കൊളംബോ: വനിത ഏഷ്യ കപ്പ് ടി20യില്‍ അവസാന ഗ്രൂപ്പ് മത്സരത്തിൽ നേപ്പാളിനെ 82 റൺസിന് തകർത്ത് ഇന്ത്യ സെമിയിൽ. ധാംബുള്ള രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ഇന്ത്യ തോല്‍വിയറിയാതെ വിജയകുതിപ്പ് തുടരുന്നത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടിയപ്പോള്‍ നേപ്പാളിന്‍റെ മറുപടി 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സില്‍ അവസാനിച്ചു.
ഓപ്പണർ ഷഫാലി വർമയുടെ അർധസെഞ്ചറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഷഫാലി 48 പന്തിൽ 81 റൺസെടുത്ത് പുറത്തായി. സഹ ഓപ്പണർ ഡി ഹേമലത 42 പന്തിൽ 47 റൺസും നേടി. അവസാന ഓവറുകളില്‍ 15 പന്തിൽ പുറത്താകാതെ 28 റൺസ് നേടിയ ജെമിമ റോഡ്രിഗസാണ് ഇന്ത്യയെ 175 റൺസ് മറികടക്കാൻ സഹായിച്ചത്.
നേപ്പാളിനായി ഓപ്പണർ സീതാ റാണാ നഗറാണ് 18 റൺസ് നേടി ടോപ് സ്‌കോററായത്. ഇന്ത്യയ്‌ക്കായി ദീപ്‌തി ശർമ്മ 13റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി, രാധാ യാദവ് 12 വഴങ്ങി രണ്ടുവിക്കറ്റും, അരുന്ധതി റെഡ്ഡി 28 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും, രേണുക സിംഗ് താക്കൂർ 15 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. ഷഫാലി വർമ്മ പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്.