രാജ്കോട്ട് : ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 388 റണ്‍സ് എന്ന നിലയില്‍. (India vs England 3rd Test Score updates) ആര്‍ അശ്വിന്‍ R Ashwin (25), ധ്രുവ് ജൂറെല്‍ Dhruv Jurel (31) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്. ഇന്ന് ആദ്യ ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്‌ക്ക് തുടക്കം തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു.
നൈറ്റ് വാച്ച്‌മാന്‍ കുൽദീപ് യാദവിന്‍റെയും (4) രവീന്ദ്ര ജഡജേയുടേയും (112) വിക്കറ്റുകളായിരുന്നു വീണത്. തലേന്നത്തെ സ്‌കോറിനോട് വെറും ആറു റൺസ് ചേര്‍ക്കുന്നതിനിടെയാണ് ഇരുവരും പുറത്തായത്. കുല്‍ദീപിനെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന്‍റെ കയ്യില്‍ എത്തിച്ചപ്പോള്‍ ജഡേജയെ ജോ റൂട്ട് സ്വന്തം പന്തില്‍ പിടികൂടുകയായിരുന്നു. ആകെ 225 പന്തുകള്‍ നേരിട്ട ജഡേജയുടെ അക്കൗണ്ടില്‍ ഒമ്പത് ഫോറും രണ്ടു സിക്‌സറുകളുമുണ്ട്.
തുടര്‍ന്ന് ഒന്നിച്ച ധ്രുവ് ജൂറെലും അശ്വിനും ചേര്‍ന്ന് പിരിയാത്ത എട്ടാം വിക്കറ്റില്‍ ഇതേവരെ 57 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. അരങ്ങേറ്റ മത്സരം കളിക്കുന്ന ജൂറെല്‍ രണ്ട് ബൗണ്ടറികളും ഒരു സിക്‌സറും നേടിയപ്പോള്‍ അശ്വിന്‍ നാല് ബൗണ്ടറികളാണ് ഇതേവരെ കണ്ടെത്തിയത്. ഇംഗ്ലീഷ് പേസര്‍മാര്‍ക്ക് എതിരെ മികച്ച നിലയില്‍ കളിക്കുന്ന ഇരുവരും ഇന്ത്യയെ 400 കടത്തുമോയെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.
ക്യാപ്റ്റൻ രോഹിത് ശര്‍മയും ജഡേജയും സെഞ്ചുറി നേടിയതോടെ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 326 റൺസ് എന്ന നിലയിലായിരുന്നു ആതിഥേയര്‍. ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്.
യശസ്വി ജയ്‌സ്വാള്‍ (10), ശുഭ്‌മാന്‍ ഗില്‍ (0), രജത് പടിദാര്‍ (5) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ ഒരുഘട്ടത്തിൽ മൂന്നിന് 33 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച രോഹിത്- ജഡേജ സഖ്യം ടീമിന് കരുത്തായി. നാലാം വിക്കറ്റില്‍ 204 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
131 റണ്‍സ് നേടിയ രോഹിത്തിനെ മാര്‍ക്ക് വുഡ് വീഴ്‌ത്തിയതോടെയാണ് സഖ്യം പിരിയുന്നത്. 14 ബൗണ്ടറുകളും മൂന്ന് സിക്‌സറുകളുമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയിരുന്നത്. പിന്നീടെത്തിയ അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാന്‍ മികച്ച പ്രകടനം നടത്തിയതും ആതിഥേയര്‍ക്ക് മുതല്‍ക്കൂട്ടായി. 66 പന്തിൽ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സും സഹിതം 62 റൺസ് നേടിയാണ് താരം പുറത്തായത്. ജഡേജയുമായുള്ള ധാരണപ്പിശകായിരുന്നു സര്‍ഫറാസിന്‍റെ നിരാശജനകമായ പുറത്താവലിന് വഴിയൊരുക്കിയത്.
ALSO READ: 'എന്‍റെ മാത്രം തെറ്റ്'... സര്‍ഫറാസ് ഖാന്‍റെ റണ്‍ഔട്ടില്‍ ക്ഷമാപണം നടത്തി രവീന്ദ്ര ജഡേജ