റാഞ്ചി : ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് ഒഴിവാക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങും (India vs England 4th Test Day 3 Preview). 7 വിക്കറ്റ് നഷ്‌ടത്തില്‍ 219 റണ്‍സ് എന്ന നിലയിലാകും ടീം ഇന്ത്യ മത്സരത്തിന്‍റെ മൂന്നാം ദിവസമായ ഇന്ന് ബാറ്റിങ് പുനരാരംഭിക്കുക. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് സ്കോറായ 353നേക്കാള്‍ 134 റണ്‍സ് പിന്നിലാണ് ഇന്ത്യ.
58 പന്തില്‍ 30 റണ്‍സുമായി ധ്രുവ് ജുറെല്‍, 72 പന്തില്‍ 17 റണ്‍സുമായി കുല്‍ദീപ് യാദവ് എന്നിവരാണ് ക്രീസില്‍. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറെലിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. മറുവശത്ത്, മൂന്നാം ദിനത്തിലെ ആദ്യ സെഷനില്‍ തന്നെ ഇന്ത്യയെ വീഴ്‌ത്തി ലീഡ് പിടിക്കാനുള്ള ശ്രമത്തിലാകും ഇംഗ്ലണ്ട്.
ഷൊയ്‌ബ് ബഷീറിന്‍റെ നാല് വിക്കറ്റ് പ്രകടനത്തിന് മുന്നിലായിരുന്നു റാഞ്ചിയില്‍ രണ്ടാം ദിനം ഇന്ത്യ വീണത്. രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ ഇംഗ്ലണ്ടിനെ 353 റണ്‍സില്‍ എറിഞ്ഞിടാൻ ഇന്ത്യയ്‌ക്കായി. മറുപടി ബാറ്റിങ്ങിന്‍റെ തുടക്കത്തില്‍ തന്നെ ഇന്ത്യ തകര്‍ച്ചയെ നേരിട്ടു.
മൂന്നാം ഓവറില്‍ നായകൻ രോഹിത് ശര്‍മയെ (2) നഷ്‌ടപ്പെട്ടു. ഇംഗ്ലീഷ് പേസറായിരുന്നു ഇന്ത്യൻ നായകനെ പുറത്താക്കിയത്. രണ്ടാം വിക്കറ്റില്‍ ശുഭ്‌മാന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് ഇന്ത്യൻ സ്കോര്‍ 50 കടത്തി.
25-ാം ഓവറില്‍ ഗില്ലിനെ വീഴ്‌ത്തി ഷൊയ്‌ബ് ബഷീര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 65 പന്തില്‍ 38 റണ്‍സായിരുന്നു ഗില്ലിന്‍റെ സ്മ്പാദ്യം. പിന്നാലെയെത്തിയ രജത് പടിദാറിനെയും (42 പന്തില്‍ 17) ബഷീര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.
12 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയും പുറത്തായതോടെ ഇന്ത്യ 130-4 എന്ന സ്കോറിലേക്ക് വീണു. ക്രീസില്‍ നിലയുറപ്പിച്ച് കളിച്ച ജയ്‌സ്വാളായിരുന്നു ബഷീറിന്‍റെ അടുത്ത ഇര. 117 പന്തില്‍ 73 റണ്‍സായിരുന്നു ജയ്‌സ്വാള്‍ നേടിയത്.
സര്‍ഫറാസ് ഖാന് 53 പന്തില്‍ 14 റണ്‍സേ നേടാനായുള്ളൂ. ടോം ഹാര്‍ട്‌ലിയായിരുന്നു സര്‍ഫറാസിനെ മടക്കിയത്. പിന്നാലെയെത്തിയ അശ്വിന്‍റെ വിക്കറ്റും ഹാര്‍ട്‌ലി സ്വന്തമാക്കുകയായിരുന്നു. 177-7 എന്ന നിലയില്‍ ക്രീസിലൊന്നിച്ച ധ്രുവ് ജുറെല്‍ കുല്‍ദീപ് യാദവ് സഖ്യമാണ് പിന്നീട് ഇന്ത്യൻ സ്കോര്‍ 200 കടത്തിയത്.