖപട്ടണത്ത് 26-കാരന്‍ കളം നിറഞ്ഞു. ബാറ്റിങ് ഓര്‍ഡറില്‍ മൂന്നാം നമ്പറിലേക്ക് കയറിയായിരുന്നു പന്ത് ക്രീസിലേക്ക് എത്തിയത്. പുറത്താവും മുമ്പ് 32 പന്തില്‍ 51 റണ്‍സായിരുന്നു താരം അടിച്ച് കൂട്ടിയത്.
ഏറെ ശ്രദ്ധയോടെയായിരുന്നു പന്തിന്‍റെ തുടക്കം. ആദ്യം നേരിട്ട 23 പന്തുകളില്‍ 23 റണ്‍സായിരുന്നു സമ്പാദ്യം. എന്നാല്‍ തുടര്‍ന്ന് നേരിട്ട എട്ട് പന്തുകളില്‍ നിന്നും 28 റണ്‍സാണ് പന്തിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്. നാല് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്.
ഐപിഎല്ലില്‍ 465 ദിവസങ്ങള്‍ക്ക് ശേഷമാണ് പന്ത് വീണ്ടുമൊരു അര്‍ധ സെഞ്ചുറി നേടുന്നത്. മത്സരത്തിന് ശേഷം തന്‍റെ ഇന്നിങ്‌സിനെ കുറിച്ച് തികഞ്ഞ ആത്മവിശ്വാസത്തോടെ ആയിരുന്നു പന്ത് സംസാരിച്ചത്. ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുക എന്ന ചിന്തമാത്രമായിരുന്നു എപ്പോളും തന്‍റെ മനസില്‍ ഉണ്ടായിരുന്ന്. കളിക്കളത്തില്‍ സ്വയം പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും താരം പറഞ്ഞു.
"ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ എന്‍റെ നൂറ് ശതമാനവും എനിക്ക് കളത്തില്‍ ഓരോ ദിവസവും നല്‍കേണ്ടതുണ്ട്. വിശാഖപട്ടണത്ത് ഞാന്‍ ആവശ്യമായ സമയം എടുത്താണ് തുടക്കത്തില്‍ കളിച്ചത്. കാരണം കഴിഞ്ഞ ഒന്നര-രണ്ട് വർഷമായി ഞാൻ അധികം ക്രിക്കറ്റ് കളിച്ചിട്ടില്ല.
അതിനാൽ തന്നെ എനിക്ക് വേണ്ടത്ര സമയം നൽകണമെന്ന് ഞാൻ കരുതി. അവസാനത്തേക്ക് എത്തുമ്പോള്‍ മത്സരത്തിന്‍റെ ഗതിമാറ്റാന്‍ കഴിയുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുകയും ചെയ്‌തിരുന്നു. ജീവിതത്തിൽ എന്ത് സംഭവിച്ചാലും ഗ്രൗണ്ടിലേക്ക് തിരികെ എത്തണമെന്നായിരുന്നു എന്‍റെ ആഗ്രഹം.
അക്കാര്യത്തില്‍ എനിക്ക് തികഞ്ഞ ആത്മവിശ്വാസവുമുണ്ടായിരുന്നു. എപ്പോഴും അതേക്കുറിച്ച് മാത്രമായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്. മറ്റൊന്നും എന്‍റെ മനസിലുണ്ടായിരുന്നില്ല" പന്ത് പറഞ്ഞു.
അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 191 റണ്‍സായിരുന്നു അടിച്ചത്. പന്തിനെ കൂടാതെ ഡേവിഡ് വാര്‍ണറും (35 പന്തില്‍ 52) അര്‍ധ സെഞ്ചുറി നേടി. പൃഥ്വി ഷായും (27 പന്തില്‍ 43) തിളങ്ങി. മറുപടിക്ക് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ആറിന് 171 റണ്‍സില്‍ ഒതുങ്ങി.