റാഞ്ചി : ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച.ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 112 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകരുള്ളത്(India vs England 4th Test Score Updates) 41 പന്തുകളില്‍ 16 റണ്‍സ് നേടിയ ജോ റൂട്ടാണ് ക്രീസിലുള്ളത്. സാക് ക്രൗളി (42 പന്തില്‍ 42), ബെന്‍ ഡക്കറ്റ് (21 പന്തില്‍ 11), ഒല്ലി പോപ്പ് (2 പന്തില്‍ 0), ജോണി ബെയര്‍സ്റ്റോ (35 പന്തില്‍ 38), ബെന്‍ സ്റ്റോക്സ് (6 പന്തില്‍ 3) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലീഷ് ടീമിന് നഷ്‌ടമായത്.
മൂന്ന് വിക്കറ്റുകളുമായി അരങ്ങേറ്റക്കാരന്‍ ആകാശ് ദീപാണ് (Akash Deep) ഇംഗ്ലീഷ് ബാറ്റിങ് നിരയെ പൊളിച്ചടുക്കുന്നതിന് നേതൃത്വം നല്‍കുന്നത്. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാരായ സൗക്ക് ക്രൗളിയും ബെന്‍ ഡെക്കറ്റും ചേര്‍ന്ന് 47 റണ്‍സ് നേടിയതോടെ ഭേദപ്പെട്ട തുടക്കമായിരുന്നു ഇംഗ്ലണ്ടിന് ലഭിച്ചത്.
നാലാം ഓവറില്‍ ക്രൗളിയെ ആകാശ് ദീപ് ബൗള്‍ഡാക്കിയെങ്കിലും ഫ്രണ്ട് ഫൂട്ട് നോ ബോളായതിനാല്‍ താരത്തിന് ജീവന്‍ കിട്ടി. പിന്നീട് ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയ ക്രോളിക്ക് പിന്തുണ നല്‍കുകയായിരുന്ന ഡക്കറ്റിനെ പുറത്താക്കിയാണ് ആകാശ് ഇംഗ്ലണ്ടിന് ആദ്യ പ്രഹരം നല്‍കുന്നത്. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന്‍റെ കയ്യിലാണ് ഡക്കറ്റ് അവസാനിച്ചത്.
രണ്ട് പന്തുകള്‍ക്കപ്പുറം ഒല്ലി പോപ്പിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ആകാശ് ഇംഗ്ലീഷ് ടീമിന് തുടര്‍ പ്രഹരം നല്‍കി. തുടര്‍ന്നെത്തിയ ജോ റൂട്ട് തുടക്കം തന്നെ ആകാശിന്‍റെ പന്തിലെ ശക്തമായ എല്‍ബിഡബ്ല്യു അപ്പീലില്‍ നിന്നും രക്ഷപ്പെട്ടു. എന്നാല്‍ ക്രൗളിയെ ക്ലീന്‍ ബൗള്‍ഡാക്കി ആകാശ് ദീപ് സന്ദര്‍ശകരെ കൂടുതല്‍ പ്രതിരോധത്തിലേക്ക് തള്ളിയിട്ടു. ഇതോടെ റൂട്ട് ശ്രദ്ധയോടെ കളിച്ചപ്പോള്‍ ജോണി ബെയര്‍സ്റ്റോയാണ് ഇംഗ്ലീഷ് ടീമിന്‍റെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. എന്നാല്‍ ബെയര്‍സ്റ്റോയെ അശ്വിന്‍ തിരിച്ചുകയറ്റി. പിന്നാലെ ബെന്‍ സ്റ്റോക്സിനെ ജഡേജയും മടക്കിയതിന് പിന്നാലെയാണ് മത്സരം ലഞ്ചിന് പിരിഞ്ഞത്.
ഇന്ത്യ പ്ലെയിങ് ഇലവൻ: രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാൻ ഗില്‍, രജത് പടിദാര്‍, സര്‍ഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രൻ അശ്വിൻ, ആകാശ് ദീപ്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് (India Playing XI For 4th Test).
ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ: ബെൻ ഡക്കറ്റ്, സാക്ക് ക്രാവ്‌ലി, ഒലീ പോപ്പ്, ജോ റൂട്ട്, ബെൻ സ്റ്റോക്‌സ് (ക്യാപ്‌റ്റൻ), ജോണി ബെയര്‍സ്റ്റോ, ബെൻ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്‌ലി, ഒലീ റോബിൻസണ്‍, ജെയിംസ് ആൻഡേഴ്‌സണ്‍, ഷൊയ്‌ബ് ബഷീര്‍ (England Playing XI For 4th Test Against India).