ബെനോനി: അണ്ടർ 19 ലോകകപ്പ് (India U19 World Cup) ക്രിക്കറ്റ് സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഇന്ത്യയ്‌ക്ക് 245 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് 244 റണ്‍സടിച്ചത്. ( India vs South Africa Score Updates). അച്ചടക്കത്തോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബോളര്‍മാര്‍ക്കെതിരെ ഹുവാൻ ഡ്രെ പ്രിറ്റോറിയസ് (102 പന്തില്‍ 76) , റിച്ചാർഡ് സെലെറ്റ്‌സ്‌വെയ്‌ന്‍ (100 പന്തില്‍ 64) എന്നിവര്‍ നേടിയ അര്‍ധ സെഞ്ചുറികളാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് തുണയായത്.
സ്‌കോര്‍ ബോര്‍ഡില്‍ 23 റണ്‍സ് മാത്രം നില്‍ക്കെ ടീമിന് ആദ്യ വിക്കറ്റ് നഷ്‌ടമായി. 17 പന്തില്‍ 14 റണ്‍സെടുത്ത സ്റ്റീവ് സ്റ്റോക്കിനെ രാജ് ലിംബാനി വിക്കറ്റ് കീപ്പര്‍ ആരവെല്ലി അവനീഷിന്‍റെ കയ്യിലെത്തിച്ചു. തുടര്‍ന്നെത്തിയ ഡേവിഡ് ടീഗറിന് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല. വെറും രണ്ട് പന്തുകള്‍ മാത്രം നേരിട്ട ഡേവിഡിനെ ലിംബാനി ബൗള്‍ഡാക്കി.
നാലാം വിക്കറ്റില്‍ ഒന്നിച്ച ഹുവാൻ ഡ്രെ പ്രിറ്റോറിയസ്-റിച്ചാർഡ് സെലെറ്റ്‌സ്‌വെയ്‌ന്‍ സഖ്യം ദക്ഷിണാഫ്രിക്കയെ ഏറെ ശ്രദ്ധയോടെ മുന്നോട്ട് നയിച്ചു. 133 പന്തുകളില്‍ 72 റണ്‍സ് നേടി അപകടകരമായി മാറുകയായിരുന്നു ഈ കൂട്ടുകെട്ട് മുഷീര്‍ ഖാനാണ് പൊളിച്ചത്. ഹുവാൻ ഡ്രെ പ്രിറ്റോറിയസ് മുരുകന്‍ അഭിഷേകിന്‍റെ കയ്യില്‍ അവസാനിക്കുകയായിരുന്നു.
നാല് ഫോറുകളും മൂന്ന് സിക്‌സറുകളുമടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. പിന്നീടെത്തിയ ഒലിവർ വൈറ്റ്‌ഹെഡ് (34 പന്തില്‍ 22) റിച്ചാർഡ് സെലെറ്റ്‌സ്‌വെയ്‌നൊപ്പം 45 റണ്‍സിന്‍റെ കൂട്ടികെട്ടുയര്‍ത്തി. മുഷീര്‍ ഖാനായിരുന്നു വൈറ്റ്‌ഹെഡിനെ പുറത്താക്കിയത്.
ഡെവാൻ മറായിസിന് (7 പന്തില്‍ 3) പിടിച്ച് നില്‍ക്കാനായില്ലെങ്കിലും തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ജുവാൻ ജെയിംസിനൊപ്പം ആക്രമണത്തിന് തുനിഞ്ഞ റിച്ചാർഡ് സെലെറ്റ്‌സ്‌വെയ്‌നെ നമാന്‍ തിവാരി തിരിച്ച് കയറ്റി. നാല് ബൗണ്ടറികളും രണ്ട് സിക്‌സറുകളുമാണ് താരം നേടിയത്. തൊട്ടു പിന്നാലെ തന്നെ ജുവാൻ ജെയിംസിനെ (19 പന്തില്‍ 24) രാജ് ലിംബാനിയും മടക്കി. ട്രിസ്റ്റൻ ലൂസ് (12 പന്തില്‍ 23), റിലേ നോർട്ടൺ (7 പന്തില്‍ 7) എന്നിവര്‍ പുറത്താവാതെ നിന്നു. ഇന്ത്യയ്‌ക്കായി രാജ് ലിംബാനി (Raj Limbani ) മൂന്ന് വിക്കറ്റുകളും മുഷീര്‍ ഖാന്‍ രണ്ട് വിക്കറ്റുകളും വീഴ്‌ത്തി.
ഇന്ത്യ അണ്ടർ 19 (പ്ലേയിങ് ഇലവൻ): ആദർശ് സിങ്, അർഷിൻ കുൽക്കർണി, മുഷീർ ഖാൻ, ഉദയ് സഹാരണ്‍ (സി), പ്രിയാൻഷു മോലിയ, സച്ചിൻ ദാസ്, ആരവെല്ലി അവനീഷ്(ഡബ്ല്യു), മുരുകൻ അഭിഷേക്, രാജ് ലിംബാനി, നമൻ തിവാരി, സൗമി പാണ്ഡെ. India U19 (Playing XI).
ദക്ഷിണാഫ്രിക്ക അണ്ടർ 19 (പ്ലേയിങ് ഇലവൻ): ഹുവാൻ ഡ്രെ പ്രിട്ടോറിയസ് (ഡബ്ല്യു), സ്റ്റീവ് സ്റ്റോക്ക്, ഡേവിഡ് ടീഗർ, റിച്ചാർഡ് സെലെറ്റ്‌സ്‌വെയ്‌വന്‍, ദിവാൻ മറായിസ്, ജുവാൻ ജെയിംസ്(സി), ഒലിവർ വൈറ്റ്ഹെഡ്, റിലേ നോർട്ടൺ, ട്രിസ്റ്റൻ ലൂസ്, എൻകോബാനി മൊകൊയ്ന, ക്വെന മഫാക. South Africa U19 (Playing XI)