ബാര്‍ബഡോസ് : ടി20 ലോകകപ്പിലെ സെമി ഫൈനല്‍ ലക്ഷ്യംവച്ചുള്ള ഇന്ത്യയുടെ യാത്രകള്‍ ഇന്ന് തുടങ്ങും. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ അട്ടിമറി വീരന്മാരായ അഫ്‌ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ബാര്‍ബഡോസ് കെൻസിങ്ടണ്‍ ഓവലില്‍ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുന്നത്.
ഐസിസി ടൂര്‍ണമെന്‍റുകളില്‍ പതിവ് പോലെ തന്നെ ആദ്യ റൗണ്ടില്‍ മികവ് പുലര്‍ത്താൻ ഇത്തവണയും ടീം ഇന്ത്യയ്‌ക്കായി. ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളില്‍ മൂന്നിലും രോഹിത് ശര്‍മയും സംഘവും ജയിച്ചു. കാനഡയ്‌ക്കെതിരായ അവസാന മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ, ഏഴ് പോയിന്‍റുമായി ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായാണ് ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയത്.
ബൗളര്‍മാര്‍ക്ക് ഏറെ ആനുകൂല്യം ലഭിച്ച അമേരിക്കയിലെ പിച്ചുകളിലായിരുന്നു ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ മത്സരങ്ങള്‍. എന്നാല്‍, ഇതിന് നേര്‍ വിപരീതമാണ് സൂപ്പര്‍ എട്ടിലെ സാഹചര്യം. കരീബിയൻ വേദികളില്‍ നടക്കുന്ന മത്സരങ്ങളില്‍ വമ്പൻ സ്കോറുകള്‍ പിറന്നേക്കാമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സൂപ്പര്‍ 8ലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും ഇതിനുള്ള സൂചനയും ലഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ടൂര്‍ണമെന്‍റിന്‍റെ ആദ്യ പാദത്തില്‍ താളം കണ്ടെത്താൻ മറന്ന വിരാട് കോലി ഉള്‍പ്പടെയുള്ള താരങ്ങളുടെ പ്രകടനം വരും മത്സരങ്ങളില്‍ ടീം ഇന്ത്യയ്‌ക്ക് നിര്‍ണായകമായേക്കും. ഇന്ന് അഫ്‌ഗാനിസ്ഥാനെ നേരിടാൻ ഇന്ത്യ ഇറങ്ങുന്ന കെൻസിങ്ടണ്‍ ഓവലിലെ വിക്കറ്റ് സ്പിന്നര്‍മാര്‍ക്ക് കാര്യമായ പിന്തുണ നല്‍കുന്നയിടമാണ്. ഈ സാഹചര്യത്തില്‍ അഫ്‌ഗാനിസ്ഥാന്‍റെ സ്പിൻ കരുത്തിനെതിരെ ഇന്ത്യൻ ബാറ്റര്‍മാര്‍ എങ്ങനെ കളിക്കുമെന്ന് കണ്ടറിയണം.
അതേസമയം, കഴിഞ്ഞ മത്സരങ്ങള്‍ കളിച്ച ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും ഇന്ന് മാറ്റത്തിനും സാധ്യതയുണ്ട്. സ്പിന്നിനെ തുണയ്‌ക്കുന്ന സാഹചര്യമായതുകൊണ്ട് തന്നെ ഒരു പേസറെ ഒഴിവാക്കി അധിക സ്പിന്നറെ ഇന്ന് ടീം കളിപ്പിച്ചേക്കാം. അങ്ങനെ വന്നാല്‍ രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം കുല്‍ദീപ് യാദവും ടീമിലേക്ക് എത്താനാണ് സാധ്യത.
മറുവശത്ത്, എഴുതി തള്ളാനാകുന്നവരല്ല അഫ്‌ഗാനിസ്ഥാൻ. ഈ ലോകകപ്പിന്‍റെ ആദ്യ റൗണ്ടില്‍ കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും ജയം നേടാൻ അവര്‍ക്കായി. ജയിച്ച മൂന്ന് കളിയിലും എതിരാളികളെ 100ല്‍ താഴെ റണ്ണിന് അഫ്‌ഗാൻ എറിഞ്ഞിട്ടിരുന്നു. ആതിഥേയരായ വെസ്റ്റ് ഇൻഡീസിനോട് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലായിരുന്നു അഫ്‌ഗാൻ തോല്‍വി വഴങ്ങിയത്.