എറണാകുളം: പാരിസ് ഒളിംപിക്‌സിലെ ഇന്ത്യന്‍ ഹോക്കി ടീമിന്‍റെ മെഡൽ നേട്ടം ആഘോഷമാക്കി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്‍റെ കുടുംബം. ശ്രീജേഷിന്‍റെ കിഴക്കമ്പലത്തെ വീട്ടില്‍ പടക്കം പൊട്ടിച്ചാണ് അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം വിജയം ആഘോഷിച്ചത്.
കരിയർ ബെസ്റ്റ് പെർഫോമൻസോടെ ഒരു മേജർ ടൂർണമെന്‍റ് കളിച്ച ശേഷം റിട്ടയർ ചെയ്യണമെന്നാണ് വിരമിക്കലിനെക്കുറിച്ച് ശ്രീജേഷ് പറയാറെന്ന് ഭാര്യ അനുഷ്യ പ്രതികരിച്ചു. കായിക ലോകത്തെ ഏറ്റവും വലിയ മത്സരത്തിൽ രാജ്യത്തിന്‍റെ അഭിമാനമായി മാറിക്കൊണ്ട് വിരമിക്കുക എന്നത് വലിയ സന്തോഷമാണെന്നും അനുഷ്യ പറഞ്ഞു.
മകന്‍ രാജ്യത്തിന് അഭിമാനമായതില്‍ സന്തോഷമുണ്ടെന്ന് ശ്രീജേഷിന്‍റെ മാതാവ് ഉഷ പ്രതികരിച്ചു. 'ആദ്യത്തെ ഒരു ഗോളടിച്ചപ്പോള്‍ തന്നെ ഞാന്‍ കളി കാണുന്നത് നിര്‍ത്തി, എഴുന്നേറ്റ് പോയി. കളി തീരുന്ന വരെ പ്രാര്‍ത്ഥനയിലായിരുന്നു. കളി കാണാന്‍ കഴിയുന്ന മാനസികാവസ്ഥയിലായിരുന്നില്ല.'- ശ്രീജേഷിന്‍റെ മാതാവ് ഇടിവി ഭാരതിനോട് പറഞ്ഞു. മകന്‍ വിജയത്തോടെ പടിയിറങ്ങുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും മാതാവ് പറഞ്ഞു.
ഒളിമ്പിക്‌സ് മെഡലോടെ മകന്‍ വിരമിക്കുന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ശ്രീജേഷിന്‍റെ പിതാവ് പി വി രവീന്ദ്രന്‍ പ്രതികരിച്ചു. സ്വര്‍ണമോ വെള്ളിയോ ആണ് പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. മകന്‍ എത്തിയ ശേഷം വിജയം വലിയ രീതിയില്‍ ആഘോഷിക്കുമെന്നും പിതാവ് പറഞ്ഞു.
ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ തകർപ്പൻ ജയത്തോടെയാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ സ്‌പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ശ്രീജേഷിന്‍റെ നിര്‍ണായകമായ സേവുകള്‍ കൂടിയാണ് ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. മെഡല്‍നേട്ടത്തിന് തൊട്ടുപിന്നാലെയാണ് അന്താരാഷ്‌ട്ര ഹോക്കിയിൽ നിന്ന് വിരമിക്കുന്നതായി പിആര്‍ ശ്രീജേഷ് അറിയിച്ചത്.
Also Read : ആ വന്‍മതില്‍ ഇനിയില്ല; അന്താരാഷ്‌ട്ര ഹോക്കിയില്‍ നിന്നും മെഡലുമായി ശ്രീജേഷിന്‍റെ പടിയിറക്കം