ധര്‍മ്മശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് ഉയര്‍ത്താൻ ഇന്ത്യ (India vs England 5th Test). മത്സരത്തിന്‍റെ മൂന്നാം ദിനമായ ഇന്ന് 473-8 എന്ന നിലയില്‍ ഇന്ത്യ ബാറ്റിങ് പുനരാരംഭിക്കും (India vs England 5th Test Day 3). നിലവില്‍ ടീം ഇന്ത്യയ്‌ക്ക് 255 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഉള്ളത് (Ind vs Eng 5th Test Score).
കുല്‍ദീപ് യാദവ് (55 പന്തില്‍ 27), ജസ്‌പ്രീത് ബുംറ (55 പന്തില്‍ 19), എന്നിവരാണ് ക്രീസില്‍. രണ്ട് വിക്കറ്റ് ശേഷിക്കെ കഴിയുന്നത്രയും സ്കോര്‍ അടിച്ചെടുക്കാനായിരിക്കും മത്സരത്തിന്‍റെ മൂന്നാം ദിവസമായ ഇന്ന് ടീം ഇന്ത്യയുടെ ലക്ഷ്യം.
ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 135 റണ്‍സ് എന്ന നിലയില്‍ മത്സരത്തിന്‍റെ രണ്ടാം ദിനത്തില്‍ ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയെ നായകൻ രോഹിത് ശര്‍മയുടെയും ശുഭ്‌മാൻ ഗില്ലിന്‍റെയും സെഞ്ച്വറികളാണ് ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്കോറിലേക്ക് നയിച്ചത്. 162 പന്തില്‍ 103 റണ്‍സായിരുന്നു രോഹിത് ശര്‍മയുടെ സമ്പാദ്യം.
ഇന്ത്യയുടെ സ്കോര്‍ 275 റണ്‍സില്‍ നില്‍ക്കെ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സ് ആയിരുന്നു രോഹിതിനെ പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ തന്നെ ഗില്ലും പുറത്തായി. 150 പന്തില്‍ 110 റണ്‍സ് അടിച്ച ഗില്ലിനെ ജെയിംസ് ആന്‍ഡേഴ്‌സണാണ് മടക്കിയത്.
രണ്ടാം വിക്കറ്റില്‍ രോഹിത് - ഗില്‍ സഖ്യം 171 റണ്‍സാണ് ഇന്ത്യയ്‌ക്കായി കൂട്ടിച്ചേര്‍ത്തത്. പിന്നീട് എത്തിയ ദേവ്‌ദത്ത് പടിക്കലും സര്‍ഫറാസ് ഖാനും മികവ് തുടര്‍ന്നു. ടെസ്റ്റ് കരിയറില്‍ ആദ്യ മത്സരത്തിനിറങ്ങിയ പടിക്കല്‍ 65 റണ്‍സാണ് നേടിയത്. 103 പന്തില്‍ 10 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്.
60 പന്തില്‍ 56 റണ്‍സ് നേടിയാണ് സര്‍ഫറാസ് ഖാൻ (Sarfaraz Khan) മടങ്ങിയത്. രവീന്ദ്ര ജഡേജ (15), ധ്രുവ് ജുറെല്‍ (15), രവിചന്ദ്രൻ അശ്വിൻ എന്നിവരുടെ വിക്കറ്റുകളാണ് പിന്നീട് ഇന്ത്യയ്‌ക്ക് നഷ്‌ടപ്പെട്ടത്. അതേസമയം, മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 218 റണ്‍സായിരുന്നു നേടിയത്. കുല്‍ദീപ് യാദവ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്ക് വേണ്ടി അഞ്ച് വിക്കറ്റ് നേടിയിരുന്നു.