ചെന്നൈ:ചെന്നൈ: ഐ പി എൽ 2024 സീസണിലെ ആദ്യ മൽസരത്തിൽ 6 വിക്കറ്റിന് ബാംഗ്ളൂർ റോയൽ ചാലഞ്ചേഴ്സിനെ തോൽപ്പിച്ച് എം എ ചിദംബരം സ്റ്റേഡിയത്തിലെ കാണികൾക്ക് മുന്നിൽ വിജയത്തുടക്കം കുറിച്ച് സി എസ് കെ. നാൽപ്പത്തി രണ്ടാം വയസ്സിലും തൻ്റെ പ്രതിഭയ്ക്ക് മങ്ങലേറ്റിട്ടില്ലെന്ന് വിളിച്ചോതുന്ന പ്രകടനവുമായി ചെന്നൈയുടെ മഹേന്ദ്ര സിങ്ങ് ധോണി.
ടോസ് നേടിയ ബാംഗ്ളൂർ റോയൽ ചാലഞ്ചേഴ്സ് ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ബംഗ്ലാദേശിൻ്റെ ഇടംകൈയൻ ബൌളർ മുസ്താഫിസുർ റഹ്മാൻ്റെ ഉജ്വല ബൌളിങ്ങ് പ്രകടനത്തിൻ്റെ ബലത്തിൽ ബാംഗ്ളൂർ റോയൽ ചാലഞ്ചഴ്സിനെ173 റൺസിലൊതുക്കിക്കൊണ്ടാണ് ഐ പിഎൽ ഉദ്ഘാടന മൽസരത്തിൽ ചെന്നൈ സൂപ്പർ കിങ്ങ്സ് അരങ്ങേറിയത്.വിക്കറ്റിനു പിറകിൽ രണ്ട് ക്യാച്ചുകളും ഒരു റൺ ഔട്ടുമായി മഹേന്ദ്രസിങ്ങ് ധോണിയും കിടയറ്റ പ്രകടനം കാഴ്ച വെച്ചു.
ഓപ്പണർമാരായി ഇറങ്ങിയ വിരാട് കോഹ്ലിയും ഡ്യുപ്ലെസിസും ആദ്യഓവറുകളിൽ കരുതലോടെയാണ് തുടങ്ങിയത്. പതിയെ ഡ്യുപ്ലെസിസ് ബൌളർമാരെ കടന്നാക്രമിക്കാൻ തുടങ്ങി. ദീപക് ചാഹറിനെയും തുഷാർദേശ്പാണ്ഡേയെയും മഹീഷ് തീക്ഷണയേയും റിതുരാജ് ഗെയ്ക്ക് വാദ് മാറിമാറി പരീക്ഷിച്ചെങ്കിലും ഓപ്പണിങ്ങ് കൂട്ടുകെട്ട് തകർക്കാൻ മുസ്താഫിസുർ റഹ്മാൻ്റെ ആദ്യ ഓവർ വരെ കാത്തിരിക്കേണ്ടി വന്നു.ഡീപ് പോയിൻ്റിൽ രചിൻ രവീന്ദ്രയ്ക്ക് ക്യാച്ച് നൽകി ഡ്യൂപ്ലെസിസ് മടങ്ങി.പിന്നാലെയെത്തിയ രജത് പട്ടീദാറിന് കാര്യമായൊന്നും ചെയ്യാനായില്ല. കേവലം നാല് പന്ത് നേരിട്ട് സംപൂജ്യനായി പട്ടീദാർ പവലിയനിലേക്ക് മടങ്ങി.മുസ്താഫിസുർ റഹ്മാൻ്റെ പന്തിൽ വിക്കറ്റിനു പിന്നിൽ ധോണിയുടെ മനോഹരമായൊരു ക്യാച്ച്.
പട്ടീദാറിന് പകരമെത്തിയ ഗ്ലെൻ മാക്സ്വെല്ലിനേയും നിലയുറപ്പിക്കാൻ വിടുന്നതിന് മുമ്പ് ദീപക് ചാഹർ കൂടാരം കയറ്റി. വിക്കറ്റിനു പിന്നിൽ ധോണിയ്ക്ക് അനായാസമായ ഒരു ക്യാച്ച്.മറുവശത്ത് നിലയുറപ്പിച്ച് കരുതലോടെ കളിച്ച കോഹ്ലി പത്താം ഓവറിൽ മഹീഷ് തീക്ഷണയെ സിക്സർ പറത്തി. മുസ്താഫിസുർ റഹ്മാൻ എറിഞ്ഞ പന്ത്രണ്ടാം ഓവറിൽ കോഹ്ലി പുറത്തായി.ഡീപ്പ് മിഡ് വിക്കറ്റിൽ രചിൻ രവീന്ദ്ര ക്യാച്ചെടുത്തു.അതേ ഓവറിൽത്തന്നെ കാമറൂൺ ഗ്രീനിനേയും മുസ്താഫിസുർ റഹ്മാൻ ക്ലീൻ ബൌൾ ചെയ്തു.ദിനേഷ് കാർത്തിക്കും അനുജ് റാവത്തും ചേർന്ന് പതുക്കെ റോയൽ ചാലഞ്ചേഴ്സിൻ്റെസ്കോർ കാർഡ് പതുക്കെ ചലിപ്പിച്ചു കൊണ്ടേയിരുന്നു.ഇരുപതാം ഓവറിലെ അവസാന പന്തിൽ ധോണിയുടെ ഒരു ഡയറക്ട് ഹിറ്റിലൂടെ ദിനേഷ് കാർത്തിക് റണ്ണൌട്ടാകുമ്പോൾ റോയൽ ചാലഞ്ചേഴ്സിൻ്റെ സ്കോർ 6 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എന്ന നിലയിലായിരുന്നു.കോഹ്ലി 21 റൺസിന് പുറത്തായപ്പോൾ 25 പന്തിൽ നിന്ന് 48 റൺസെടുത്ത അനുജ് റാവത്ത് ബാംഗ്ളൂരിൻ്റെ ടോപ്പ് സ്കോററായി.Chennai Super Kings vs Royal Challengers Bengaluru highlights
174 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്ങ്സിന് ഓപ്പണർമാരായ റിതുരാജ് ഗെയ്ക്ക് വാദും രചിൻ രവീന്ദ്രയും ചേർന്ന് മികച്ച തുടക്കം നൽകി.രചിൻ രവീന്ദ്ര 15 പന്തിൽ നിന്ന് 37 റൺസടിച്ചു.രവീന്ദ്ര ജഡേജയും ശിവം ദുബേയും ചേർന്ന് പതുക്കെ ചെന്നൈ സൂപ്പർകിങ്ങ്സിനെ വിജയത്തോടടുപ്പിച്ചു.അൽസാരി ജോസഫ് എറിഞ്ഞ പതിനേഴാം ഓവർ സി എസ് കെയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കി.വൈഡും ബൈയുമൊക്കെയടക്കം 16 റൺസാണ് ചെന്നൈക്ക് ആ ഓവറിൽ കിട്ടിയത്.ഒരോവറും 2 പന്തും ബാക്കി നിൽക്കേ അൽസാരി ജോസഫ് എറിഞ്ഞ പത്തൊമ്പതാം ഓവറിൽ ചെന്നൈ സൂപ്പർ കിങ്ങ്സ് വിജയ ലക്ഷ്യം മറികടന്നു. ശിവം ദുബേ 28 പന്തിൽ നിന്ന് 34 റൺസടിച്ചു. Chennai Super Kings vs Royal Challengers Bengaluru highlights