വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 396 റണ്‍സിന് പുറത്ത് (India vs England 2nd Test). ആറിന് 336 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്‌ക്ക് ഇന്ന് 60 റണ്‍സാണ് കൂട്ടിച്ചേര്‍ക്കാനായത്. 290 പന്തില്‍ 209 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal) ഒഴികെ മറ്റാര്‍ക്കും ആദ്യ ഇന്നിങ്‌സില്‍ മികവിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല.
ജയ്‌സ്വാളും അശ്വിനും ചേര്‍ന്ന് കരുതലോടെയാണ് ഇന്ന് ഇന്ത്യന്‍ ഇന്നിങ്‌സ് ആരംഭിച്ചത്. ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡിലേക്ക് 28 റണ്‍സായിരുന്നു രണ്ടാം ദിവസമായ ഇന്ന് ഇരുവര്‍ക്കും ചേര്‍ന്ന് കൂട്ടിച്ചേര്‍ക്കാനായത്. 37 പന്തില്‍ 20 റണ്‍സെടുത്ത അശ്വിനെ ബെന്‍ ഫോക്‌സിന്‍റെ കൈകളിലെത്തിച്ച് ജെയിംസ് ആന്‍ഡേഴ്‌സണമാണ് ഇന്ത്യയുടെ പതനത്തിന് തുടക്കം കുറിച്ചത്.
അശ്വിന്‍ പുറത്തായതിന് പിന്നാലെ, ജയ്‌സ്വാള്‍ അതിവേഗം സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തി. 102-ാം ഓവര്‍ എറിയാനെത്തിയ ഷൊയ്‌ബ് ബഷീറിനെ സിക്‌സും ഫോറും പായിച്ച് ജയ്‌സ്വാള്‍ 200 കടക്കുകയും ചെയ്‌തിരുന്നു. ആൻഡേഴ്‌സണ്‍ എറിഞ്ഞ 107-ാം ഓവറിലായിരുന്നു ജയ്‌സ്വാള്‍ പുറത്താകുന്നത്.
ജോണി ബെയര്‍സ്റ്റോയ്‌ക്ക് ക്യാച്ച് നല്‍കിയായിരുന്നു ഇന്ത്യന്‍ ഓപ്പണറുടെ മടക്കം. 19 ഫോറും ഏഴ് സിക്‌സറുകളും അടങ്ങിയതായിരുന്നു ജയ്‌സ്വാളിന്‍റെ ഇന്നിങ്‌സ്. പിന്നാലെയെത്തിയ ജസ്‌പ്രീത് ബുംറയ്‌ക്കും മുകേഷ് കുമാറിനും അധികനേരം ഇംഗ്ലീഷ് ബൗളിങ് നിരയെ നേരിടാന്‍ സാധിച്ചില്ല.
9 പന്തില്‍ 6 റണ്‍സ് നേടിയ ബുംറയെ രേഹന്‍ അഹമ്മദാണ് തിരികെ പവലിയനിലെത്തിച്ചത്. മുകേഷ് കുമാര്‍ (0) ഷൊയ്‌ബ് ബഷീറിന് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്. 42 പന്ത് നേരിട്ട് 8 റണ്‍സ് നേടിയ കുല്‍ദീപ് യാദവ് ഇന്ത്യന്‍ നിരയില്‍ പുറത്താകാതെ നിന്നു. രോഹിത് ശര്‍മ (14), ശുഭ്‌മാന്‍ ഗില്‍ (34), ശ്രേയസ് അയ്യര്‍ (27), രജത് പടിദാര്‍ (32), അക്‌സര്‍ പട്ടേല്‍ (27), കെഎസ് ഭരത് (17) എന്നിവരുടെ വിക്കറ്റുകള്‍ മത്സരത്തിന്‍റെ ഒന്നാം ദിനത്തിലായിരുന്നു ഇന്ത്യയ്‌ക്ക് നഷ്‌ടമായത്.
ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഷൊയ്‌ബ് ബഷീര്‍, രേഹന്‍ അഹമ്മദ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകളാണ് നേടിയത്. ഹൈദരാബാദിലെ ആദ്യ മത്സരത്തിലെ ഹീറോ ടോം ഹാര്‍ട്‌ലിക്ക് വിശാഖപട്ടണത്തെ ആദ്യ ഇന്നിങ്‌സില്‍ ഒരു വിക്കറ്റുമായി തൃപതിപ്പെടേണ്ടി വരികയായിരുന്നു.
Also Read : വിശാഖപട്ടണത്ത് ജയ്‌സ്വാള്‍ 'അശ്വമേധം', ബഷീറിനെ സിക്‌സും ഫോറും തൂക്കി കരിയറിലെ ആദ്യ ഡബിള്‍ സെഞ്ച്വറി