നസ്സൗ (ബഹാമസ്): പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടി ഇന്ത്യൻ വനിത-പുരുഷ റിലേ ടീമുകള്‍. 4x400 മീറ്റര്‍ റിലേ ടീമുകളാണ് ഈ വര്‍ഷം പാരിസ് വേദിയാകുന്ന ലോക കായിക മാമാങ്കത്തിന് യോഗ്യത നേടിയത്. യോഗ്യത റൗണ്ടില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇരു ടീമുകളുടെയും മുന്നേറ്റം.
രുപാല്‍ ചൗധരി, എംആര്‍ പൂവമ്മ, ജ്യോതിക ശ്രീ ഡണ്ഡി, ശുഭ വെങ്കടേശന്‍ എന്നിവരുടെ ടീമാണ് വനിത വിഭാഗത്തില്‍ ഒളിമ്പിക്‌സ് യോഗ്യത സ്വന്തമാക്കിയത്. വനിത വിഭാഗത്തില്‍ ജമൈക്കൻ സംഘത്തിനാണ് ഒന്നാം സ്ഥാനം.
മൂന്ന് മലയാളികള്‍ അടങ്ങിയ പുരുഷ ടീമാണ് പാരിസ് ഒളിമ്പിക്‌സ് യോഗ്യത സ്വന്തമാക്കിയത്. മലയാളികളായ മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍ എന്നിവര്‍ക്കൊപ്പം ആരോഗ്യ രാജീവുമാണ് പുരുഷ ടീമില്‍ ഉണ്ടായിരുന്നത്. അമേരിക്കയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു ഇന്ത്യൻ ടീം യോഗ്യത റൗണ്ടില്‍ ഫിനിഷ് ചെയ്‌തത്.
ഇതോടെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് വിഭാഗത്തില്‍ പാരിസ് ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കിയ ഇന്ത്യൻ താരങ്ങളുടെ എണ്ണം 19 ആയി. ഒളിമ്പിക്‌സിലെ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ വരുന്ന ഓഗസ്‌റ്റ് ഒന്ന് മുതലാണ് ആരംഭിക്കുക.