ന്യൂയോര്‍ക്ക്: ജസ്‌പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്... കളം നിറഞ്ഞാടിയ ഈ ബൗളര്‍മാരുടെ കരുത്തില്‍ ടി20 ലോകകപ്പില്‍ പാകിസ്ഥാനെ വീണ്ടും തകര്‍ത്തിരിക്കുകയാണ് ടീം ഇന്ത്യ. നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആവേശം അവസാന ഓവറിലേക്ക് അണപൊട്ടിയൊഴുകിയ പോരാട്ടത്തില്‍ ആറ് റണ്‍സിനായിരുന്നു രോഹിത് ശര്‍മയുടെയും കൂട്ടരുടെയും ജയം. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ 19 ഓവറില്‍ 119 റണ്‍സില്‍ പുറത്തായി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ ബാറ്റര്‍മാരെ ഇന്ത്യൻ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ അവരുടെ പോരാട്ടം 113 റണ്‍സില്‍ അവസാനിച്ചു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തേക്ക്. രണ്ടാമത്തെ മത്സരവും തോറ്റത് പാകിസ്ഥാന്‍റെ സൂപ്പര്‍ 8 മോഹങ്ങള്‍ക്കും തിരിച്ചടി.
താരതമ്യേന ചെറിയൊരു വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍റെ ബാറ്റിങ് ഏറെ കരുതലോടെയായിരുന്നു. പവര്‍പ്ലേയില്‍ വിക്കറ്റ് കളയാതിരിക്കാൻ നായകൻ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനും ശ്രമിച്ചു. എന്നാല്‍, അഞ്ചാം ഓവര്‍ എറിഞ്ഞ ജസ്‌പ്രീത് ബുംറ ബാബറിനെ (10 പന്തില്‍ 13) തന്നെ വീഴ്‌ത്തിക്കൊണ്ട് പാകിസ്ഥാന് ആദ്യ പ്രഹരമേല്‍പ്പിച്ചു.
4.4 ഓവറില്‍ സ്കോര്‍ 26ല്‍ നില്‍ക്കെയായിരുന്നു ബാബര്‍ അസം പുറത്തായത്. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ ഉസ്‌മാൻ ഖാനെ കൂട്ടുപിടിച്ച് റിസ്‌വാൻ പാക് സ്കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്നാണ് പാകിസ്ഥാനെ 50 കടത്തിയത്.
പത്ത് ഓവര്‍ അവസാനിക്കുമ്പോള്‍ 57-1 എന്ന നിലയിലായിരുന്നു പാകിസ്ഥാൻ. 11-ാം ഓവര്‍ എറിയാനെത്തിയ അക്‌സര്‍ പട്ടേല്‍ ഉസ്‌മാൻ ഖാനെ (15 പന്തില്‍ 13) മടക്കി. പിന്നാലെ വന്ന ഫഖര്‍ സമാനും വമ്പൻ അടികളോടെ തുടങ്ങിയെങ്കിലും ക്രീസില്‍ അധികം ആയുസുണ്ടായിരുന്നില്ല. 8 പന്തില്‍ 13 റണ്‍സടിച്ച താരത്തെ 13-ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് കൂടാരം കയറ്റിയത്. ഇതോടെ, പാകിസ്ഥാനും സമ്മര്‍ദത്തിലായി.
അവസാന ആറ് ഓവറില്‍ 40 റണ്‍സ് മാത്രം സ്വന്തമാക്കിയാല്‍ പാകിസ്ഥാന് ജയിക്കാമെന്നതായിരുന്നു അവസ്ഥ. പാക് പ്രതീക്ഷകളുമായി ക്രീസില്‍ ഉണ്ടായിരുന്നത് മുഹമ്മദ് റിസ്‌വാൻ. ഈ സമയത്താണ് രണ്ടാം സ്പെല്ലിനായി സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് ഇന്ത്യൻ നായകൻ രോഹിത് ശര്‍മ പന്ത് ഏല്‍പ്പിക്കുന്നത്.
15-ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ റിസ്‌വാനെ (44 പന്തില്‍ 31) ക്ലീൻ ബൗള്‍ഡാക്കിക്കൊണ്ട് ബുംറ തന്‍റെ ലെവല്‍ എന്താണെന്ന് കാണിച്ചു. അടുത്ത അഞ്ച് പന്തില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുനല്‍കി. ഇതോടെ, കളിയും തിരിഞ്ഞു. ഷദാബ് ഖാൻ (4), ഇഫ്‌തിഖര്‍ അഹമ്മദ് എന്നിവര്‍ക്ക് മികവിലേക്ക് ഉയരാനും സാധിച്ചില്ല.
16-19 വരെയുള്ള ഓവറുകളില്‍ ഇന്ത്യൻ ബൗളര്‍മാര്‍ കൃത്യതയോടെ പന്തെറിഞ്ഞു. കൂടാതെ, ഒരൊറ്റ ബൗണ്ടറി പോലും ഈ ഓവറുകളില്‍ നേടാൻ പാകിസ്ഥാൻ ബാറ്റര്‍മാര്‍ക്കായില്ല. ഇതോടെ, അവസാന ഓവറില്‍ 18 റണ്‍സായി പാകിസ്ഥാന് ജയിക്കാൻ.
പന്തെറിയാൻ എത്തിയ അര്‍ഷ്‌ദീപ് ആദ്യ പന്തില്‍ തന്നെ ഇമാദ് വസീമിനെ (23 പന്തില്‍ 15) മടക്കി. അടുത്ത രണ്ട് പന്തില്‍ ഒരോ റണ്‍സ് വഴങ്ങിയ അര്‍ഷ്‌ദീപിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും പന്ത് ബൗണ്ടറി പായിക്കാൻ നസീം ഷായ്‌ക്കായി. എന്നാല്‍, അവസാന പന്തിലും ഇടം കയ്യൻ പേസര്‍ ഒരു റണ്‍ മാത്രം വിട്ടുകൊടുത്തതോടെ ഇന്ത്യയ്‌ക്ക് ആറ് റണ്‍സിന്‍റെ ആവേശജയം സ്വന്തം.
നാല് ഓവര്‍ പന്തെറിഞ്ഞ് 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് പാകിസ്ഥാന്‍റെ മൂന്ന് വിക്കറ്റുകള്‍ പിഴുത ജസ്‌പ്രീത് ബുംറയാണ് കളിയിലെ താരം. ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് സ്വന്തമാക്കി. വിക്കറ്റ് നേടാനായില്ലെങ്കിലും നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങിയ മുഹമ്മദ് സിറാജിന്‍റെ പ്രകടനവും ഇന്ത്യൻ ജയത്തില്‍ നിര്‍ണായകമായി.
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയെ തകര്‍ത്തത് ഹാരിസ് റൗഫ്, നസീം ഷാ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനങ്ങളാണ്. പാക് പേസര്‍ മുഹമ്മദ് ആമിറും മത്സരത്തില്‍ രണ്ട് വിക്കറ്റെടുത്തു. 31 പന്തില്‍ 42 റണ്‍സ് നേടിയ റിഷഭ് പന്ത് ആയിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍.
അക്‌സര്‍ പട്ടേല്‍ (20), രോഹിത് ശര്‍മ (13) എന്നിവരാണ് ഇന്ത്യൻ നിരയില്‍ രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍. വിരാട് കോലി (4), സൂര്യകുമാര്‍ യാദവ് (7), ശിവം ദുബെ (3), ഹാര്‍ദിക് പാണ്ഡ്യ (7), രവീന്ദ്ര ജഡേജ (0), അര്‍ഷ്‌ദീപ് സിങ് (9), ജസ്‌പ്രീത് ബുംറ (0), മുഹമ്മദ് സിറാജ് (7*) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ താരങ്ങളുടെ പ്രകടനം.