അഹമ്മദാബാദ് : ഹോം ഗ്രൗണ്ടില്‍ സീസണിലെ മൂന്നാം ജയം ലക്ഷ്യമിട്ട് ഗുജറാത്ത് ടൈറ്റൻസ് ഇന്ന് ഇറങ്ങും. വിജയവഴിയില്‍ തിരിച്ചെത്താൻ പൊരുതുന്ന പഞ്ചാബ് കിങ്‌സാണ് ഗില്ലിന്‍റെയും കൂട്ടരുടെയും എതിരാളികള്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്.
മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയം സ്വന്തമായുള്ള ടൈറ്റൻസ് പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍. ആദ്യ കളി ജയിച്ചെങ്കിലും പിന്നീട് കളിച്ച രണ്ട് മത്സരവും പരാജയപ്പെട്ട പഞ്ചാബ് കിങ്‌സ് ഏഴാം സ്ഥാനത്തും. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ മുന്നിലേക്ക് കുതിക്കാൻ ഇരു ടീമും ഇറങ്ങുമ്പോള്‍ അഹമ്മദാബാദില്‍ തീപാറും പോരാട്ടം പ്രതീക്ഷിക്കാം.
കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ടൈറ്റൻസ്. ബൗളര്‍മാരുടെ മികവിലാണ് ഗുജറാത്തിന്‍റെ കുതിപ്പ്. പവര്‍പ്ലേയില്‍ അസ്‌മത്തുള്ള ഒമര്‍സായും ഡെത്ത് ഓവറുകളില്‍ മോഹിത് ശര്‍മയും ടൈറ്റൻസിനായി നന്നായി പന്തെറിയുന്നു.
റാഷിദ് ഖാൻ, സായ് കിഷോര്‍ എന്നിവര്‍ ബാറ്റര്‍മാരെ കറക്കി വീഴ്‌ത്തുന്നതിലും കേമന്മാര്‍. ഹൈദരാബാദിനെതിരായ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാന്‍റെ മൂന്ന് താരങ്ങളുമായിട്ടാണ് ഗുജറാത്ത് കളിക്കാനിറങ്ങിയത്. ഇന്ന് പഞ്ചാബിനെ നേരിടാൻ ഇറങ്ങുമ്പോഴും ഇവര്‍ മൂവര്‍ക്കും പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചേക്കും.
എന്നാല്‍, കഴിഞ്ഞ കളിയില്‍ മായങ്ക് യാദവിന്‍റെ പേസിന് മുന്നില്‍ പഞ്ചാബ് തകര്‍ന്നത് കൊണ്ട് സ്‌പിന്നര്‍ നൂര്‍ അഹമ്മദിന് പകരം സ്‌പെൻസര്‍ ജോണ്‍സണെ കളിപ്പിക്കുമോ എന്ന് കണ്ടറിയണം. ശുഭ്‌മാൻ ഗില്‍, ഡേവിഡ് മില്ലര്‍, സായ് സുദര്‍ശൻ എന്നിവരുടെ ബാറ്റിലാണ് ഗുജറാത്തിന്‍റെ റണ്‍സ് പ്രതീക്ഷ. ഫോമിലേക്ക് എത്താത്ത വിജയ് ശങ്കറിന് പകരം ഷാരൂഖ് ഖാനെ ടൈറ്റൻസ് ടീമില്‍ ഉള്‍പ്പെടുത്തുമോ എന്ന് കണ്ടറിയേണ്ടതാണ്.
മറുവശത്ത്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോട് ജയം ഉറപ്പിച്ചെന്ന് തോന്നിപ്പിച്ച മത്സരം കൈവിട്ടാണ് പഞ്ചാബ് കിങ്‌സിന്‍റെ വരവ്. തുടര്‍ച്ചയായ മൂന്നാ തോല്‍വി ഒഴിവാക്കുക എന്ന ലക്ഷ്യമാണ് ശിഖര്‍ ധവാനും സംഘത്തിനും. പ്രധാന താരങ്ങളുടെ ഫോമില്ലായ്‌മയാണ് പഞ്ചാബിന് തലവേദന.
ശിഖര്‍ ധവാനും ജോണി ബെയര്‍സ്റ്റോയും കഴിഞ്ഞ കളിയില്‍ റണ്‍സ് കണ്ടെത്തിയത് ടീമിന് ആശ്വാസമാണ്. സാം കറന്‍, ലിയാം ലിവിങ്‌സ്റ്റണ്‍ എന്നിവരുടെ സ്ഥിരതയില്ലായ്‌മ ടീമിന്‍റെ മധ്യനിരയെ കൂടുതല്‍ ദുര്‍ബലമാക്കിയിട്ടുണ്ട്. ബൗളിങ്ങില്‍ ഹര്‍ഷല്‍ പട്ടേലും രാഹുല്‍ ചഹാറും തല്ലുവാങ്ങി കൂട്ടുന്നതും ടീമിന്‍റെ പ്രകടനങ്ങളെ കാര്യമായാണ് ബാധിച്ചിരിക്കുന്നത്.
Also Read : ആളറിഞ്ഞ് കളിക്കട...! റസലിനെ വീഴ്‌ത്തി ഇഷാന്ത് ശര്‍മയുടെ 'തീപ്പൊരി' യോര്‍ക്കര്‍ - Ishant Sharma Yorker
ഗുജറാത്ത് ടൈറ്റൻസ് സാധ്യത ടീം: ശുഭ്‌മാൻ ഗില്‍ (ക്യാപ്‌റ്റൻ), വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശൻ, അസ്‌മത്തുള്ള ഒമര്‍സായി, വിജയ് ശങ്കര്‍/ഷാരൂഖ് ഖാൻ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാൻ, നൂര്‍ അഹമ്മദ്/ സ്‌പെൻസര്‍ ജോണ്‍സണ്‍, ഉമേഷ് യാദവ്, ദര്‍ശൻ നല്‍കണ്ടെ, മോഹിത് ശര്‍മ.
പഞ്ചാബ് കിങ്‌സ് സാധ്യത ടീം: ശിഖര്‍ ധവാൻ (ക്യാപ്‌റ്റൻ), ജോണി ബെയര്‍സ്റ്റോ, പ്രഭ്‌സിമ്രാൻ സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സാം കറൻ, ലിയാം ലിവിങ്‌സ്റ്റണ്‍, ശശാങ്ക് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഹര്‍പ്രീത് ബ്രാര്‍, കഗിസോ റബാഡ, അര്‍ഷ്‌ദീപ് സിങ്.