കേപ്‌ടൗണ്‍: ഇന്ത്യയുടെ റണ്‍ മെഷീനാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli). ഇന്ത്യയ്‌ക്കായുള്ള മിന്നും പ്രകടനങ്ങളിലൂടെ താരം സ്വന്തം പേരില്‍ ചേര്‍ത്ത റെക്കോഡുകള്‍ നിരവധിയാണ്. തന്‍റെ തലമുറയിലെയും മറ്റ് തലമുറയിലെയും നിരവധി ബാറ്റർമാരുമായി ആരാധകരും വിദഗ്‌ധരും 35-കാരനെ താരമത്യം ചെയ്യാറുണ്ട്. ഇക്കൂട്ടത്തില്‍ ഒന്നാണ് മിസ്റ്റര്‍ 360 ഡിഗ്രിയെന്ന് വിളിപ്പേരുള്ള ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സ് - വിരാട് കോലി താരതമ്യം.
ഇപ്പോഴിതാ ഇവരില്‍ ആരാണ് മികച്ച താരമെന്ന ചോദ്യത്തിന് ഉത്തരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണറായ ഹെർഷൽ ഗിബ്‌സ് (Herschelle Gibbs). കോലിയല്ലാതെ മറ്റാരെന്നാണ് ഹെർഷൽ ഗിബ്‌സ് ചോദിക്കുന്നത്. ലക്ഷ്യം പിന്തുടരുമ്പോള്‍ കോലിയോളം റണ്‍സ് ദാഹം മറ്റൊരാള്‍ക്കുമില്ലെന്നും ഡിവില്ലിയേഴ്‌സിന്‍റെ (AB de Villiers) സഹതാരം കൂടിയായിരുന്ന 50-കാരന്‍ ചൂണ്ടിക്കാട്ടി.
വിരാട് കോലി ചേസ് മാസ്റ്റര്‍: "വിരാട് കോലി ഒരു ബാറ്റിങ് പ്രതിഭയാണ്. റണ്‍സ് നേടാനായി അതിയായ ദാഹവും ആഗ്രഹവുമാണ് അവനുള്ളത്. പ്രത്യേകിച്ച്, ഏകദിന മത്സരങ്ങളിൽ ചേസിങ്ങിന് ഇറങ്ങുമ്പോള്‍.
അവിടെയാണ് കോലിയും എബിയും (ഡിവില്ലിയേഴ്‌സ്) തമ്മിലുള്ള പ്രധാന വ്യത്യാസം നിങ്ങള്‍ക്ക് കാണാന്‍ കഴിയുക. എബിയ്‌ക്ക് ഏകദിനത്തില്‍ മികച്ച റെക്കോഡുണ്ട്. എന്നാല്‍ ആദ്യം ബാറ്റ് ചെയ്യുമ്പോഴാണ് അവന്‍ ഏറെയും റണ്‍സ് നേടിയിട്ടുള്ളത്. എന്നാല്‍ കോലി ചേസ് മാസ്റ്ററാണ്"- ഗിബ്‌സ് പറഞ്ഞു.
ഏകദിനത്തില്‍ 152 ഇന്നിങ്‌സുകളില്‍ രണ്ടാമത് ബാറ്റ് ചെയ്‌ത വിരാട് കോലി 65.49 ശരാശരിയില്‍ 7794 റണ്‍സ് അടിച്ച് കൂട്ടിയിട്ടുണ്ട്. 40 അര്‍ധ സെഞ്ചുറികളും 27 സെഞ്ചുറികളുമടക്കമാണ് കോലിയുടെ പ്രകടനം. 103 ഇന്നിങ്‌സുകളില്‍ ചേസിങ്ങിന് ഇറങ്ങിയ ഡിവില്ലിയേഴ്‌സ് 56.81 ശരാശരിയില്‍ 4204 റണ്‍സാണ് നേടിയിട്ടുള്ളത്. 28 ഫിഫ്‌റ്റികളും ഏഴ് സെഞ്ചുറികളുമാണ് താരത്തിന്‍റെ പട്ടികയിലുള്ളത്.
അതേസമയം ഇന്ത്യന്‍ ടീമില്‍ നിന്നും അവധിയെടുത്ത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് വിരാട് കോലി. വ്യക്തിപരമായ കാരണങ്ങളാലാണ് വിരാട് കോലിയുടെ പിന്മാറ്റം. താരത്തിന്‍റെ തീരുമാനത്തെ പിന്തുണയ്‌ക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായി ബിസിസിഐ അറിയിച്ചിരുന്നു.
ALSO READ: ബെന്‍ സ്റ്റോക്‌സിന് പറ്റിയത് ആന മണ്ടത്തരം ; റാഞ്ചിയിലെ പിഴവ് ചൂണ്ടിക്കാട്ടി ജെഫ്രി ബോയ്‌കോട്ട്
ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം ഇതാദ്യമാണ് വിരാട് കോലി ഒരു പരമ്പരയില്‍ നിന്നും പൂര്‍ണമായി വിട്ടു നില്‍ക്കുന്നത്. അടുത്തിടെ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും (Anushka Sharma) വരേറ്റിരുന്നു. ആണ്‍കുഞ്ഞിന് 'അകായ്' (Akaay) എന്നാണ് പേരിട്ടിരിക്കുന്നതെന്ന് ആരാധകരുടെ ആശംസ തേടിയുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ 'വീരുഷ്‌ക' ദമ്പതികള്‍ അറിയിച്ചിരുന്നു.
നടക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ 35-കാരന്‍ കളിക്കളത്തിലേക്ക് തിരികെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാര്‍ച്ച് 22-നാണ് ഐപിഎല്‍ 2024 ആരംഭിക്കുന്നത്. റോയല്‍ ബാംഗ്ലൂര്‍ ചലഞ്ചേഴ്‌സിന്‍റെ നെടുന്തൂണാണ് കോലി.