ധരംശാല: ടി20 കരിയറില്‍ ചരിത്രത്തില്‍ ആദ്യമായാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മുൻ നായകൻ എംഎസ് ധോണി ഒൻപതാം നമ്പറില്‍ ബാറ്റ് ചെയ്യാനായി ക്രീസിലേക്ക് എത്തിയത്. ഇന്നലെ (മെയ് 6) ധരംശാലയില്‍ പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തിലായിരുന്നു ധോണിയുടെ ഈ നീക്കം. എന്നാല്‍, പുതിയൊരു പൊസിഷനില്‍ ബാറ്റ് ചെയ്യാനെത്തിയ താരത്തിന് റണ്‍സ് നേടാൻ സാധിച്ചിരുന്നില്ല.
ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ 19-ാം ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ധോണി ക്ലീൻ ബൗള്‍ഡ് ആകുകയായിരുന്നു. ശര്‍ദുല്‍ താക്കൂറിന്‍റെ വിക്കറ്റിന് പിന്നാലെയെത്തിയ ധോണി അതിവേഗം മടങ്ങിയത് ആരാധകരെയും നിരാശരാക്കിയിരുന്നു. എന്നാല്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ ഈ തീരുമാനത്തില്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം ഹര്‍ഭജൻ സിങ്.
ഒമ്പതാം നമ്പറിലാണ് ധോണി ബാറ്റ് ചെയ്യാൻ എത്തുന്നതെങ്കില്‍ ചെന്നൈയുടെ പ്ലേയിങ് ഇലവനില്‍ ഒരു ഫാസ്റ്റ് ബൗളറെ ഉള്‍പ്പെടുത്തുന്നതാണ് നല്ലെതെന്ന് ഹര്‍ഭജൻ അഭിപ്രായപ്പെട്ടു. ഒമ്പതാം നമ്പറിലാണ് ബാറ്റ് ചെയ്യാൻ വരുന്നതെങ്കില്‍ ധോണി കളിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹര്‍ഭജന്‍റെ പ്രതികരണം ഇങ്ങനെ...
'ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യാനാണെങ്കില്‍ എംഎസ് ധോണി കളിക്കരുത്. അതിനേക്കാള്‍ നല്ലത് ഒരു ഫാസ്റ്റ് ബൗളറെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതാകും. ടീമിന് വേണ്ടി തീരുമാനങ്ങളെടുക്കുന്ന വ്യക്തിയാണ് ധോണി, അതുകൊണ്ട് തന്നെ അങ്ങനെയൊരാള്‍ ബാറ്റിങ്ങിന് ഇറങ്ങാതെ ടീമിനെ പ്രയാസപ്പെടുത്താൻ പാടില്ല.
ധോണിയ്‌ക്ക് മുന്‍പാണ് ശര്‍ദുല്‍ താക്കൂര്‍ ക്രീസിലേക്ക് എത്തിയത്. താക്കൂറിന് ഒരിക്കലും ധോണി കളിക്കുന്നത് പോലുള്ള ഷോട്ടുകള്‍ കളിക്കാൻ സാധിച്ചെന്ന് വരില്ല. ഇങ്ങനെയൊരു തീരുമാനം എന്തുകൊണ്ടാണ് ധോണിയെടുത്തെതെന്നും എനിക്ക് അറിയില്ല.
ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ധോണിയുടെ അനുവാദമില്ലാതെ ഒരു കാര്യവും സംഭവിക്കില്ല. അദ്ദേഹത്തെ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറക്കാനുള്ള തീരുമാനം മറ്റാരുടെയെങ്കിലും ആണെന്ന കാര്യവും എനിക്ക് വിശ്വസിക്കാൻ സാധിക്കില്ല. ഇവിടെ ചെന്നൈയ്‌ക്ക് വേഗത്തില്‍ റണ്‍സ് കണ്ടെത്തേണ്ടതായിട്ടുണ്ടായിരുന്നു.
മുന്‍പത്തെ കളികളില്‍ ധോണി ആ ജോലി ഭംഗിയായി ചെയ്‌തിട്ടുമുണ്ട്. പഞ്ചാബ് കിങ്‌സിനെതിരായ ഇതുപോലൊരു നിര്‍ണായക മത്സരത്തില്‍ പിന്നിലേക്ക് ഇറങ്ങി കളിക്കാനുള്ള ധോണിയുടെ തീരുമാനം ഞെട്ടിക്കുന്നതാണ്. '- ഹര്‍ഭജൻ പറഞ്ഞു.
അതേസമയം, പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ 28 റണ്‍സിന്‍റെ ജയമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. ചെന്നൈ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 139 റണ്‍സ് അടിക്കാനെ സാധിച്ചുള്ളു. 2021ന് ശേഷം പഞ്ചാബ് കിങ്‌സിനെതിരെ ചെന്നൈ നേടുന്ന ആദ്യത്തെ ജയം കൂടിയായിരുന്നു ഇന്നലത്തേത്.
Read More : ധര്‍മ്മശാലയില്‍ ജഡ്ഡു ഷോ; പഞ്ചാബിനെ തകര്‍ത്ത് പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി ചെന്നൈ - PBKS Vs CSK Result