ഗയാന: ടി20 ലോകകപ്പ് കലാശപ്പോരിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ബാര്‍ബഡോസിലെ കെൻസിങ്ടണ്‍ ഓവല്‍ സ്‌റ്റേഡിയം വേദിയാകുന്ന മത്സരം നാളെ രാത്രി ഇന്ത്യൻ സമയം എട്ടിന് ആരംഭിക്കും. ടി20 ലോകകപ്പ് ചരിത്രത്തില്‍ രണ്ടാം കിരീടം തേടി ഇന്ത്യ ഇറങ്ങുമ്പോള്‍ ആദ്യ ഐസിസി ട്രോഫിയാണ് പ്രോട്ടീസിന്‍റെ ലക്ഷ്യം.
യുഎസിലും വിൻഡീസിലുമായി നടന്ന ടി20 ലോകകപ്പിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ചവെച്ച രണ്ട് ടീമുകളാണ് ഫൈനലില്‍ ഏറ്റുമുട്ടാനിറങ്ങുന്നത്. തോല്‍വികള്‍ ഒന്നുമറിയാതെയാണ് ഇരു ടീമും ഫൈനല്‍ വരെയെത്തിയത്. അതുകൊണ്ട് തന്നെ ഫൈനലില്‍ തുല്യശക്തികള്‍ പോരടിക്കുമ്പോള്‍ തീപാറും പോരാട്ടം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ് എയിലെയും ഡിയിലെയും ചാമ്പ്യന്മാരായാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക ടീമുകള്‍ സൂപ്പര്‍ എട്ടിലേക്ക് കടന്നത്. ആദ്യഘട്ടത്തില്‍ കളിച്ച നാല് മത്സരവും ദക്ഷിണാഫ്രിക്ക ജയിച്ചു. ഇന്ത്യയാകട്ടെ മൂന്ന് ജയം നേടിയപ്പോള്‍ കാനഡയ്‌ക്കെതിരായ ഒരു മത്സരം ഉപേക്ഷിക്കുകയായിരുന്നു.
സൂപ്പര്‍ എട്ടിലും രണ്ട് ടീമുകള്‍ക്കും മികവ് തുടരാനായി. ഗ്രൂപ്പ് ഒന്നില്‍ അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ ടീമുകളെ തകര്‍ത്ത ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ സെമി ഫൈനലില്‍ കടന്നു. ദക്ഷിണാഫ്രിക്കയാകട്ടെ ഇംഗ്ലണ്ട്, വെസ്‌റ്റ് ഇൻഡീസ്, യുഎസ്എ ടീമുകളെയാണ് സൂപ്പര്‍ എട്ടില്‍ തോല്‍പ്പിച്ചത്.
സൂപ്പര്‍ എട്ടിലെ ഒന്നാം ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ അഫ്‌ഗാനിസ്ഥാനെ സെമി ഫൈനലില്‍ 9 വിക്കറ്റിന് തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലില്‍ കടന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനെ 56 റണ്‍സില്‍ എറിഞ്ഞിടാൻ ദക്ഷിണാഫ്രിക്കൻ ബൗളര്‍മാര്‍ക്കായി. മറുപടി ബാറ്റിങ്ങില്‍ 8.5 ഓവറില്‍ ജയത്തിലേക്ക് എത്തുകയായിരുന്നു.
രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 68 റണ്‍സിന്‍റെ ജയം നേടിയാണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റെടുത്തത്. ഗയാനയിലെ പ്രൊവിഡൻസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 171 റണ്‍സ് നേടുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 103 റണ്‍സില്‍ എറിഞ്ഞൊതുക്കുകയുമായിരുന്നു.