വഡോദര: ഗുജറാത്തിൽ പെയ്‌ത കനത്ത മഴയെ തുടര്‍ന്ന് എല്ലാ ജില്ലകളിലും വെള്ളപ്പൊക്ക സാഹചര്യമാണ്. ജലനിരപ്പ് ഉയർന്നതിനാൽ മിക്കയിടത്തും ആളപായമുണ്ടായി. വെള്ളപ്പൊക്കത്തിൽ പെട്ട് കുടുങ്ങി പോയവരില്‍ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം രാധാ യാദവുമുണ്ടായിരുന്നു. തുടർന്ന് എൻഡിആർഎഫ് സംഘം രാധാ യാദവിനെ രക്ഷപ്പെടുത്തി. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്നേയും കുടുംബത്തേയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതിന് എൻഡിആർഎഫ് ടീമിന് സ്റ്റാർ ബൗളർ നന്ദി പറഞ്ഞു.
'ആർക്കും എത്തിച്ചേരാൻ കഴിയാത്ത ഒരു മോശം സാഹചര്യത്തിൽ, ഈ ടീം എല്ലാവരേയും സഹായിക്കുന്നു, എല്ലാവർക്കും ഭക്ഷണം എത്തിക്കുന്നു. വളരെ നന്ദിയെന്ന് രാധാ യാദവ് കുറിച്ചു. വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ സംഘത്തില്‍ രാധാ യാദവും ഉള്‍പ്പെട്ടിട്ടുണ്ട്.
ഗുജറാത്തിലെ മിക്ക ജില്ലകളിലും കഴിഞ്ഞ നാലഞ്ചു ദിവസമായി പേമാരി പെയ്യുകയാണ്. എല്ലായിടത്തും വെള്ളം നിറഞ്ഞ് വെള്ളക്കെട്ട് രൂപപ്പെട്ടു. മഴയെ തുടർന്ന് 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതോടൊപ്പം വഡോദരയിലും സമാനമായ വെള്ളപ്പൊക്ക സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതിൽ വിശ്വാമിത്രി നദിയിലെ വെള്ളവും നഗരത്തിലേക്ക് ഒഴുകിയെത്തി.