ബാര്‍ബഡോസ്: കുട്ടിക്രിക്കറ്റിന്‍റെ രാജാക്കന്മാരെ അറിയാൻ ഇനി ശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. ബാര്‍ബഡോസിലെ കെൻസിങ്ടണ്‍ ഓവല്‍ വേദിയാകുന്ന കലാശപ്പോരാട്ടം രാത്രി എട്ടിനാണ് ആരംഭിക്കുക. കിരീടക്ഷാമം അവസാനിപ്പിക്കാൻ ഇറങ്ങുന്ന ഇന്ത്യയും ആദ്യ കിരീടം തേടിയിറങ്ങുന്ന ദക്ഷിണാഫ്രിക്കയും കൊമ്പുകോര്‍ക്കുമ്പോള്‍ കലാശപ്പോരാട്ടത്തില്‍ തീപാറുമെന്നുറപ്പ്.
ഫൈനല്‍ പോരിനിറങ്ങുന്നത് ടൂര്‍ണമെന്‍റില്‍ ഉടനീളം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ രണ്ട് ടീമുകള്‍. ഒരു തോല്‍വി പോലും വഴങ്ങാതെയാണ് രണ്ട് ടീമും കലാശപ്പോരിനിറങ്ങുന്നത്. ഇന്ന് രാത്രി അവസാനിക്കുന്നതോടെ ഇതില്‍ ഒരു ടീമിന്‍റെ വിന്നിങ് സ്ട്രീക്ക് അവസാനിക്കും.
രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ടി20 ലോകകപ്പിനെത്തിയ ടീം ഇന്ത്യ പ്രാഥമിക റൗണ്ടിലും സൂപ്പര്‍ എട്ടിലും മൂന്ന് കളികള്‍ വീതം ജയിച്ചു. ഒരു മത്സരം മഴയെടുക്കുകയായിരുന്നു. പാകിസ്ഥാൻ, ഓസ്‌ട്രേലിയ, നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് എന്നിവരെ വീഴ്‌ത്തിയതിന്‍റെ ആത്മവിശ്വാസം ഇന്ത്യയ്‌ക്കുണ്ട്.
ബാറ്റിങ്ങില്‍ നായകൻ രോഹിത് ശര്‍മ, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവരിലാണ് ടീമിന്‍റെ പ്രതീക്ഷ. ടൂര്‍ണമെന്‍റില്‍ താളം കണ്ടാത്താത്ത വിരാട് കോലി കലാശപ്പോരില്‍ മികവ് കാട്ടുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. മോശം ഫോമില്‍ ആണെങ്കിലും ശിവം ദുബെയെ ടീമില്‍ നിന്നും മാറ്റാൻ സാധ്യതയില്ല. അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ടും ടീമിന് നിര്‍ണായകമാകും.
പേസ് ബൗളര്‍മാരെ തുണയ്‌ക്കുന്ന വിക്കറ്റാണ് കെൻസിങ്ടണ്‍ ഓവലില്‍. അതുകൊണ്ട് തന്നെ ജസ്‌പ്രീത് ബുംറ, അര്‍ഷ്‌ദീപ് സിങ് എന്നിവരുടെ പ്രകടനം ഇന്ത്യയ്‌ക്ക് നിര്‍ണായകമായേക്കും. മറുവശത്ത്, കഗിസോ റബാഡ, ആൻറിച്ച് നോര്‍ക്യ ഉള്‍പ്പടെയുള്ള പേസര്‍മാരെ ഇന്ത്യൻ ബാറ്റര്‍മാര്‍ എങ്ങനെ നേരിടുമെന്നും കണ്ടറിയണം.
Also Read : ദുബെയ്‌ക്ക് പകരം സഞ്ജു...?; ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ സാധ്യത ഇലവൻ - T20 WC FINAL INDIA PREDICTED XI