ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അർജുന അവാർഡ് ജേതാവ് കൂടിയായ ഇന്ത്യൻ ഹോക്കി ടീം താരം വരുൺ കുമാറിനെതിരെ പോക്സോ കേസ്. ഹൈദരാബാദ് സ്വദേശിനിയും വോളിബോള്‍ താരവുമായ 22കാരിയാണ് ഹോക്കി ഇന്ത്യ ലീഗിൽ പഞ്ചാബ് വാരിയേഴ്‌സിന്‍റെ ഡിഫന്‍ഡറായ വരുൺ കുമാറിനെതിരെ ബെംഗളൂരു പൊലീസിൽ പരാതി നൽകിയത്.
2019ൽ ഇൻസ്റ്റഗ്രാമിലൂടെയാണ് വരുൺകുമാറിനെ പരിചയപ്പെട്ടതെന്നറിയിച്ച യുവതി അന്ന് തനിക്ക് 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും, വിവാഹ വാഗ്‌ദാനം നൽകി വരുൺ കുമാര്‍ പലതവണ പീഡിപ്പിച്ചെന്നുമാണ് പരാതി നല്‍കിയത് (POCSO Case Against Varun Kumar).
പരിശീലന ക്യാമ്പുകൾക്കായി ബെംഗളൂരുവിലെ സായ് സ്റ്റേഡിയത്തിൽ വരുമ്പോഴായിരുന്നു വരുൺ കുമാര്‍ തന്നെ പീഡിപ്പിച്ചിരുന്നത്. അഞ്ച് വർഷത്തിനിടെ പലതവണ ബലാത്സംഗം ചെയ്‌തെന്നും യുവതിയുടെ പരാതിയിലുണ്ട്. ഇതേ തുടർന്ന് ജ്ഞാനഭാരതി പൊലീസ് വരുൺ കുമാറിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു.
ഹിമാചൽ പ്രദേശ് സ്വദേശിയായ വരുൺ കുമാർ പഞ്ചാബിലെ ജലന്ധറിലാണ് താമസിക്കുന്നത്. 2017ൽ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം കുറിച്ച വരുണ്‍ 2022 ബർമിംഗ്‌ഹാം കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും, 2022 ഏഷ്യൻ ഗെയിംസിൽ സ്വർണവും, 2020 ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കലവും നേടിയ ഇന്ത്യൻ ഹോക്കി സംഘത്തിന്‍റെ ഭാഗമായിരുന്നു.
ഒളിമ്പിക്‌സിൽ ടീം വെങ്കലം നേടിയതിന് പിന്നാലെ ഹോക്കി കളിക്കാരനെന്ന നിലയിൽ അദ്ദേഹത്തിന്‍റെ സംഭാവനകളെ മാനിച്ച് ഹിമാചൽ പ്രദേശ് സർക്കാർ ഒരു കോടി രൂപ സമ്മാനമായി പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. വരുൺ കുമാർ ഒളിവിലാണെന്നും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.