മുംബൈ : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയെ ഇന്ത്യന്‍ ടീമിന് ആവശ്യമാണെന്ന് കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ (Harsha Bhogle On Jasprit Bumrah). രാജ്‌കോട്ടില്‍ ഫെബ്രുവരി 15ന് ആരംഭിക്കുന്ന മത്സരത്തില്‍ ബുംറയ്‌ക്ക് ബിസിസിഐ വിശ്രമം അനുവദിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്ത ലത്തിലാണ് ഭോഗ്‌ലെയുടെ പ്രതികരണം. ബാറ്റിങ്ങിനെ പിന്തുണയ്‌ക്കുന്ന രാജ്‌കോട്ടില്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന് ബുംറയുടെ സേവനം അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി (India vs England 3rd Test).
'ജസ്‌പ്രീത് ബുംറയ്‌ക്ക് വിശ്രമം നല്‍കാനാണ് ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനമെങ്കില്‍ മറ്റ് ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. ബാറ്റിങ്ങിനെ മികച്ച രീതിയില്‍ പിന്തുണയ്‌ക്കുന്ന ഒരു സ്ഥലത്ത് ബുംറയുടെ മികവിന് പകരം വയ്‌ക്കാന്‍ സാധിക്കുന്നതല്ല. ബാറ്റര്‍മാരെ സഹായിക്കുന്ന ട്രാക്കാണ് രാജ്‌കോട്ടിലേത്.
ഒരാഴ്‌ചയിലേറെ വിശ്രമം ബുംറയ്‌ക്ക് ലഭിച്ചു. രാജ്‌കോട്ടില്‍ ബുംറയെ കളിപ്പിക്കുകയും റാഞ്ചിയില്‍ വിശ്രമം അനുവദിക്കുകയും ചെയ്‌ത് ധര്‍മശാലയിലെ മത്സരത്തിനായി താരത്തെ തയ്യാറാക്കുകയും ചെയ്യുന്നതായിരിക്കും മികച്ച തീരുമാനം'- ഹര്‍ഷ ഭോഗ്‌ലെ എക്‌സില്‍ കുറിച്ചു.
പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ജസ്‌പ്രീത് ബുംറ സ്ഥാനം പിടിച്ചിരുന്നു. ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ രണ്ട് ഇന്നിങ്‌സില്‍ നിന്നും ആറ് വിക്കറ്റാണ് താരം നേടിയത്. മത്സരത്തിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ 8.3 ഓവര്‍ പന്തെറിഞ്ഞ ബുംറ 2 വിക്കറ്റായിരുന്നു വീഴ്‌ത്തിയത്.
രണ്ടാം ഇന്നിങ്‌സില്‍ 16.1 ഓവര്‍ പന്തെറിഞ്ഞ് 4 വിക്കറ്റ് വീഴ്‌ത്താനും ബുംറയ്‌ക്ക് സാധിച്ചു. വിശാഖപട്ടണത്ത് നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കാണ് ബുംറ വഹിച്ചത്. 9 വിക്കറ്റുകളാണ് ഇന്ത്യന്‍ പേസര്‍ രണ്ട് ഇന്നിങ്‌സില്‍ നിന്നായി എറിഞ്ഞിട്ടത്.
32 ഓവറുകളായിരുന്നു വിശാഖപട്ടണത്ത് ബുംറ എറിഞ്ഞത്. ഇതിന് പിന്നാലെ, കളിക്കളത്തില്‍ ജോലിഭാരം കൂടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ടീം മാനേജ്‌മെന്‍റ് താരത്തിന് വിശ്രമം അനുവദിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. അതേസമയം, ജസ്‌പ്രീത് ബുംറയുടെ നിലപാട് വന്ന ശേഷമായിരിക്കും ടീം മാനേജ്‌മെന്‍റ് അന്തിമ തീരുമാനമെടുക്കുക.
അതേസമയം, ജസ്‌പ്രീത് ബുംറയ്‌ക്ക് രാജ്‌കോട്ടില്‍ വിശ്രമം അനുവദിച്ചാല്‍ പേസര്‍ മുഹമ്മദ് സിറാജാകും ഇന്ത്യന്‍ ബൗളിങ് നിരയെ നയിക്കുക. വിശാഖപട്ടണത്ത് നടന്ന രണ്ടാം മത്സരത്തില്‍ സിറാജ് കളിച്ചിരുന്നില്ല. ഹൈദരാബാദിലെ ആദ്യ മത്സരത്തിന് ശേഷം രണ്ടാം ടെസ്റ്റിന് മുന്‍പ് താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു.