മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ശ്രീലങ്കന്‍ പര്യടനത്തില്‍ സഞ്ജു സാംസണെ ഏകദിന ടീമില്‍ നിന്നും അഭിഷേക് ശര്‍മയെ ടി20 ടീമില്‍ നിന്നും ഒഴിവാക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. അവസാനം കളിച്ച ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ മണ്ണില്‍ സെഞ്ചുറി അടിച്ച താരമാണ് സഞ്‌ജു. എന്നാല്‍ ശ്രീലങ്കയ്‌ക്ക് എതിരായ വൈറ്റ് ബോള്‍ പരമ്പരയില്‍ ടി20 ടീമില്‍ മാത്രമാണ് മലയാളി താരത്തിന് ഇടം ലഭിച്ചിരിക്കുന്നത്.
ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലേക്ക് എത്തിയ അഭിഷേക് കഴിഞ്ഞ സിംബാബ്‌വെ പര്യടനത്തിലൂടെ രാജ്യത്തിനായി ടി20 അരങ്ങേറ്റം നടത്തിയ താരമാണ്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ തന്നെ താരം സെഞ്ചുറിയുമായി തിളങ്ങുകയും ചെയ്‌തു. എന്നാല്‍ തൊട്ടടുത്ത ടി20 പരമ്പയില്‍ നിന്നു തന്നെ അഭിഷേകിന് പുറത്തിരിക്കേണ്ടി വന്നിരിക്കുകയാണ്.
Hard to understand why @yuzi_chahal @IamAbhiSharma4 @IamSanjuSamson are not part of the Indian Team for Sri Lanka 🙄
— Harbhajan Turbanator (@harbhajan_singh) July 19, 2024
സെലക്‌ടര്‍മാരുടെ നടപടിയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് ചേര്‍ന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്. സെലക്‌ടര്‍മാരുടെ തീരുമാനം മനസിലാക്കുക എന്നത് 'കഠിനമാണ്' എന്നാണ് ഹര്‍ഭജന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചിരിക്കുന്നത്. പരമ്പരയില്‍ ഇടം ലഭിക്കാതെ പോയ വെറ്ററന്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന്‍റെ പേരും ചേര്‍ത്തുകൊണ്ടാണ് ഹര്‍ഭജന്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.
അതേസമയം ശ്രീലങ്കയ്‌ക്ക് എതിരെ മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ഇന്ത്യന്‍ ടീമിന്‍റെ മുഖ്യപരിശീലകന്‍ എന്ന നിലയില്‍ ഗൗതം ഗംഭീറിന്‍റെ അരങ്ങേറ്റ പരമ്പരയാണിത്. ടി20യില്‍ നിന്നും വിരമിച്ച രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി സൂര്യകുമാര്‍ യാദവിനെയാണ് സെലക്‌ടര്‍മാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പിലടക്കം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കിയാണ് ബിസിസിഐ സൂര്യയ്‌ക്ക് ചുമതല നല്‍കിയിരിക്കുന്നത്. രോഹിത് ശര്‍മയാണ് ഏകദിന മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കുന്നത്.